കല്പക ഫാമിന്റെ വിജയം
ദീപക് കൃഷ്ണൻ
ചേർത്തല പാണാവള്ളിയിലാണ് എട്ടു കൊല്ലം മുമ്പ് തുടങ്ങിയ ഏഴുപേരുടെ സംരംഭമായ ‘കല്പക ഫാം’. ഓടമ്പള്ളിയിലെ ഈ ഫാമിലേക്ക് വരു, തൊഴുത്തിലും തൊടിയിലും പശുക്കൾ… നിറയെ മരങ്ങളുള്ള പറമ്പിൽ ഓടിക്കളിക്കുന്ന കിടാങ്ങൾ… ഗൃഹാതുരത്വമുണർത്തി മാസസികോല്ലാസം നൽകുന്ന അന്തരീക്ഷം.
ചേർത്തല പാണാവള്ളിയിലെ ഓടമ്പള്ളി സ്ക്കൂളിനടുത്താണ് ഏഴുപേരുടെ സംരംഭമായ ‘കല്പക ഫാം’.എട്ടു കൊല്ലം മുമ്പ് ചെറിയ മുതൽമുടക്കിൽ തുടങ്ങിയ ഫാമിൽ ഇപ്പോൾ 28 പശുക്കളും ആറ് കിടാങ്ങളുമുണ്ട്. ദിവസവും 200 ലിറ്റർ പാൽ വില്പന നടത്തുന്നു.

“ഞങ്ങൾ സുഹൃത്തുക്കൾഏഴുപേർ ഒരിക്കൽ നടത്തിയ സായാഹ്ന ചർച്ചയിലൂടെയാണ് ഈ ഫാമിന്റെ ജനനം. സംഗതി മോശമല്ലെന്ന് കണ്ടപ്പോൾ എല്ലാവരും ചേർന്ന് 20 ലക്ഷം രൂപ മുതൽമുടക്കി. സുഹൃത്തുക്കളിൽ ഒരാൾക്ക് ഫാമിന് പറ്റിയ സ്ഥലവും ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി.രണ്ടു മാസത്തിനകം ഫാം തുടങ്ങി. നന്നായി ആസൂത്രണം ചെയ്ത് നടത്തിക്കൊണ്ടു പോയാൽ പശുവളർത്തലിൽ നിന്ന് നല്ല ലാഭമുണ്ടാക്കാം” – സംരംഭകരിൽ ഒരാളായ സി.പി. ഹരിദാസ് പറയുന്നു.

ഫാം തുടങ്ങാനുള്ള ആശയം മുന്നോട്ടുവെച്ചപ്പോൾ ക്ഷീര വികസന വകുപ്പിൽ നിന്നുള്ള സഹായം കിട്ടി. മൃഗ സംരക്ഷണ വകുപ്പിൽ നിന്നും കൈത്താങ്ങുണ്ടായി. അഞ്ച് ലക്ഷം രൂപ മുടക്കി 30 പശുക്കളെ വളർത്താനുള്ള ഫാം നിർമ്മിച്ചു. കറവ യന്ത്രം, തണുപ്പ് നൽകുന്ന മിസ്റ്റ് ,പശുക്കൾക്ക് ചവിട്ടി നിൽക്കാനുള്ള റബ്ബർമാറ്റ്, കുടിക്കുന്ന വെള്ളത്തിനായി ഓട്ടോമാറ്റിക് സംവിധാനം എന്നിവയുണ്ടാക്കി.തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പോയി ചെറുകിട ക്ഷീര കർഷകരിൽ നിന്നാണ് പശുക്കളെ വാങ്ങിക്കൊണ്ടു വന്നത്.എച്ച്.എഫ്, ജെഴ്സി, സ്വിസ് ബ്രൗൺ എന്നിങ്ങനെ പത്ത് പശുക്കളെയാണ് അന്ന് വാങ്ങിയത്.ഒന്നിന് 60000 രൂപ വരെ കൊടുക്കേണ്ടി വന്നു. ഫാമിൽ ജോലി ചെയ്ത ഒരാളെ പശു പരിപാലനത്തിനും കറവയ്ക്കുമായി കിട്ടി.

