സംസ്ഥാന എഫ്.പി.ഒ മേള കോഴിക്കോട്ട് 21ന് തുടങ്ങും

കേരളത്തിലെ അഗ്രിബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന എഫ്.പി.ഒ മേള കോഴിക്കോട്ടും. ഫെബ്രുവരി 21 മുതൽ 23 വരെ സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മേള നടക്കുക.

കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച, സംരംഭകത്വം, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, വിപണി ലക്ഷ്യമായിട്ടുള്ള ഉത്പാദന പ്രക്രിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്  ലക്ഷ്യമിട്ടാണ് എഫ്. പി. ഒ. മേള സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എസ്. സപ്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന 10,000 എഫ്.പി.ഒ പദ്ധതിയ്ക്ക് കീഴില്‍ സ്ഥാപിതമായ എഫ്.പി.ഒ. കളുടെ സുസ്ഥിരതയും  പ്രവര്‍ത്തന ക്ഷമതയും ഉറപ്പാക്കുന്നതിനുള്ള  സുപ്രധാന ചുവടുവയ്പ്പാണ് ഈ മേള.  ചെറുകിട കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒ കള്‍  എന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉള്‍പ്പെടുത്തി  ഒരുക്കിയിട്ടുള്ള  മേള കൃഷി മന്ത്രി പി. പ്രസാദ് 21 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.  എം.കെ.രാഘവന്‍  എം.പി. അദ്ധ്യക്ഷത വഹിക്കും.

കര്‍ഷകര്‍, അഗ്രിബിസിനസ് വിദഗ്ധര്‍, കര്‍ഷക സംഘങ്ങള്‍,  വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കിടയില്‍  പരസ്പര സഹകരണവും പങ്കാളിത്തവും വളര്‍ത്തുന്നതിനായുള്ള ബിസിനസ്-ടു-ബിസിനസ് മീറ്റും മേളയുടെ ഭാഗമായി നടക്കും. എഫ്.പി.ഒ ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 50 അമ്പതിൽപ്പരം എഫ്.പി.ഒകളുടെ സ്റ്റാളുകള്‍  മേളയില്‍ ഉണ്ടാകും.

കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന വാർത്താ സമ്മേളനത്തിൽ  കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന്‍, ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ സീമ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ നീന.കെ എന്നിവര്‍ പങ്കെടുത്തു.