ഓണത്തിനിടയിൽ വെളുത്തുള്ളി കച്ചവടം
ഡോ. ജലജ എസ്. മേനോന്
ഓണവും വെളുത്തുള്ളി കച്ചവടവും തമ്മിൽ എന്ത് ബന്ധം?
പൂവിളിയും നല്ലോണ ഓർമകളും പങ്കുവയ്ക്കുന്ന ഓണകാലത്ത് എന്ത് വെളുത്തുള്ളി? അതെ, മലയാള നാട്ടിലെ ഒരു കൂട്ടം മലമക്കൾക്ക് ഓണം ഉണ്ണാൻ വെളുത്തുള്ളി വിൽക്കണം. അതാണ് ഇടുക്കിയിലെ വട്ടവട-കാന്തല്ലൂർ വെളുത്തുള്ളി.
സമുദ്രനിരപ്പിൽ നിന്നും 5000 അടി വരെ ഉയരമുള്ള വട്ടവട, കാന്തല്ലൂർ മഴനിഴൽ പ്രദേശത്തെ മലകളിൽ വിളയുന്ന വെളുത്തുള്ളിയിലെ ഔഷധ രാസ ഘടകങ്ങൾ മികച്ചതാണെന്ന്
പഠനങ്ങളിൽ തെളിഞ്ഞതാണ്. മാത്രമല്ല നന്നായി ഉണക്കി കറ്റകെട്ടി മാസങ്ങളോളം സൂക്ഷിച്ചു വയ്ക്കാനാവും എന്ന മേന്മയും ഉണ്ട്. 2022 ൽ ഭൗമസൂചികാ പദവി നേടിയ വെളുത്തിള്ളി ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്.
കാന്തല്ലൂർ വട്ടവട പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും കുടികളിലുമായി ഏതാണ്ട് ആയിരത്തിൽപരം കർഷകർ വർഷം തോറും അഞ്ഞൂറോളം ടൺ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്നു. മലപൂണ്ട്, സിങ്കപ്പുപൂണ്ട് എന്നിങ്ങനെയുള്ള നാടൻ ഇനങ്ങൾക്ക് ആണ് കൂടുതൽ മേന്മയുള്ളത്. മൂന്നാർ മാർക്കറ്റിൽ തന്നെ വരവ് വെളുത്തുള്ളിക്ക് നൂറു രൂപ വിലയുള്ളപ്പോൾ മലപൂണ്ടിനും സിങ്കപ്പുപ്പൂണ്ടിനും വില മുന്നൂറാണ്.
മഴനിഴല്‍ പ്രദേശമായ വട്ടവടയിലും കാന്തല്ലൂരിലും മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ കൃഷി ആരംഭിക്കും. ഇതു തന്നെയാണ് പ്രധാന ശീതകാല പച്ചക്കറി കൃഷിക്കാലം. വെളളത്തിന്റെ ലഭ്യത അനുസരിച്ച് ഒക്ടോബര്‍
– നവംബര്‍ കാലത്ത് രണ്ടാം വിളയായി വെളുത്തുളളി കൃഷി ചെയ്യുന്ന ചിലരുമുണ്ട്. ബഹുവിള സമ്പ്രദായത്തിലാണ് കൃഷി. ഓരോ കര്‍ഷകനും ഉരുളക്കിഴങ്ങ്, ബീന്‍സ്, വെളുത്തുളളി, ക്യാരറ്റ്, ക്യാബേജ് തുടങ്ങി എല്ലാ വിളകളും കൃഷി ചെയ്യും.
മൂന്നാര്‍ കാണാനെത്തുന്ന സഞ്ചാരികള്‍ ഈ ഗ്രാമങ്ങള്‍ തേടിയെത്താറുണ്ട്. ഇരു ഗ്രാമങ്ങളിലേയും ശീതള സൗന്ദര്യം സഞ്ചാരികള്‍ക്ക് ഹരമാണ്. ആറ് ഡിഗ്രിവരെ താഴുന്ന ഇവിടത്തെ കാലാവസ്ഥയില്‍ പലപ്പോഴും മഞ്ഞുപെയ്ത് ആലിപ്പഴം വീഴും.
മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വട്ടവടയിലെത്താം മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി വഴി ടോപ് സ്റ്റേഷനില്‍ എത്താം. പിന്നീട് അങ്ങോട്ടുളള വഴി വട്ടവടയിലേക്ക് മാത്രമാണ്. വട്ടവടയില്‍ നിന്നും കൊട്ടക്കാമ്പൂര്‍ വഴി18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടൈക്കനാലിലുമെത്താം
ഇത് വെളുത്തുള്ളിയുടെ വിളവെടുപ്പുകാലം
ഇത്തവണ ഓണവിപണിയിൽ വെളുത്തുള്ളിക്ക് ബമ്പർ വിലയാണ് !അതുകൊണ്ട് തന്നെ കർഷകർ എല്ലാം ഇത്തവണ നേരത്തെ വെളുത്തുള്ളി വിളവെടുത്തു. വിളവെടുത്ത് പാതി ഉണക്കി ചാക്കിലാക്കി ലോഡ് കണക്കിന് വെളുത്തുള്ളി തമിഴ്നാട് വടകംപെട്ടി
മാർക്കറ്റിലേക്ക് പോയി കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ കിലോവിന് എൺപതും നൂറും കിട്ടിയിരുന്ന വെളുത്തുള്ളിക്ക് ഇത്തവണ വില ഇരുന്നൂറും ഇരുന്നൂറ്റി അമ്പതുമാണ് ! കർഷകർ കൂട്ടമായി വെളുത്തുള്ളി നേരിട്ട് മാർക്കറ്റിൽ എത്തിക്കുകയാണ്. തമിഴ്നാട്ടിലെ മേട്ടുപ്പാളയവും വടകംപെട്ടിയും ആണ് പ്രധാന വെളുത്തുള്ളി മാർക്കറ്റുകൾ. (കേരള കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ജലജ എസ്.മേനോൻ വട്ടവട,കാന്തല്ലൂർ വെളുത്തുള്ളിയെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകിയിട്ടുണ്ട് )
.