മുരിങ്ങ വീട്ടുമുറ്റത്തെ ഔഷധം
ഡോ.എം.ഹർഷ
വീട്ടുമുറ്റത്തെ മുരിങ്ങയെ നമിക്കേണ്ട കാലമാണ് ഈ കൊറോണക്കാലം. പൊതുവെ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന മുരിങ്ങ ആരോഗ്യത്തിന്റെ അക്ഷയഖനിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന മുറ്റത്തെ മരമാണിത്.
മാര്‍ക്കറ്റില്‍ കിട്ടുന്ന പച്ചക്കറിയായി ഇതുമാറിയാൽ ഇതിന് നാം വലിയ വലികൊടുക്കേണ്ടിവരും. കണ്ണിനും ചര്‍മ്മത്തിനും ഹൃദയത്തിനും പേശിക്കും അസ്ഥിക്കും എന്തിന് മുടിക്ക്‌പോലും ആരോഗ്യം നല്‍കും മുരിങ്ങയില.എങ്ങുനിന്നോ വരുന്ന വിഷംപുരണ്ട പച്ചക്കറികളെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് നമ്മുടെ പ്രിയപ്പെട്ട മുരിങ്ങ. മൊറിംഗ ഒലിഫെറ എന്ന ശാസ്ത്രീയ നാമത്തിന് അറിയപ്പെടുന്ന മുരിങ്ങയില എട്ട് വിറ്റാമിനുകള്‍ അടക്കിയിട്ടുണ്ട്.വിറ്റാമിന്‍ (എ), വിറ്റാമിന്‍ (ബി), റൈബോഫ്ളോവിന്‍ (ബി 2), നിയാസിന്‍ (ബി 3), പാന്റാതെനിക്ക് ആസിഡ് (ബി5), വിറ്റാമിന്‍ (ബി6), ഫോളേറ്റ് (ബി9), വിറ്റാമിന്‍ (സി), എന്നിവ ഇതിലുണ്ട്. കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവയാണ് ഇതിലടങ്ങിയ ധാതുക്കള്‍. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ഇതിലുണ്ട്.
പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ മുരിങ്ങയുടെ ഇലകള്‍, വിത്ത്, എണ്ണ, വേരുകള്‍, പൂക്കള്‍, സ്രവം എന്നിവ ഉപയോഗിക്കുന്നു.അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന കാല്‍സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങ എക്‌സ്ട്രാക്റ്റില്‍ കാണപ്പെടുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതം തടയാന്‍ സഹായിക്കുകയും ആരോഗ്യകരമായ ഹൃദയം നിലനിര്‍ത്തുകയും ചെയ്യുന്നു. അമിതഭാരം കുറയ്ക്കാന്‍ മുരിങ്ങ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. കരള്‍രോഗങ്ങള്‍, സന്ധിവേദന, കോശങ്ങളിലെ വീക്കം തുടങ്ങിയ അവസ്ഥകളെ ഗണ്യമായി കുറയ്ക്കാന്‍ ഇതിനാവും. മുരിങ്ങ ഓയിലിന്റെ ഒലിക് ആസിഡ് ശുദ്ധീകരണ ഏജന്റായും ചര്‍മ്മത്തിനും മുടിക്കും മോയ്‌സ്ചറൈസറായും ഉപയോഗിക്കുന്നു. മുരിങ്ങ എണ്ണയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ആരോഗ്യമുള്ള മുടിനിലനിര്‍ത്താനും, മുടിപൊട്ടുന്നത് തടയുന്നതിനും കെരാറ്റിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ചര്‍മ്മത്തെ സ്നേഹിക്കുന്ന വിറ്റാമിനുകൾ നിറഞ്ഞിരിക്കുന്ന മുരിങ്ങ ചര്‍മ്മകോശങ്ങളിലെ വിഷാംശം നീക്കി ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങ ഇലകള്‍ സഹായിക്കുന്നു. ഇലകള്‍ പ്രോട്ടീന്റ സമ്പൂര്‍ണ്ണ ഉറവിടമായതിനാല്‍ പേശികളുടെ വളര്‍ച്ചയേയും പരിപാലനത്തേയും പിന്തുണയ്ക്കുന്നു. ഇലകള്‍ പ്രകൃതിദത്ത അഡാപ്‌റ്റോജന്‍ ആയതിനാല്‍ സമ്മര്‍ദ്ധത്തിന്റെ വിഷഫലങ്ങളിനിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ഇത് ഇരുമ്പിന്റെ ഉറവിടമായതിനാല്‍ ഇവ ഊര്‍ജ്ജം നല്‍കുന്നു.
ഉയര്‍ന്ന ആന്റി ഓക്‌സിഡന്റ് അളവ് കാരണം കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ആന്റി ഓക്‌സിഡന്റുകളി ചിലത് രക്തസമ്മര്‍ദം കുറയ്ക്കാനും രക്തിത്തിലും ശരീരത്തിലുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. പ്രകൃതിദത്ത ആന്റിബയോട്ടിക്കും ആന്റി ബാക്ടീരിയയുമായ മുരിങ്ങ ഇലകള്‍ ദഹനത്തെ അസ്വസ്ഥമാക്കുന്ന വിവിധ രോഗാണുക്കളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു.
( ആയുർവേദ ഡോക്ടറാണ് ലേഖിക )