കയർ ഭൂവസ്ത്ര സംരക്ഷണത്തിൽ തിളങ്ങി ഇന്ദ്രാംചിറ
നവീകരണം നടത്തിയ ചിറയിൽ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം ഉറപ്പാക്കി. നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 1.53 കോടി രൂപ ചെലവ് ചെയ്ത് നിർമ്മാണം അവസാനഘട്ടത്തിലെത്തിയ തൃശ്ശൂർ എളവള്ളി പഞ്ചായത്തിലെ ഇന്ദ്രാം ചിറയ്ക്കാണ് കയർ ഭൂവസ്ത്രം അണിയിച്ചത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തിയത്. ചിറയുടെ നടുഭാഗത്തെ ചളി മാറ്റി വൃത്തിയാക്കി 2.5 മീറ്റർ വീതിയും 40 മീറ്റർ നീളവുമുള്ള 13 കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിച്ചാണ് സംരക്ഷണം ഒരുക്കിയത്. പ്രവർത്തനങ്ങളുടെ ഭാഗമായി 275 തൊഴിൽ ദിനം സൃഷ്ടിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
.
ഇന്ദ്രാം ചിറയുടെ സംരക്ഷണം പൂർത്തീകരിക്കുന്നതോടെ സമീപത്തെ എല്ലാ കിണറുകളും റീച്ചാർജ് ചെയ്യപ്പെടുമെന്നും ടൂറിസം സാധ്യതകൾക്ക് കൂടി വഴിയൊരുക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി എൻജിനീയർ സി. എസ് ശ്രുതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പ്രവർത്തിച്ചത്.