ഹരിതകേരളം മിഷൻ്റെ പങ്കാളിത്തത്തോടെ ഔഷധസസ്യത്തോട്ടം
നാഷണൽ ആയുഷ് മിഷൻ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ സജ്ജമാക്കുന്ന ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററുകളിൽ ഹരിതകേരളം മിഷൻ്റെ പങ്കാളിത്തത്തോടെ ഔഷധസസ്യത്തോട്ടം ഒരുങ്ങുന്നു. പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ നാല് സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലും രണ്ട് സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറികളിലുമാണ് ഔഷധസസ്യത്തോട്ടം ഒരുങ്ങുന്നതെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് അറിയിച്ചു.
കട്ടിപ്പാറ, ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ, കോഴിക്കോട് കോർപ്പറേഷനിലെ ബേപ്പൂർ, ഫറോക്ക് നഗരസഭ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലും ചെറുവണ്ണൂർ,
തൂണേരി സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലുമാണ് ഔഷധസസ്യത്തോട്ടം ഉണ്ടാക്കുന്നത്. വലിപ്പമുള്ള ചട്ടികളിലും ഭൂമി ലഭ്യമായ ഇടങ്ങളിൽ നിലത്തും ഔഷധസസ്യങ്ങൾ വെച്ചു പിടിപ്പിക്കും.
നെല്ലി, അശ്വഗന്ധ (അമുക്കുരം), കുറുന്തോട്ടി, കീഴാർനെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞൾ, കറ്റാർവാഴ, കുടങ്ങൽ, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, തുളസി, ആവണക്ക്, കരിനൊച്ചി, ആടലോടകം എന്നിവയാണ് പദ്ധതിയിൽ നിർദേശിക്കപ്പെട്ട ഔഷധസസ്യങ്ങൾ. ഇതോടൊപ്പം മറ്റ് ഔഷധസസ്യങ്ങളും നട്ടുവളർത്താം. തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജനകീയ പങ്കാളിത്തത്തിലൂടെയുമായി ഔഷധസസ്യത്തോട്ടം ഒരുക്കുന്നത്. ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യം, ഉപയോഗം സംബന്ധിച്ച് ജനങ്ങളുടെ ഇടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്പെൻസറിയിൽ സെപ്റ്റംബർ 25 ശനിയാഴ്ച രാവിലെ 10
മണിക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും. ഡോ. എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. കട്ടിപ്പാറ ആയുർവേദ ഡിസ്പെൻസറിയിലെ ഔഷധസസ്യത്തോട്ടത്തിനായുള്ള സ്ഥലം ഒരുങ്ങി. കാടുമൂടിക്കിടന്ന സ്ഥലങ്ങൾ മുഴുവൻ തൊഴിലുറപ്പ് പദ്ധതിയിൽ പണി ചെയ്തതിനോടൊപ്പം മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കി. ഇവിടെ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ച് ഔഷധസസ്യ പാർക്കാക്കി മാറ്റും.
കട്ടിപ്പാറ കാർഷിക കർമ്മസേനയെ ഉപയോഗപ്പെടുത്തി ചട്ടികളിൽ പോട്ടിംഗ് മിശ്രിതം നിറച്ചു. ഡിസ്പെൻസറിയോട് ചേർന്നുള്ള സ്ഥലം വൃത്തിയാക്കി നേരത്തെ ലഭ്യമായ മറ്റ് ചട്ടികളിലും തൈകൾ സജ്ജമാക്കി. ബാക്കി സ്ഥലങ്ങളിലും ഔഷധസസ്യത്തോട്ടം ഉദ്ഘാടനത്തിന് സജ്ജമായി വരികയാണ്.