സംരംഭകരിൽ ഒരാളായ എസ്.കൃഷ്ണൻ കുട്ടി നായരുടെ പറമ്പിൽ ഫാം പണിത സ്ഥലത്ത് ഇഷ്ടം പോലെ സ്ഥലമുണ്ട്. നാടൻ രീതിയിൽ പശുക്കളെ പുറത്ത് മരത്തണലിൽ അഴിച്ചു കെട്ടും. കിടാങ്ങളും ഇതോടൊപ്പമുണ്ടാകും. രണ്ടേക്കർ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്. പക്ഷെ ഇത് തികയില്ല. എറണാകുളത്തു നിന്ന് പച്ചപ്പുല്ല് വാഹനത്തിൽ എത്തിച്ചു തരുന്നതും പാലക്കാട്, വെച്ചൂർ ഭാഗത്തു നിന്നുള്ള വൈക്കോലും വാങ്ങിയാണ് പുല്ലിന്റെ ക്ഷാമം നികത്തുന്നത്. ചാണകത്തിൽ നിന്ന് പാചകവാതകം ഉണ്ടാക്കുന്നുണ്ട്. ഇവിടെ താമസിച്ച് പശുക്കളെ നോക്കുന്ന രണ്ട് കറവക്കാർ പാചകത്തിന് ഇതാണ് ഉപയോഗിക്കുന്നത്.

ഫാം തുടങ്ങിയതോടെ പാൽ, ചാണകം എന്നിവയുടെ വില്പനക്കായി കല്പക ഏജൻസീസ് എന്ന പേരിൽ കട തുടങ്ങി. ഇപ്പോൾ കിട്ടുന്ന 200 ലിറ്റർ പാലിൽ പകുതിയും ഇവിടെ നിന്നാണ് നാട്ടിൽ വില്പന നടത്തുന്നത്. ബാക്കി മിൽമയുടെ സൊസൈറ്റിക്ക് കൊടുക്കും. കടയിൽ രാവിലെ അഞ്ചു മണി മുതലാണ് വില്പന.ലിറ്ററിന് 50 രൂപയാണ് വില. ചാക്കിൽ നിറച്ച

ചാണകം 40 രൂപ തോതിൽ വില്പന നടത്തുന്നുണ്ട്. കാലിത്തീറ്റ വില്പനയുമുണ്ട്. “പശുക്കളെ നന്നായി പരിപാലിച്ചാൽ പാൽ കൂടുതൽ കിട്ടും. തൈര്, മോര്, നെയ്യ്, ചാണകം, കമ്പോസ്റ്റ് വളം എന്നിവയുടെ വില്പനയിലൂടെ വരുമാനം കൂട്ടാൻ സാധിക്കും. കാലിത്തീറ്റ വില വർദ്ധന പച്ചപ്പുല്ല് കിട്ടാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളുണ്ട്. ഫാമിലേക്ക് ആവശ്യമായ പച്ചപ്പുല്ല് നമുക്ക് തന്നെ ഉല്പാദിപ്പിക്കാൻ കഴിയണം.ഫാം നടത്തിക്കൊണ്ടുപോകാനും തീറ്റപ്പുല്ലും കാലിത്തീറ്റയും സമയത്തിന് എത്തിക്കാനും കഴിഞ്ഞാൽ ഇത് ലാഭകരമായി യുവാക്കൾക്ക് ഏറ്റെടുക്കാവുന്ന സ്വയം തൊഴിലാണ് ” – സി.പി.ഹരിദാസ് പറഞ്ഞു.

കഠിനമായ പണിയില്ല, അധികം ടെൻഷനുമില്ല. നന്നായി ആസൂത്രണം ചെയ്ത് നടത്തിയാൽ നമുക്ക് ഉല്ലാസം തരുന്ന ഒരു ജോലിയാണ് ഫാം നടത്തിപ്പെന്നും ഹരിദാസ് പറയുന്നു. മിൽമയുടെ പാൽ സംഭരണകേന്ദ്രമായ ഓടമ്പള്ളി വീരമംഗലം ക്ഷീര ഉല്പാദക സൊസൈറ്റി പ്രസിഡണ്ട് കൂടിയാണ് ഹരിദാസ്.