വരൂ… കേരളത്തിലെ വെളുത്തുളളിപ്പാടങ്ങള്‍ കാണാം

ഡോ. ജലജ എസ്. മേനോന്‍

ഉത്തരേന്ത്യയില്‍ മാത്രമല്ല, കേരളത്തിലും വെളുത്തുള്ളി വിളയുന്നു. ഇടുക്കിയില്‍ പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരമായ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വട്ടവടയും കാന്തല്ലൂരുമാണ് വെളുത്തുളളി വിളയുന്ന ഗ്രാമങ്ങള്‍. വാണിജ്യാടിസ്ഥാനത്തിലാണ് ഇവിടത്തെ കൃഷി. പറിച്ചെടുത്ത വെളുത്തുള്ളി മാലകെട്ടി വാതിൽക്കലും അകത്ത് ദൈവത്തിനു മുന്നിലും തൂക്കിയിട്ടിരിക്കുന്ന കാഴ്ച ഇവിടത്തെ മുതുവക്കുടികളിൽ കാണാം.

കാന്തല്ലൂർ മലമടക്കുകൾ

ഇവിടെ വിളയുന്ന മലപ്പൂണ്ട് , ചിങ്കപ്പൂർ ഇനങ്ങൾ ഓഷധക്കൂട്ടുകൾക്ക് പേരുകേട്ടതാണ്. മൂന്നാര്‍ കാണാനെത്തുന്ന സഞ്ചാരികള്‍ ഈ ഗ്രാമങ്ങള്‍ തേടിയെത്താറുണ്ട്.‌ ക്യാരറ്റും ക്യാബേജും ഓറഞ്ചും എന്നു വേണ്ട ആപ്പിള്‍ മുതല്‍ ബ്ലാക്ക്‌ബെറി വരെ വിളയുന്ന ഇരു ഗ്രാമങ്ങളിലേയും ശീതള സൗന്ദര്യം സഞ്ചാരികള്‍ക്ക് ഹരമാണ്. ആറ് ഡിഗ്രിവരെ താഴുന്ന ഇവിടത്തെ കാലാവസ്ഥയില്‍ പലപ്പോഴും മഞ്ഞുപെയ്ത് ആലിപ്പഴം വീഴും. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വട്ടവടയിലെത്താം മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി വഴി ടോപ് സ്റ്റേഷനില്‍ എത്താം. പിന്നീട് അങ്ങോട്ടുളള വഴി വട്ടവടയിലേക്ക് മാത്രമാണ്. വട്ടവടയില്‍ നിന്നും കൊട്ടക്കാമ്പൂര്‍ വഴി 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടൈക്കനാലിലുമെത്താം. ഏഴായിരം ഹെക്ടറില്‍ താഴെ ഭൂവിസ്തൃതിയുളള മലമക്കള്‍ ചേക്കേറിയ വിളനിലമാണ്‌ വട്ടവട.

കൃഷിയിടം ഒരുക്കുന്നു

ഇവിടെ കോവില്ലൂര്‍, കൊട്ടക്കാമ്പൂര്‍, ചിലന്തിയാര്‍, പഴന്തോട്ടം, വട്ടവട എന്നീ പ്രദേശങ്ങളിലും മേല്‍വല്‍സപ്പെട്ടി, കീഴ്‌വല്‍സപ്പെട്ടി, സ്വാമിയാറളകുടി, കൂടല്ലാര്‍കുടി എന്നീ ആദിവാസി കുടി മേഖലയിലും സവിശേഷമായ ഒരു വെളുത്തുളളി കൃഷി സംസ്‌കാരം തന്നെ നിലനില്‍ക്കുന്നു. ഉരുളക്കിഴങ്ങ്, ബീന്‍സ്, വെളുത്തുളളി തുടങ്ങിയ ഒട്ടുമിക്ക ശീതകാല പച്ചക്കറികളും സ്‌ട്രോബറി,സബര്‍ജില്ലി, പേരയ്ക്ക, പ്ലംസ്, മരത്തക്കാളി, ഓറഞ്ച് തുടങ്ങിയ പഴങ്ങളും സമൃദ്ധിയായി വിളയുന്ന ഗ്രാമം.

