ഇടവിളയിലൂടെ തെങ്ങിന്‍ തോട്ടങ്ങളിൽ ജൈവവൈവിധ്യവത്കരണം
കൃഷിക്കും ഭക്ഷണത്തിനുമായി ജൈവ വൈവിധ്യം എന്ന സന്ദേശവുമായി കാസർകോട് ജില്ലയിലെ പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ തെങ്ങിന്‍ തോപ്പുകളിൽ വിളവൈവിധ്യവത്കരണം നടത്തുന്നു. ഇതിന്റെ ഭാഗമായി വിവിധ ഇടവിളകള്‍ തെങ്ങിന്‍ തോട്ടങ്ങളിൽ നട്ടു. 2020-ലെ ലോക നാളികേര ദിനാചരണത്തോടനുബന്ധിച്ചാണിത്. ഭക്ഷ്യ കാർഷിക മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടവയാണ് കൃഷി ഭൂമിയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം, ഏക വിളയിലൂന്നിയുള്ള കൃഷി എന്നിവ. ഈ കാരണങ്ങൾ കൊണ്ട് തന്നെ കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ തനത് ജൈവവൈവിധ്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ഇതിനൊരു പ്രതിവിധിയായി ഫാം വൈവിധ്യവത്കരണത്തിലൂടെ ജൈവ വൈവിധ്യ സംരക്ഷണം എന്ന സംരംഭത്തിലൂടെ തെങ്ങിൻ തോട്ടങ്ങളിൽ ജൈവ വൈവിധ്യത്തിനൊരു മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം. തോട്ടങ്ങളിലെ ജൈവ വൈവിധ്യവത്കരണത്തിലൂടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ, മണ്ണിന്റെ ആരോഗ്യം, വിളകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുകയും അതുവഴി മനുഷ്യൻറെ ആരോഗ്യവും മെച്ചപ്പെടുന്നു. അതിനോടൊപ്പം തന്നെ വിള വൈവിധ്യം കൊണ്ട് സുസ്ഥിരമായ ഉപജീവനമാർഗ്ഗവും ലഭിക്കുന്നു. ഈ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ഇടവിളകള്‍ തെങ്ങിന്‍ തോട്ടങ്ങളിൽ നട്ടത്.
ഫല വൃക്ഷങ്ങൾ, സുഗന്ധവ്യഞ്ജന സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, പൂമരങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗത്തിൽ പെട്ട അൻപതോളം വിളകളാണ് തോട്ടത്തിൽ ഇടവിളകളായും ചുറ്റ് വിളകളായും നടാനുദ്ദേശിക്കുന്നത്. ഇതിൽ പേര, സപ്പോട്ട, റംബുട്ടാൻ, നോനി, കുടം പുളി, കൊക്കം, കറുവാപ്പട്ട, ഗ്രാമ്പു, ജാതി, ലാങ് ലാങ്, പാരിജാതം തുടങ്ങിയവ കേന്ദ്രത്തിൽ പുതുതായി കൊണ്ടുവരുന്ന വിളകളാണ്. ജൈവ വേലിക്കായി അതിര്‍ത്തികളില്‍ തേക്കിന്‍ തൈകള്‍ നട്ടു കഴിഞ്ഞു. എം രാജഗോപാലൻ എം.എൽ.എയുടെ അധ്യക്ഷതയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ. ആർ ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയരക്ടർ ഡോ. അനിത കരുൺ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .ടി വി ശ്രീധരൻ , പ്രൊഫ.ഡോ. എച്ച്. പി മഹേശ്വരപ്പ (പ്രോജക്റ്റ് കോർഡിനേറ്റർ, എ.ഐ.സി.ആർ.പി. പാംസ്), പ്രൊഫ.ഡോ. പി ആർ സുരേഷ് (അസ്സോസിയേറ്റ് ഡീൻ കാർഷിക കോളേജ്, പടന്നക്കാട് ), പ്രൊഫ.ഡോ. സുജാത ആർ (അസോസിയേറ്റ് ഡയറക്ടർ, കോക്കനട്ട് മിഷൻ എന്നിവർ സംസാരിച്ചു. പ്രൊഫ.ഡോ. മധു സുബ്രഹ്മണ്യൻ (ഡയറക്ടർ ഓഫ് റിസർച്ച്, കേരള കാർഷിക സർവ്വകലാശാല) സ്വാഗതവും ഡോ. വനജ ടി (പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം ഡയരക്ടർ) നന്ദിയും പറഞ്ഞു.