ഉമ്മർ കുട്ടിയുടെ ഫാമിൽ വിളയുന്നത് ഡ്രാഗൺ ഫ്രൂട്ട്

JORDAYS DESK 

വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്ന ഉമ്മർ കുട്ടിയുടെ ഫാം കാണാൻ തന്നെ കൗതുകമാണ്. ചുവപ്പ് , മഞ്ഞ നിറങ്ങളിലുള്ള മെക്സിക്കൻ ഡ്രാഗൺ ഫ്രൂട്ട് ഒരു പൂന്തോട്ടത്തിലെന്നപോലെ വര്‍ണ്ണാഭമായി നിൽക്കുകയാണ് എങ്ങും. മലപ്പുറം വറ്റല്ലൂർ പറമ്പൻ ഹൗസിലെ ഉമ്മർ കുട്ടി എട്ടുവർഷം മുമ്പാണ് ഈ കൃഷി തുടങ്ങിയത്.

പാകമായ ഡ്രാഗൺ ഫ്രൂട്ട്

27 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് റിയാദിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ്  കൃഷിക്ക് തുടക്കമിട്ടത്. മലപ്പുറം – പെരിന്തൽമണ്ണ റൂട്ടിൽ മക്കരപറമ്പിനടുത്ത് പൊരുന്നന്‍പറമ്പിലാണ്‌ ഗ്രീൻ വാലി ഹൈടെക് ഫാം. പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷമാണ് റിയാദിലേക്ക് പോയത്.

തൈകൾ പുഷ്പിച്ചപ്പോൾ

അവിടെ  ഇന്ത്യൻ എമ്പസിക്കു കീഴിലുള്ള സ്ക്കൂളിൽ ടെക്നിക്കൽ ഇൻചാർജായി പ്രവർത്തിച്ചു വരുന്ന കാലത്ത് പല ഫാമുകളും സന്ദർശിച്ചിരുന്നു. അങ്ങിനെയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ആകൃഷ്ടനായത്. മെക്സിക്കോ, മലേഷ്യ, തായ്ലന്റ്, ഖത്തർ  എന്നിവിടങ്ങളിൽ നിന്ന് തൈകൾ വരുത്തിയാണ് കൃഷി തുടങ്ങിയത്. മൂന്നര ഏക്കർ ഫാമിൽ ഇപ്പോൾ ആയിരത്തോളം  ചെടികളിൽ നിന്ന് ഡ്രാഗൺ ഫ്രൂട്ട് കിട്ടുന്നുണ്ട്.

ആയിരം ചെടികൾ പുതുതായി വളർന്നു വരുന്നുമുണ്ട്. ഇതിന്റെ തൈകൾ 22 വർഷം വരെ വിളവ് നൽകുമെന്നതാണ് കൃഷിയുടെ മേന്മ. വെള്ളവും അധികം വേണ്ട. മഞ്ഞ ചുവപ്പ് നിറങ്ങളിലുള്ള പഴങ്ങളുടെ ചെടിയാണ് ഇപ്പോൾ ഫാമിലുള്ളത്. ചുവന്ന നിറത്തിലുള്ള ഇനങ്ങൾക്കുള്ളിൽ ചുവന്ന പഴമുള്ള “അമേരിക്കൻ ബ്യൂട്ടി ” യാണ് കൗതുകമുള്ള ഇനം. മഞ്ഞ നിറമുള്ള ഇനത്തിനുള്ളിൽ വെള്ളപഴമാണ്. അകത്ത് വെള്ള പഴമുള്ള ചുവന്ന ഇനങ്ങളുമുണ്ട്.

വിറ്റാമിൻ ബി.സി എന്നിവ കൂടുതൽ അടങ്ങിയിട്ടുള്ള ഡ്രാഗൺ ഫ്രൂട്ടിൽ ഫൈബറിന്റെ അളവും കുടുതലും പഞ്ചസാരയുടെ അംശം കുറവുമാണ്. കാൽഷ്യം, മെഗ്നീഷ്യം, ഇരുമ്പ്, ആന്റി ഓക്സിഡന്റ്സ് എന്നിവ നല്ല തോതിലുണ്ട്. പഴമായി തന്നെ കഴിക്കാനും ജ്യൂസ്, സ്ക്വാഷ് എന്നിവ ഉണ്ടാക്കാനും പറ്റും. ഉഷ്ണ മേഖലാ പ്രദേശത്ത് കണ്ടു വരുന്ന മുള്‍ച്ചെടിവര്‍ഗ്ഗത്തില്‍പ്പെട്ട ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുമെന്നാണ് തന്റെ കൃഷിയനുഭവമെന്ന് ഉമ്മർ കുട്ടി പറയുന്നു.

