വീട്ടുമുറ്റത്തെ ചെടിയിൽ നിന്ന് മനോഹരമായ കല്ലമാല
ചെടിയിൽ നിന്ന് കല്ലമാല ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ പണ്ടുകാലത്ത് നാട്ടിലെല്ലാം ഉണ്ടായിരുന്ന പൂച്ചക്കുരു ,നായിക്കല്ല എന്നീ പേരുകളിൽ അറിയപ്പെടുന്ന ചെടിയിൽ നിന്ന് മുത്തുമണി പോലുള്ള കല്ലകൾ കിട്ടുമായിരുന്നു.എന്നാൽ ഇന്ന് ഈ ചെടി അന്യം നിന്നുപോയ അവസ്ഥയിലാണ്. നായിക്കല്ലയെ
ഇന്നും സംരക്ഷിച്ച് വളർത്തുന്ന ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന കല്ലകൾ കൊണ്ടുള്ള മാല വില്പന നടത്തുന്നുമുണ്ട്. ഒരാൾ ഉയരത്തിൽ വളരുന്ന ചെടി പൂത്ത് നിറയെ ചെറിയ കായകൾ ഉണ്ടാകും.
പച്ച നിറത്തിലുള്ള കായകൾ ഉണങ്ങുമ്പോൾ തവിട്ടു നിറമാകും. ഈ സമയത്ത് ഇവ പറിച്ചെടുത്ത് നൂലു കോർത്ത് മാല ഉണ്ടാക്കാം.കൊന്ത, ബ്രെയിസ്‌ലറ്റ്‌എന്നിവയും ഉണ്ടാക്കാം. ചെടി വലുതായി ഒരു വർഷമാകുമ്പോൾ കായ്ക്കാൻ തുടങ്ങും.
ഒരു ചെടിയിൽ നിന്ന് 15 മാലകൾ ഉണ്ടാക്കാം. വിപണിയിൽ 300 രൂപ വരെയാണ് പ്രകൃതി തരുന്ന ഈ മാലയുടെ വില. മുന്നൂറ് മാലകൾ വരെ താൻ ഒരു വർഷം ഉണ്ടാക്കി വിറ്റിട്ടുണ്ടെന്ന് ഷിംജിത്ത് പറയുന്നു. ഷിംജിത്തിന്റെ കണ്ണൂർ മട്ടന്നൂരിനടുത്തുള്ള
ജൈവം കൃഷിഫാം സന്ദർശിക്കാനെത്തുന്ന വിദേശികൾ ഇത് ഇഷ്ടപ്പെട്ട് വാങ്ങാറുണ്ടെന്ന് ഷിംജിത്ത് പറയുന്നു.ഇതിന്റെ ഉണങ്ങിയ കായകൾ മണ്ണിൽ വീണാൽ തന്നെ മുളച്ചു വരും.പ്രത്യേക വളപ്രയോഗമൊന്നും ആവശ്യമില്ലെന്ന് ഷിംജിത്ത് പറയുന്നു.