വെളുത്തുള്ളിപ്പാടം

വട്ടവടയില്‍ നിന്നും കുണ്ടള വഴി മത്താപ്പില്‍ എത്തിയാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ മന്നവന്‍ചോല വഴി കാന്തല്ലൂരിലെത്താം. ഈ യാത്രയ്ക് ഫോര്‍ വീല്‍ ജീപ്പുകള്‍ തന്നെ വേണം. കുണ്ടള വഴി നേരെ മൂന്നാറില്‍ എത്തി മറയൂര്‍ വഴിയും കാന്തല്ലൂരിലേക്ക് കടക്കാം. ഇത് കൂടാതെ പാലക്കാട്, പൊളളാച്ചി വഴിയില്‍ ആനമല എന്ന ചിന്നാന്‍ വനത്തിലൂടെ സഞ്ചരിച്ചും കാന്തല്ലൂരില്‍ എത്താം. മല കയറുന്നതോടെ എത്തുന്ന കീഴാന്തൂര്‍, കാന്തല്ലൂര്‍, പുത്തൂര്‍, പെരുമല എന്നീ ഗ്രാമങ്ങള്‍ ശീതകാല കൃഷിയുടെ വിളനിലങ്ങളാണ്. ഇവിടെയാണ് വെളുത്തുളളികൃഷി.

വെളുത്തുള്ളി ഉണക്കിയെടുക്കുന്നു.

മഴനിഴല്‍ പ്രദേശമായ വട്ടവടയിലും കാന്തല്ലൂരിലും മാര്‍ച്ച് – ഏപ്രില്‍ മാസത്തോടെ കൃഷി ആരംഭിക്കും. ഇതു തന്നെയാണ് പ്രധാന ശീതകാല പച്ചക്കറി കൃഷിക്കാലം. വെളളത്തിന്റെ ലഭ്യത അനുസരിച്ച് ഒക്ടോബര്‍ – നവംബര്‍ കാലത്ത് രണ്ടാം വിളയായി വെളുത്തുളളി കൃഷി ചെയ്യുന്ന ചിലരുമുണ്ട്. ചൈത്രമാസത്തിലെയും കാര്‍ത്തികമാസത്തിലെയും നല്ല നാളുകള്‍ നോക്കി കൃഷിയിറക്കുന്ന ഇവര്‍ ഭൂമിയെ ആരാധിച്ചും ആദ്യവിളവിന്റെ പങ്ക് ദൈവത്തിന് സമര്‍പ്പിച്ചും കൃഷിയെ സംസ്‌കാര്ത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ബഹുവിള സമ്പ്രദായത്തിലാണ് കൃഷി. ഓരോ കര്‍ഷകനും ഉരുളക്കിഴങ്ങ്, ബീന്‍സ്, വെളുത്തുളളി, ക്യാരറ്റ്, ക്യാബേജ് തുടങ്ങി എല്ലാ വിളകളും തന്നെ കൃഷി ചെയ്തിരിക്കും.

വിളവെടുത്ത വെളുത്തുള്ളി കറ്റകളാക്കുന്നു.

വെളുത്തുളളി പാടത്തിന്റെ അരികിലായി ബീന്‍സ്, ചോളം, കാട്ടു കടുക്, ചെണ്ടുമല്ലി ഇവയിലേതെങ്കിലും ഒന്ന് കൃഷി ചെയ്ത് അലങ്കരിച്ചിരിക്കും. മാത്രമല്ല വെളുത്തുളളി പാടത്തില്‍ തന്നെ അങ്ങിങ്ങായി മല്ലിയും ചെറുളളിയും നട്ടിരിക്കും. ഇതെല്ലാം വീട്ടാവശ്യത്തിനാണ്. വെളുത്തുളളിയുടെ ഒരു പ്രധാന മാര്‍ക്കറ്റ് മേട്ടുപാളയം ആണ്. ഉയരത്തില്‍ തട്ടുളള വലിയ ഷെഡ്ഡുകളില്‍ വെളുത്തുളളി സംഭരിക്കുന്ന ഒട്ടേറെ കടകള്‍ ഒരു തെരുവില്‍ തന്നെ കാണാം. ആഴ്‌ചയില്‍ രണ്ടു ദിവസമാണ് ലേലം. ഇവിടുന്ന് വാങ്ങുന്ന വിത്താണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതുകൊണ്ടാണ് ഈ ഇനത്തെ മേട്ടുപാളയം എന്നു പറയുന്നത്. തൊണ്ണൂറു ദിവസം കൊണ്ട് വിളവെടുക്കാവുന്ന മെച്ചമുണ്ടെങ്കിലും മൂന്നോ നാലോ മാസമേ സൂക്ഷിച്ചുവയ്ക്കാവൂ എന്ന കോട്ടവും ഈയിനത്തിനുണ്ട്.

