കുന്നംകുളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കുന്നംകുളത്ത് ഗ്രാമങ്ങളിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി.
കുന്നംകുളം നഗരസഭയിൽ ഓണക്കാല ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. അയ്യൻകാളി തൊഴിലുറപ്പ് 2023-24 വാർഷിക പദ്ധതി പ്രകാരമാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.
കുന്നംകുളം കൃഷി ഭവനുമായി ചേര്‍ന്ന് 7500ഓളം ചെണ്ടുമല്ലി തൈകൾ വിവിധ വാർഡുകളിലായി നട്ടുപിടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതില്‍ 1700 ചെണ്ടുമല്ലി ചെടികളുടെ വിളവെടുപ്പാണ് നടന്നത്. 22 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 204 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ പദ്ധതി മുഖേന കഴിഞ്ഞു. വാര്‍ഡ് 21 ലെ തെക്കേപ്പുറത്താണ് വിളവെടുപ്പ് നടന്നത്.
നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി സോമശേഖരൻ, സജിനി പ്രേമൻ, പ്രിയ സജീഷ്, പി.കെ. ഷെബീര്‍,വാർഡ് കൗൺസിലർ സോഫിയ ശ്രീജിത്ത്, നഗരസഭ സെക്രട്ടറി വി.എസ്. സന്ദീപ്കുമാർ, കൃഷി ഫീൽഡ് ഓഫീസർ എസ്. ജയൻ തുടങ്ങിയവർ പങ്കെടുത്തു.