പേരാമ്പ്ര ഫാമിൽ ജ്യോതി നെൽക്കൃഷിയിൽ വമ്പൻ വിളവ്
കോഴിക്കോട് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ ഇത്തവണ മൂന്നാം വിളയായി കൃഷി ചെയ്ത ജ്യോതി നെല്ലിനത്തിൽ വമ്പൻ വിളവെടുപ്പ്. ജ്യോതി, ഉമ ഇനങ്ങളാണ് കൃഷി ചെയ്തത്. ഇതിൽ ജ്യോതി ഇനം വിളവെടുപ്പ് പൂർത്തിയായി. ഉമ നെല്ലിനം പാകമായി വരുന്നു. സി ബ്ലോക്കിൽ നിന്ന് ജ്യോതി ഇനത്തില്‍ ഹെക്ടറിന് 5.5 ടണ്ണിനടുത്ത് വിളവ് ലഭിച്ചു.
ഉമ ഇനം ഫാമിൻ്റെ ഡി, എഫ് ബ്ലോക്കുകളിൽ കൊയ്ത്തിന് പാകമാകുന്നു. ഉമ നെല്ലിനത്തിലും ഉയർന്ന വിളവ് പ്രതീക്ഷിക്കുന്നതായി ഫാമിൻ്റെ ചുമതല വഹിക്കുന്ന കൃഷി അസി.ഡയരക്ടർ പി.പ്രകാശ് പറഞ്ഞു. വേനൽ മഴയ്ക്ക് മുമ്പായി ജ്യോതി ഇനം വിളവെടുപ്പ് പൂർത്തിയാക്കി.
മഴ നനഞ്ഞാൽ പാടത്ത് നിന്ന് തന്നെ പെട്ടെന്ന് മുളച്ചു പോകാൻ സാധ്യതയുള്ള ഇനമായതിനാൽ ആശങ്ക ഉണ്ടായിരുന്നു.
ഫാമിലെ തൊഴിലാളികൾ തന്നെയാണ് നെല്ല് കൊയ്ത് ഉണക്കിയത്. വൈക്കോലും ഇവർ തന്നെ ഉണക്കിയെടുത്തു.
പഴയ ഇനമാണെങ്കിലും നല്ല രുചിയുള്ള ചോറായതിനാൽ ജ്യോതി ഇനത്തിന് ഇപ്പോഴും കർഷകരുടെ ഇടയിൽ ഡിമാൻഡ് ഉണ്ട്. ജ്യോതി ഇനം നെൽവിത്ത് ആവശ്യമുള്ളവർക്ക് ഫാമുമായി ബന്ധപ്പെടാവുന്നതാണ്. ഒരു കിലോ വിത്തിന് 40 രൂപ നിരക്കിലാണ് വിപണനം ചെയ്യുന്നത്. കൃഷിഭവൻ മുഖേന ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തിയാണെങ്കിൽ കർഷകർക്ക് സൗജന്യമായി നെൽവിത്ത് ലഭിക്കും.