എന്നാല്‍ 8 മുതല്‍ 12 മാസം വരെ യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്ന മേന്മയുളള ചില നാടന്‍ ഇനങ്ങള്‍ ഇന്നാട്ടുകാര്‍ക്ക് സ്വന്തമായുണ്ട്. ‘ചിങ്കപ്പൂർ ‘, ‘ മലപ്പൂണ്ട് ‘ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇതിന് എരിവും തൈലവും കൂടുതലാണ്. 100 മുതല്‍ 120 ദിവസം എന്നതാണ് ഒരു ന്യൂനതയായി കാണുന്നത് ഈ ഇനങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുകയും വിലയനുസരിച്ച് വില്പന നടത്തുകയും നാടന്‍ ഔഷധക്കൂട്ടുകളില്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

പാകമായ ഓരോ ചെടിയും വലിച്ചെടുത്ത് ഇല ഭാഗം പുറത്തു വരുന്ന രീതിയില്‍ വട്ടത്തില്‍ കൂനയിട്ട് മുകളില്‍ മൂടിവയ്ക്കും. ഈ ആവിയില്‍ വെളുത്തുളളി പാകപ്പെട്ട് മേന്മയുളളതായി തീരുന്നു. രണ്ടു ദിവസത്തിനുശേഷം എടുത്ത് ഇനമനുസരിച്ച് ഇലഭാഗം മുറിച്ച് മാറ്റുകയോ കറ്റ കെട്ടുകയോ ചെയ്യുന്നു. ഏറെ നാള്‍ സൂക്ഷിക്കാനാവാത്ത മേട്ടുപാളയം ഇനങ്ങള്‍ ഉണക്കി വലിപ്പമനുസരിച്ച് തരം തിരിച്ച് ചാക്കിലാക്കി വില്പനയ്‌ക്കൊരുക്കും. വിളവെടുപ്പു കാലമായാല്‍ ഓരോ തെരുവിലും ഗ്രാമത്തിലും വെളുത്തുളളി ഉണക്കാന്‍ ഇട്ടിരിക്കുന്നത് കാണാം.

വെളുത്തുള്ളി മാലകെട്ടുന്നു

എന്നാല്‍ ഏറെ നാള്‍ സൂക്ഷിക്കാവുന്ന നാടന്‍ ഇനങ്ങള്‍ പച്ചയ്ക്കു തന്നെ കറ്റകെട്ടി വെയിലത്ത് ഉണക്കി അടുക്കളയിലോ മണ്ണ് മുറിയിലോ തൂക്കിയിടും. മാലയാക്കി കെട്ടിയും വീട്ടിനകത്ത് സൂക്ഷിക്കും വിലയനുസരിച്ചും ആവശ്യക്കാരെ ആശ്രയിച്ചും മാത്രമെ ഇതിന്റെ വില്പനയുളളൂ. ബാക്കി അടുത്ത കൃഷിക്കാലത്തേക്കുളള വിത്തിനായി സൂക്ഷിക്കും. ഈ നാടന്‍ വെളുത്തുളളിയ്ക്ക് മറ്റു വെളുത്തുളളിയെക്കാള്‍ വില കൂടുതലാണ്. ഒരു കിലോ വെളുത്തുളളിയ്ക്ക് 200 രൂപ വരെ വില കിട്ടാറുണ്ട്.


ഏറെ കരവിരുതാവശ്യമുളള മാലകെട്ടലും കറ്റകെട്ടലും കൈമോശം വരാതിരിക്കാനും പരമ്പരാഗത ഔഷധക്കൂട്ടുകളുടെ പെരുമ നഷ്ടപ്പെടാതിരിക്കാനും ഇന്ന് ഗ്രാമം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. അടുത്ത കാലത്ത് നടത്തിയ വെളുത്തുളളി മേളയുടെ ഭാഗമായി നടന്ന മാലകെട്ടല്‍, കറ്റകെട്ടല്‍ മത്സരങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഡോ.ജലജ എസ്.മേനോൻ

കേരള കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ജലജ എസ് മേനോൻ വട്ടവട , കാന്തല്ലൂർ വെളുത്തുള്ളിയെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകി വരികയാണ്. നാടൻ ഇനങ്ങളുടെ മേന്മ കണ്ടെത്തി പ്രചരിപ്പിക്കുന്നതിനായി  സംസ്ഥാന കൃഷിവകുപ്പാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്


2 thoughts on “വരൂ… കേരളത്തിലെ വെളുത്തുളളിപ്പാടങ്ങള്‍ കാണാം

  1. Apple also cultivated in Kanthallur.sugarcane in Marayoor area.Marayoor jaggery is famous.local people says more medicinal value in garlic of kanthallur and vattavada.

Leave a Reply

Your email address will not be published. Required fields are marked *