മത്സ്യകൃഷി വിളവെടുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു
മത്സ്യകർഷകൻ്റെ ഫാമിൽ വിളവെടുപ്പ് ഉത്സവം. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി പദ്ധതിയിൽ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിലെ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. മത്സ്യകർഷകനായ തൃശ്ശൂർ പട്ടിക്കാട് പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രഭീഷ് പി.പിയുടെ ഫാമിലാണ് മത്സ്യകൃഷി വിളവെടുപ്പ് നടന്നത്.
ജനുവരി മാസത്തിൽ 5500 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. മത്സ്യകൃഷി പൂർണ്ണമായും വിളവെടുത്ത്
കഴിയുമ്പോൾ ഏകദേശം 2500 കിലോയോളം ഗിഫ്റ്റ് തിലാപ്പിയ മത്സ്യമാണ് ലക്ഷ്യമിടുന്നത്. ഒരു കിലോ മത്സ്യം 200 രൂപയ്ക്കാണ് വിൽക്കുന്നത്. ആർ.എ.എസ് മത്സ്യകൃഷിക്കായി ഫിഷറീസ് വകുപ്പിൽ നിന്ന് 70% മത്സ്യകുഞ്ഞുങ്ങൾക്കും 40% മത്സ്യ തീറ്റയ്ക്കും സബ്സിഡി ലഭിക്കുന്നുണ്ട്.
മത്സ്യ ഉൽപാദനത്തിനോടൊപ്പം ചീര, വെണ്ട, മുളക്, പടവലം, കയ്പക്ക തുടങ്ങിയവയും പ്രഭീഷ് വാണിജ്യ അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഉൾനാടൻ മത്സ്യകൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പും പാണഞ്ചേരി പഞ്ചായത്തും ചേർന്നൊരുക്കുന്നത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആനി ജോയി സംസാരിച്ചു. ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പട്ടിക്കാട് ഡിവിഷൻ മെമ്പർ രമ്യ രാജേഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോയ്നി ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.