റബ്ബർ വെട്ടിമാറ്റിയ അഞ്ചര ഏക്കറിൽ എള്ള് കൃഷി

JORDAYS DESK
എള്ളു കൃഷിക്കും പേരുകേട്ട സംസ്ഥാനമായിരുന്നു കേരളം. എന്നാൽ കർഷകർ നെൽക്കൃഷി കയ്യൊഴിഞ്ഞു തുടങ്ങിയതോടെ എള്ളുകൃഷിയും പിന്നോക്കം പോയി. ആലപ്പുഴ-കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര മേഖല എള്ളു കൃഷിക്ക് പേരുകേട്ടതാണ്. എന്നാൽ ഈ മേഖലയിലും കൃഷി ഇപ്പോൾ കുറവാണ്. കേരളത്തിലെ മിക്ക ജില്ലകളിലും സ്വന്തം ആവശ്യത്തിനെങ്കിലും 

ഷിംജിത്തും നന്ദകുമാറും

കർഷകർ എള്ള് കൃഷി ചെയ്ത കാലമുണ്ടായിരുന്നു. വലിയ മുതൽമുടക്ക് വേണ്ട എന്നതാണ് എള്ളുകൃഷി നടത്താൻ കർഷകരെ പ്രേരിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയില്‍ ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി എള്ളുകൃഷി തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന പ്രയത്നം പ്രശംസനീയമാണ്. മുമ്പൊരിക്കൽ പരീക്ഷണാർത്ഥം ചെറിയ സ്ഥലത്ത് നടത്തിയ കൃഷി വിജയകരമായിരുന്നു. ഇത്തവണ അഞ്ചര ഏക്കർ സ്ഥലത്താണ്  ഷിംജിത്ത് കൃഷിയിറക്കിയിരിക്കുന്നത്. സ്വന്തം 

റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ പ്രദേശം

കൃഷിസ്ഥലത്തിനടുത്തായി പ്രൊഫ. കെ. ജെ. ജോസഫിൻ്റെ സ്ഥലത്താണ് കൃഷി നടത്തിയത്. റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ ചെരിവുള്ള പ്രദേശത്താണ് ജൈവ രീതിയിൽ കൃഷി. തൊഴിലുറപ്പു പദ്ധതിയിലാണ് നിലമൊരുക്കിയത്. അരമീറ്റർ വീതിയിൽ ചെറിയ വരമ്പ് കോരിയാണ് വിത്തിട്ടത്. വിത്തും മണലും കോഴിവളവും കൂട്ടിക്കുഴച്ചാണ് വരമ്പിൽ വിതറിയത്. ബന്ധുവായ കർഷകൻ നന്ദകുമാറും കൃഷിയിൽ ഒപ്പമുണ്ട്. ഒന്നര മാസം പ്രായമായ ചെടികൾ പാകമാകാൻ ഇനി ഒന്നര മാസം

കൂടി വേണം. രണ്ടിനം വിത്ത് രണ്ട് സ്ഥലങ്ങളിലായിട്ടാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തെ ചെടികൾ പൂവിട്ട് കായ പിടിക്കാൻ തുടങ്ങി. ശരാശരി 80 ദിവസമാണ് വിളവെടുക്കാൻ വേണ്ടത്. ആദ്യം നൽകിയ കോഴി വളമല്ലാതെ മറ്റ് വളങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.

പ്രകൃതിയുടെ കീടനിയന്ത്രണം

എള്ള് പൂവിട്ടപ്പോൾ തുടങ്ങിയ പുഴുശല്യം തലവേദനയായിരുന്നു. ഇത്രയും സ്ഥലത്ത് തളിക്കാനുള്ള ജൈവ കീടനാശിനിയൊന്നും കൈയിലില്ല. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രകൃതി തന്നെ സംരക്ഷകനായി മാറിയെന്ന് ഷിംജിത്ത് പറഞ്ഞു. എല്ലായിടത്തും ജൈവ കൃഷിയായതിനാൽ പല ജീവികളും പുഴുക്കളെ തിന്നാനെത്തി
.
 
രാവിലെ തന്നെ കിളികൾ കൂട്ടമായി പുഴുവിനെ കൊത്തി തിന്നാനെത്തും. ഓന്തും മറ്റ് ചെറിയ ജീവികളും കൃഷിയിടത്തിൽ യഥേഷ്ടമുണ്ട്. ഇവയും പുഴുക്കളെ ഭക്ഷണമാക്കും.
 

എള്ള് വിളവെടുപ്പ്

എളളിൻ്റെ കായ മൂപ്പെത്തുമ്പോൾ ചെടികളുടെ ഇലയ്ക്ക് മഞ്ഞനിറം വരും. പിന്നീട് കായ്കളും മഞ്ഞ നിറമായി പൊട്ടാൻ തുടങ്ങും. ഈ സമയത്താണ് വിളവെടുപ്പ്. ചെടി പിഴുതെടുത്ത് അടിഭാഗം മുറിച്ചു കളഞ്ഞ് ഉണങ്ങാനിടും പിന്നീട് ചെടികൾ കുടഞ്ഞ് ഇല നീക്കി മാറ്റിയിട്ട് നാലു ദിവസം വെയിലത്ത് ഉണക്കി വടി കൊണ്ട് തല്ലി എള്ള് വേർതിരിച്ചെടുക്കും. ഹെക്ടറിൽ അറുന്നൂറ് കിലോ വരെ വിളവ് 

ലഭിക്കുന്ന എളളിനങ്ങളുണ്ട്. എന്നാൽ വിപണിയിൽ നിന്ന് വാങ്ങിയതിനാൽ ഇതിൻ്റെ പേരറിയില്ല. ഹെക്ടറിൽ നിന്ന് 300 കിലോയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഷിംജിത്ത് പറഞ്ഞു. റബ്ബർ നട്ട ചെരിവുള്ള പ്രദേശമായതിനാൽ മുഴുവൻ സ്ഥലത്തും വിത്തിടാൻ കഴിഞ്ഞിട്ടില്ല. അതിനാൽ വിളവ് കുറയും. 

കായംകുളം -1, തിലക്, തിലധാര, തിലറാണി എന്നീ ഇനങ്ങൾ കേരള കാർഷിക സർവ്വകലാശാലയുടെ ഓണാട്ടുകര മേഖലാ കേന്ദ്രം വികസിപ്പിച്ച എള്ളിനങ്ങളാണ്. ഇതിൽ കായംകുളം – 1 ഹെക്ടറിൽ 300 കിലോ വിളവ് തരുമ്പോൾ തിലറാണി 580 കിലോ തരും.

Leave a Reply

Your email address will not be published. Required fields are marked *