ഓണമാകുമ്പോൾ ഞങ്ങളുടെ ബാങ്കിൻ്റെ മട്ടുപ്പാവ് പൂന്തോട്ടം
പ്രിൻസ് വർഗ്ഗീസ്
എല്ലാ വർഷവും ഓണമാകുമ്പോഴേക്കും ഞങ്ങളുടെ ബാങ്കിൻ്റെ മട്ടുപ്പാവ് പൂന്തോട്ടമായി മാറും. പയ്യന്നൂർ കാർഷിക വികസന ബാങ്കിൻ്റെ പെരുമ്പ ഹെഡ് ഓഫീസിലെ ചെണ്ടുമല്ലി പൂകൃഷിയെക്കുറിച്ച് ഇപ്പോൾ നാട്ടുകാർക്കെല്ലാം അറിയാം. ഉത്രാടത്തിനു മുമ്പുതന്നെ ആളുകൾ പൂക്കൾ ബുക്കു ചെയ്യും.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരും പരിസരങ്ങളിലുമുള്ള പല വീടുകളിലും ഈ പൂക്കൾ കൊണ്ടാണ് ആളുകൾ പൂക്കളമൊരുക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പൂക്കൾ പലർക്കും വേണ്ടി വരുന്നില്ല. മട്ടുപ്പാവിൽ 250
ഗ്രോബാഗുകളിലായി കൃഷി ചെയ്ത ചെണ്ടുമല്ലിയിൽ നിന്ന് ഇത്തവണ ഒന്നര ക്വിൻ്റൽ പൂക്കൾ കിട്ടി. ഉത്രാടത്തിന് ഇത് വിളവെടുത്ത് വില്പന നടത്തി. കിലോയ്ക്ക് 150 രൂപ തോതിലാണ് വില്പന നടത്തിയത്.
ബാങ്ക് കെട്ടിടത്തിനു മുകളിലെ പൂപ്പാടം കാണാൻ കൗതുകമായിരുന്നു. ഇത് അഞ്ചാമത്തെ വർഷമാണ് ബാങ്ക് ചെണ്ടുമല്ലികൃഷി നടത്തുന്നത്. അതിനു മുമ്പ് പച്ചക്കറി കൃഷി നടത്തിയിരുന്നു. ആദ്യത്തെ തവണ എല്ലായിനം പച്ചക്കറിയും കൃഷി ചെയ്തു. അടുത്ത വർഷം വെണ്ടകൃഷി നടത്തി. പിന്നീട് കാബേജും ക്വാളിഫ്ലവറും കൃഷി ചെയ്തു. അതിനു ശേഷമാണ് ചെണ്ടുമല്ലി കൃഷിയിലേക്ക് മാറിയത്.
ഗ്രോബാഗിലാണ് തൈകൾ നട്ടത്. അഞ്ചു രൂപ തോതിൽ തൈകൾ വാങ്ങി ജൂൺ 15നാണ് നട്ടത്. ജൈവവളമാണ് ഉപയോഗിച്ചത്. ഇത്തവണ മഴ കുറവായതിനാൽ നനയ്ക്കേണ്ടി വന്നു. ജീവനക്കാർ തന്നെയാണ് തൈകൾ നട്ട് പരിപാലിച്ചത്. മൂന്നു തവണ ചെടികളുടെ തലപ്പ് നുളളിക്കളഞ്ഞു. മഞ്ഞ, ഓറഞ്ച്, വെള്ള പൂക്കളുടെ തൈകളാണ് നട്ടത്. പൂക്കൾ വിരിഞ്ഞപ്പോൾ തന്നെ ആവശ്യക്കാർ വന്നിരുന്നു.
പൂക്കച്ചവടക്കാർക്കു മൊത്തമായി നൽകാതെ നാട്ടുകാർക്ക് തന്നെയാണ് പൂക്കളെല്ലാം നൽകിയത്. വിളവെടുത്ത് മണിക്കൂറുകൾക്കകം പൂക്കൾ വിറ്റുതീർന്നു. വിളവെടുപ്പ് പയ്യന്നൂർ എം.എൽ.എ ടി. ഐ മധുസൂദനൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ തിരുവാതിരക്കളി ഉൾപ്പെടെയുള്ള വിവിധ ഓണപരിപാടികൾ അരങ്ങേറി. (പയ്യന്നൂർ കാർഷിക വികസന ബാങ്കിൻ്റെ സെക്രട്ടറിയാണ് ലേഖകൻ )