കടല പോലെ കഴിക്കാം ഔഷധ ഗുണമുള്ള ഇൻകാ പീനട്ട്

തെക്കേ അമേരിക്കയിലെയും തായ് ലന്റിലേയും പ്രിയപ്പെട്ട വിഭവമായ  ഇൻകാ പീനട്ട് കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞു. സച്ചെ ഇഞ്ചി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പെറുവിലെ ആമസോൺ മഴക്കാടുകളിൽ ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്.

അഞ്ചു സെന്റീമീറ്റർ വരെ വലുപ്പത്തിലുള്ള നക്ഷത്രാകൃ തിയിലുള്ള ഇതിന്റെ കായ്കൾക്കുള്ളിലെ കുരുവാണ് ഉണക്കിയെടുത്ത് ഭക്ഷിക്കുന്നത്. കുരു എണ്ണയാക്കി ഉപയോഗിക്കുകയും ചെയ്യും. ഇതിന്റെ ഔഷധഗുണമാണ് ചെടിയുടെ പ്രചാരണത്തിന് കാരണം. രണ്ടു മീറ്റർ ഉയരത്തിൽ വരെ വളരുന്ന വള്ളിച്ചെടിയായ ഇതിൽ നിറയെ കായ്കൾ ഉണ്ടാകും. കായ്കൾ ഉണങ്ങുമ്പോൾ പൊട്ടിച്ചെടുത്താൽ ഉള്ളിൽ കടലമണികൾ പോലുള്ള കുരുകാണാം. കുരു ഉണക്കിയെടുത്ത് ഉപ്പു ചേർത്ത് വറുത്ത് കഴിക്കാം.

കടലയുടെതുപോലുള്ള രുചിയാണിതിന്. യൂഫോർബിയേസിയേവർഗ്ഗത്തിൽപ്പെട്ട ഈ ചെടി പെറു, സുറീനാം, വെനിസ്വല, ബൊളിവിയ, ഇക്വഡോർ, തായ് ലന്റ് തുടങ്ങിയ രാജ്യങ്ങളിൽ കൃഷി ചെയ്തുവരുന്നുണ്ട്. നല്ല നീർവാർച്ചയും സൂര്യപ്രകാശവുമുള്ള സ്ഥലത്ത് ഇത് തഴച്ച് വളരും.ഇതിന്റെ കുരുവിൽ  27 ശതമാനവും എണ്ണയിൽ 35 ശതമാനവും പ്രോട്ടീൻഅടങ്ങിയിട്ടുണ്ട്. ഒമേഗ 3, 6, 9 ഫാറ്റി ആസിഡുകളുടെ കലവറയാണിത്. ഹൃദയാരോഗ്യത്തിന് ഉത്തമം.

ഷിംജിത്ത് ‌ഇംകാപീനട്ട് ചെടിക്കരികില്‍

കണ്ണൂർ തില്ലങ്കേരിയിലെ ജൈവകർഷകനായ ഷിംജിത്തിന്റെ കൃഷിസ്ഥലത്ത് ഇംകാപീനട്ട് വളർത്തുന്നുണ്ട്. രണ്ടു വർഷം മുമ്പ് പാലക്കാട് നിന്നാണ് ഇതിന്റെ വിത്ത് കിട്ടിയത്. കുരു നട്ടാൽ ആറു മാസത്തിനകം ചെടി പടർന്ന് പന്തലിച്ച് പൂവിടും. 3-4 മാസം കഴിഞ്ഞാൽ കായ്കൾ വിളവെടുക്കാമെന്ന് ഷിംജിത്ത് പറയുന്നു. പാകമായാൽ കായ ഉണങ്ങാൻ തുടങ്ങും. ഈ സമയത്താണ് പറിച്ചെടുക്കേണ്ടത്. വെയിലത്തിട്ട് നന്നായി ഉണ്ടാക്കിയെടുത്താൽ ഇതിൽ നിന്ന് കുരു വേർതിരിച്ചെടുക്കാം. ഇൻകാ പീനട്ട് ഇപ്പോൾ കേരളത്തിലെ പല സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *