എടയൂർ മുളകിന് ഭൗമ സൂചികാ പദവി ലഭിക്കുമ്പോൾ
മലപ്പുറം എടയൂർ പ്രദേശത്തിൻ്റെ പെരുമയ്ക്ക് കാരണമായ എടയൂർ മുളകിന് ഭൗമ സൂചിക പദവി ലഭിച്ചിരിക്കുന്നു.
ഈ പദവി ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട കൃഷി അസി.ഡയരക്ടർ ശ്രീലേഖ പുതുമന എഴുതുന്നു
എടയൂർ മുളകിന് ഭൗമ സൂചികാ പദവി ലഭിച്ചിരിക്കുന്നു… സ്വന്തം കുഞ്ഞ് പിച്ചവെച്ച് നടക്കാൻ തുടങ്ങും പോലെ… പറഞ്ഞറിയിക്കാനാവാത്ത സന്തോഷം…
എടയൂർ കൃഷിഭവനിൽ കൃഷി ഓഫീസറായി ചുമതലയേറ്റ സമയം. ഒരു ദിവസം ഭൗമ സൂചികാ പദവി ലഭിച്ച വിളകളെ സംബന്ധിച്ച് കേരള കർഷകനിൽ വന്ന ലേഖനം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് അലവ്യാക്ക എന്ന് ഞങ്ങൾ വിളിക്കുന്ന കർഷകൻ അലവി കുറച്ച് മുളക് ഒരു തേക്കിലയിൽ പൊതിഞ്ഞ് വന്നത്. ഇത് ങ്ങള് പൊരിച്ച് തിന്നോളീ… കുട്ട്യാക്ക് നല്ല ഇസ്ടെയ്ക്കാരം… എന്നു പറഞ്ഞ് അത് മേശപ്പുറത്ത് വെച്ചു. സുന്ദരക്കുട്ടന്മാരായ പച്ചമുളക് ! എടയൂരിൻ്റെ അടുത്ത പ്രദേശമായ വറ്റലൂരിൽ ജനിച്ച് വളർന്ന എനിക്ക് ഈ മുളകിൻ്റ കാര്യം പുതുമയൊന്നുമായിരുന്നില്ല. കൊണ്ടാട്ട മുളകിനായും പച്ചമുളക് കീറി
ഉപ്പ് നിറച്ച് വെളിച്ചെണ്ണയിൽ വറുത്തെടുത്ത് കഴിക്കാനും എത്രയോ കാലങ്ങളായി ഉപയോഗിക്കുന്ന മുളക്. അപ്പോൾ എവിടെ നിന്നോ ഒരു ഉൾവിളി പോലെ മനസ്സിൽ തോന്നി… ഇതിന് എന്തുകൊണ്ട് ഭൗമ സൂചികാ പദവിക്കായി അപേക്ഷിച്ചു കൂടായെന്ന്. അങ്ങനെ അന്വേഷണങ്ങൾ തുടങ്ങി. വിവരങ്ങൾ ശേഖരിച്ചു. ഇക്കാര്യം പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന രാജീവ് മാസ്റ്ററുടേയും അന്ന് കൃഷി മന്ത്രിയായിരുന്ന സുനിൽകുമാർ സാറിൻ്റെയും ശ്രദ്ധയിൽപ്പെടുത്തി. മുളകും കൊടുത്തു സാറിന്. സാറ് ഉടൻ തന്നെ ഭൗമ സൂചികാ പദവി ലഭിയ്ക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനായി കേരള കാർഷിക സർവ്വകലാശാലയിലെ എൽസി മാഡത്തെ ചുമതലപ്പെടുത്തി. എടയൂർ മുളകിനെപ്പറ്റിയുള്ള ലേഖനങ്ങളിലൂടെ അതിന് ഇത്രമാത്രം പ്രശസ്തി കിട്ടാനായി സഹായിച്ചത് പ്രശസ്ത ഫാം ജേർണലിസ്റ്റും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായി വിരമിച്ച പ്രിയപ്പെട്ട സുരേഷ് മുതുകുളം സാറാണ്. എടയൂർ മുളകിനെ സംബന്ധിച്ച് കൃഷി ഭവനിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ഡോക്യുമെൻ്റേഷനുകളിലേയും മാസ്മരിക വരികളും ആശയവും സാറിൻ്റേതാണ്. പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളിൽ ഇതെപ്പറ്റി സാറ് എഴുതിയിട്ടുണ്ട്. മാതൃഭൂമിക്ക് നൽകാനായി ലേഖനം സാറ് എഡിറ്റ്
ചെയ്ത് തന്നു. സാറിനോട് വളരെയേറെ കടപ്പാടുണ്ട്. മാതൃഭൂമിയിൽ അത് പ്രസിദ്ധീകരിച്ച ശശിധരൻ മങ്കത്തിലിനും നന്ദി. എടയൂർ മുളകിൻ്റെ ഇന്നു കാണുന്ന മനോഹര ചിത്രങ്ങൾ കാൻവാസിലാക്കിയതിൻ്റെയും ഇതിനായുള്ള ഫീൽഡ് പ്രവർത്തനങ്ങൾക്ക് എന്നെ സഹായിക്കുകയും ചെയ്തത് കൃഷി അസിസ്റ്റൻ്റ് പ്രഭുവാണ്. രാജീവ് മാഷും മെമ്പറായ വിശ്വനും കൊളമ്പൻ ഹസ്സനും ഇതിനായി ചെയ്ത പ്രവർത്തനങ്ങൾ നിസ്തുലമാണ്. ഏറ്റവും പ്രിയപ്പെട്ട സെയ്താലിക്കുട്ടി,അബൂബക്കർ, മോഹനകൃഷ്ണൻ, അബ്ദുൾ ഖാദർ, അലവി, കുരിക്കൾ, സുബ്രഹ്മണ്യൻ, കാളി, ലീല, സക്കീന, നസീമ, സുമൻ ,റിജേഷ്, പ്രിയ, സൂസമ്മ, നാരായണൻ സാർ, യൂനുസ്സലിം, ബാപ്പുട്ടി, മുഹമ്മദാലിമാർ, ഇബ്രാഹിം, ഗോപിയേട്ടൻ, അബ്ദുൾ ഖാദർ, യു.ടി,കൃഷ്ണ രാജൻ മാഷ്, ഏനി,വിജയൻ നായർ, തുടങ്ങി എല്ലാവരും.. നാടൊന്നിച്ച് ഇതിൽ പങ്കാളികളാണ്… വിവിധ ഘട്ടങ്ങളിൽ…
ഇതിനായി വളരെയധികം പണിപ്പെട്ട് ഫലപ്രാപ്തിയിൽ എത്തിച്ച പ്രിയപ്പെട്ട എൽസി മാഡം, സൂസൻ, കെ. അബ്ദുൾ ജബ്ബാർ സാര്‍ എന്നിവരെ
എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേരള കാർഷിക സർവകലാശാലയ്ക്കും ഇതൊരു പൊൻ തൂവൽ തന്നെ… ഞാൻ പ്രൊമോഷനായി പോരുമ്പോൾ അതുവരെ ചെയ്തതിൻ്റെ ബാക്കി നന്നായി ചെയ്യാൻ ഒരു മിടുക്കനായ കൃഷി ഓഫീസറെ വേണമായിരുന്നു… ആ അന്വേഷണം എത്തിയത് ഇപ്പോൾ കൃഷി ഓഫീസറായ വിഷ്ണുവിലാണ്… വിഷ്ണു അത് പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ എടയൂരിന് കിട്ടിയ ഈ പദവി ഉപയോഗപ്പെടുത്തി കർഷകർക്ക് നല്ല വരുമാനം നേടിക്കൊടുക്കാൻ ഇനി വരുന്ന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കഴിയണം. എന്നാലെ ഇതുകൊണ്ട് പ്രയോജനം ലഭിക്കു. കൂട്ടായ പ്രവർത്തനത്തിലൂടെ ലോകപ്രശസ്തമാക്കണം നമുക്ക് ഈ മുളകിനെ.
എടയൂർ മുളകിൻ്റെ
പ്രത്യേകതകൾ
മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലാണ് ഈ മുളക് വ്യാപകമായി കൃഷിചെയ്യുന്നത്. സമീപ പഞ്ചായത്തുകളായ വളാഞ്ചേരി, കല്പകഞ്ചേരി , ഇരിമ്പിളിയം, ആതവനാട്, കുറുവ, മൂർക്കനാട്, അത്തിപ്പറ്റ, വടക്കുമ്പുറം എന്നീ പ്രദേശങ്ങിലും ഇതിൻ്റെ കൃഷിയുണ്ട്. പണ്ടുമുതലേ കൃഷി ചെയ്തുവരുന്ന മുളകാണിത്. എരിവ് വളരെ കുറവാണ് അതിനാൽ കൊണ്ടാട്ടമുളക് ഉണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കുന്നിൻ പ്രദേശങ്ങളിലും അതിൻ്റെ ചെരിവുകളിലുമാണ് ഇത് കൂടുതലായി കൃഷി ചെയ്യുന്നത്. ചരൽ കലർന്ന ചുവന്ന മണ്ണുള്ള ഈ
പ്രദേശങ്ങളിലാണ് കൂടുതൽ വിളവ് ലഭിക്കുന്നത്. പക്ഷെ ഇപ്പോൾ പാടത്തും ഇത് കൃഷി ചെയ്യുന്നുണ്ട്. വിഷുക്കാലത്താണ് കർഷകർ ഇതിൻ്റെ വിത്തെടുക്കുന്നത്. സൂക്ഷിച്ചു വെക്കുന്ന വിത്ത് പിന്നീട് മുളപ്പിച്ച് തൈകൾ ഉണ്ടാക്കും. ജുലായ് – ആഗസ്ത് മാസങ്ങളിലാണ് വിളവെടുപ്പ്. പിന്നീട് ഒക്ടോബർ മാസത്തോടെ വീണ്ടും പാകമാകുന്ന മുളക് ചെറുതും എരിവുള്ളതുമായിരിക്കും. ഇത് ഉപ്പിട്ട തൈരിലും, മോരിലും ഇട്ടുവെച്ച് ഉണക്കി കൊണ്ടാട്ടമുളക് ഉണ്ടാക്കും. ഈ സമയത്ത് കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്. എടയൂർ ചില്ലി ഗ്രോവേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുളക് കർഷകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്.
Commendable effort by Ms Sreelekha and her team.Congrarulations to each one of them for the follow up actions..I hope others learn from them and take farming in our state forward.All the best. God bless.