ദ്വിതീയ കാര്‍ഷികരംഗം ശക്തിപ്പെടുത്തണം-മന്ത്രി പി.പ്രസാദ്

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സാമ്പത്തിക വികാസത്തിന് വിളകള്‍ ഉത്പാദിപ്പിക്കുകയെന്ന  പ്രവര്‍ത്തനത്തിന് പുറമെ വിളകളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം ചെയ്യാന്‍ കഴിയുന്ന ദ്വിതീയ കാര്‍ഷികരംഗം കൂടി ശക്തിപ്പെടേണ്ടതുണ്ടെന്ന് കൃഷിമന്ത്രി പി. |പ്രസാദ് പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ആരംഭിച്ച കേരള അഗ്രോ ബിസിനസ് കമ്പനിയായ കാബ്‌കോ കലൂര്‍ ഗോകുലം പാര്‍ക്കില്‍  സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത്‌  സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകന്റെ വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടാവണമെങ്കില്‍ വിപണിക്ക് അനുസൃതമായ വിളകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകന്റെ പങ്കാളിത്തത്തോടെ  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി മാറ്റുകയും അതിന്റെ വില നിശ്ചയിക്കാനുള്ള അവകാശം കര്‍ഷകന് ലഭ്യമാവുകയും വേണം. ഇതിനെല്ലാമുള്ള പരിതസ്ഥിതി ഒരുക്കുകയാണ് കാബ്‌കോയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിലൂടെ കേരളത്തിന്റെ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ഗ്രാന്റ് തോണ്‍ട്ടന്‍ ഭാരതിന്റേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. കാര്‍ഷിക മൂല്യ ശൃംഖലയുടെ ശാക്തീകരണത്തിന് – കാബ്‌കോയുടെ ഇടപെടലുകള്‍ എന്ന വിഷയത്തിലാണ്‌ ശില്പശാല സംഘടിപ്പിച്ചത്.

ആഗോള ദേശീയ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന മൊത്ത വ്യാപാരികള്‍, വിവിധ മേഖലയിലെ വിദഗ്ധര്‍, കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷിക സംസ്‌കരണ വിപണന മേഖലയിലെ സംരംഭകര്‍, ധനകാര്യ വിദഗ്ധര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, കര്‍ഷകര്‍, കൃഷിക്കൂട്ടം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാബ്‌കോയുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി അശോക് മുഖ്യപ്രഭാഷണം നടത്തി. കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ അദീല അബ്ദുള്ള, കാബ്‌കോ അഡീഷണല്‍ മാനേജിങ് ഡയറക്ടര്‍ സാജു കെ സുരേന്ദ്രന്‍, ഗ്രാന്‍ഡ് തോണ്‍ട്ടണ്‍ ഭാരത് പാര്‍ട്ട്ണര്‍ പ്രൊഫ. പി. പത്മാനന്ദ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ്, വയനാട് ഹില്‍സ് എഫ്.പി.സി ഡയറക്ടര്‍ സുനില്‍കുമാര്‍, ഗ്രാന്‍ഡ് തോണ്‍ട്ടണ്‍ ഭാരത് മാനേജര്‍ ആശിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *