പാടത്ത് പൂക്കളുടെ വർണ്ണഭംഗിയിൽ ഫ്ലവർഷോ
പൂക്കൾ വർണ്ണഭംഗി പടർത്തുന്ന പാടം കാണാം,സെൽഫിയെടുക്കാം. പച്ചക്കറി തോട്ടവും സന്ദർശിക്കാം. ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ തിരുവിഴേശൻ കൃഷിക്കൂട്ടത്തിൻ്റെ ഫ്ലവർ ഷോ കൗതുക കാഴ്ചയാണ്.
കൃഷിക്കൂട്ടം മൂന്ന് ഏക്കർ പൂകൃഷിയും 14 ഏക്കർ സ്ഥലത്ത് വിവിധയിനം പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത്. വാടാമുല്ല, ഓറഞ്ച് ബന്തി, മഞ്ഞ ബന്തി എന്നിവ വിളവെടുക്കാറായി. ഫ്ലവർ ഷോയുടെ ഭാഗമായി കൃഷിത്തോട്ടം സന്ദർശിക്കാനും സെൽഫിയെടുക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. ജ്യോതിഷ്, അനിലാൽ എന്നിവരുടെ കൃഷിക്കൂട്ടമാണ് ഫ്ലവർ ഷോ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
ഫ്ലവർ ഷോയിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് തിരുവിഴേശൻ കൃഷിക്കൂട്ടം ഭാരവാഹികൾ അറിയിച്ചു. ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്ഥിരം കൃഷിയ്ക്ക് പ്രോത്സാഹനം നൽകുന്ന ‘ആവണിപ്പാടം’ പദ്ധതിയുടെ ഭാഗമായാണ് ഫ്ലവർ ഷോ സംഘടിപ്പിച്ചത്.
ഫ്ലവർ ഷോ കൃഷി മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. കാർഷിക ഉത്പാദക കൂട്ടായ്മകൾ കൂടുതൽ സജീവമാകുന്നതോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാത്ത അവസ്ഥക്ക് പരിഹാരമാകുന്നതിനും ഉത്പന്നങ്ങൾക്ക് വില കിട്ടുന്നതിനും അവസരമൊരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.
25 സെന്റ് മുതൽ ഒരു ഹെക്ടർ വരെ സ്ഥലത്ത് പച്ചക്കറി, പൂകൃഷി, വാഴ, കിഴങ്ങു വർഗങ്ങൾ, ചെറു ധാന്യങ്ങൾ, നിലക്കടല, മറ്റു കൃഷികൾ ചെയ്യുന്നതിനയി കർഷക, ജെ.എൽ.ജി. ഗ്രൂപ്പുകൾക്ക് 1000 രൂപ മുതൽ 27000 വരെ സബ്സിഡി തുക നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഒരു വർഷം രണ്ടു പ്രാവശ്യം കൃഷി കൂട്ടങ്ങൾക്ക് സബ്സിഡി തുക ലഭിക്കും. ജില്ലാപഞ്ചായത്തിലെ 23 ഡിവിഷനിലും പദ്ധതി ചെയ്യുന്നതിനുള്ള അവസരമുണ്ട്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനൻ, ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ജില്ല പഞ്ചായത്തംഗങ്ങളായ ആർ. റിയാസ്, വി.ഉത്തമൻ, പി.എസ് ഷാജി, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.