വീട്ടില്‍ ഗ്രോബാഗിൽ പച്ചക്കറി വളർത്തുന്ന രീതി
വീട്ടിനു ചുറ്റും സ്ഥലമില്ലെങ്കിൽ നമുക്ക് ഗ്രോബാഗിൽ കൃഷി ചെയ്യാം. ടെറസിലും ഇത്തരത്തിൽ കൃഷി ചെയ്ത് വീട്ടിലേക്കുള്ള പച്ചക്കറി ഉണ്ടാക്കാം. ചെറുത് വലുത് ഇടത്തരം എന്നിങ്ങനെ മൂന്ന് അളവിലുള്ള ബാഗ് വാങ്ങാൻ കിട്ടും. വലിയ ബാഗാണ് പച്ചക്കറി കൃഷി ചെയ്യാൻ നല്ലത്. എളുപ്പം കീറിപ്പോകാതിരിക്കാൻ 150 മൈക്രോൺ കനമുള്ള ബാഗ് തന്നെ തിരഞ്ഞെടുക്കണം.
ഇത് ബാഗിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകും. മേൽ മണ്ണും ചാണകപ്പൊടിയും ചകിരിച്ചോര്‍ കമ്പോസ്റ്റും1:1:1 എന്ന അനുപാതത്തിലാണ് ബാഗിൽ നിറയ്ക്കേണ്ടത്. വലിയ ബാഗിൽ നിറയ്ക്കാവുന്ന മണ്ണിന്റെ നാലിലൊന്ന് എടുത്ത ശേഷം ഇത് തറയിലിട്ട് ഇത്ര തന്നെ ചാണകപ്പൊടിയും ചകിരിച്ചോറുമിട്ട് നന്നായി കൂട്ടി കുഴയ്ക്കണം. ഇതിലേക്ക് രണ്ട് പിടി വേപ്പിൻ പിണ്ണാക്കും രണ്ടു പിടി എല്ലുപൊടിയും ഓരോ പിടി വീതം കുമ്മായവും ചാരവും ചേർത്ത് നന്നായി ഇളക്കി ബാഗിൽ നിറയ്ക്കാം. ബാഗിന്റെ മുകളറ്റം രണ്ടു തവണ മടക്കി അകത്ത് കൈയിട്ട് നന്നായി നിവർത്തണം.
അടിഭാഗത്ത് മണൽ മിശ്രിതം കുറച്ച് നിരത്തിയ ശേഷം ഓടിന്റെ കഷ്ണങ്ങളോ വലിയ ചരലോ മുകളിൽ ഇടുന്നത് നീർവാർച്ചയ്ക്ക് നല്ലതാണ്. ഇത്തരത്തിൽ നിറച്ച ഗ്രോബാഗ് രണ്ട് ഇഷ്ടികയോ കല്ലോ നിരത്തി അതിന്റെ മുകളിൽ ഒരാഴ്ച വെച്ച ശേഷം വേണം പച്ചക്കറി നടാൻ. ചെടി വളരുന്നതിനനുസരിച്ച് ചുറ്റും മണ്ണിന്റെ മിശ്രിതം ഇട്ടു കൊടുക്കണം. ബാഗ് വെയിൽ കിട്ടുന്ന സ്ഥലത്ത് വെക്കണം. ചകിരിച്ചോര്‍ കമ്പോസ്റ്റ് നഴ്സറികളിൽ വാങ്ങാൻ കിട്ടും.
ഇല്ലെങ്കിൽ വിട്ടിൽ കിട്ടുന്ന തേങ്ങയുടെ ചകിരി നാരും ഉണങ്ങിയ ഇലകളും ഇട്ടാൽ മതിയാകും. ഗ്രോ ബാഗിന് അടിഭാഗത്തായി മുന്നോ നാലോ സുഷിരങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ബാഗിൽ ആവശ്യത്തിന് മാത്രം വെള്ളം ഒഴിച്ചാൽ മതി. വെള്ളം കെട്ടി നിൽക്കാൻ ഇടവരരുത്.