എല്ലാ വീടുകളിലും ഈ പഴം എത്തണമെന്ന ആഗ്രഹമുള്ളതുകൊണ്ട് ഇത് മൊത്തവില്പന നടത്തുന്നില്ല. ഫാമിൽ വരുന്നവർക്ക് ചില്ലറ വില്പന മാത്രമേയുള്ളു. ഇതിന്റെ നഴ്സറിയും ഫാമിലുണ്ട്. കായ്ച്ച ചെടികളും കൂടയിൽ വളർത്തിയ തൈകളും വില്പനയ്ക്കുണ്ട്. 150 രൂപയാണ് തൈകൾക്ക് വില. ചെടിയുടെ തണ്ട് മുറിച്ചുനട്ടാണ് തൈകൾ ഉണ്ടാക്കുന്നത്. കുരുനട്ടും തൈകൾ ഉണ്ടാക്കാമെങ്കിലും തൈകൾ വളരാൻ സമയമെടുക്കും.

ചെടികളുടെ നഴ്സറി

അഞ്ചടി ഉയരമുള്ള കോൺക്രീറ്റ് തൂണുകളോ ചെങ്കൽ തൂണുകളോ ഉണ്ടാക്കി നാല് തൈകൾ ചുറ്റും നട്ട് തൂണുകളിൽ പടർത്തും. വളർച്ചയ്ക്കനുസരിച്ച് ചെടികൾ തുണികൊണ്ട് തൂണിൽ കെട്ടിവെക്കും. ചെടികൾ തൂണുകളുടെ ഉയരത്തിലെത്തിയാൽ ഇതിനു മുകളിൽ ബൈക്കിന്റെ പാഴായ ടയർവെച്ച് ചെടികൾ നാലുഭാഗത്തേക്കും തൂക്കിയിടും.

പുതുതായി നട്ട തൈകൾ 

ചാണകം, കോഴിക്കാഷ്ടം, ആട്ടിൻകാഷ്ടം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നടുമ്പോഴും മൂന്നു മാസത്തിലൊരിക്കലും വളമായി നൽകും. ആഴ്ചയിൽ രണ്ടു തവണ നനച്ചാൽ മതി. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളൊഴികെ എത് മണ്ണിലും ഇവ വളരും. ചെടികൾ നട്ട് ഒന്നര വർഷം കഴിയുമ്പോൾ പുഷ്പ്പിക്കാൻ തുടങ്ങും. 28 ദിവസത്തിനുള്ളിൽ പഴങ്ങൾ പാകമാകും.

ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ പഴങ്ങൾ കിട്ടും. ഒരു പഴത്തിന് 350 മുതൽ 700 ഗ്രാം വരെ തൂക്കം വരും 10 -20 പഴങ്ങൾ ഒരു ചെടിയിൽ നിന്ന് കിട്ടും.കിലോയ്ക്ക് 300 രൂപ വരെ വിലയുണ്ട്. അമേരിക്ക, ഇസ്രായേൽ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന് പുറമെ എല്ലാ ഫല വൃക്ഷ തൈകളും ഫാമിൽ വില്പനയ്ക്കുണ്ട്.

പാഷൻ ഫ്രൂട്ടും വ്യാപകമായി വളർത്തുന്നുണ്ട്. പോളി ഹൗസിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഇതിനകത്തെ ചെടികളിൽ എല്ലാ കാലത്തും പഴങ്ങൾ വളരുമെന്ന പ്രത്യേകതയുമുണ്ട്. പൂന്തോട്ടങ്ങളിലും ഡ്രാഗൺ ഫ്രൂട്ട് വളര്‍ത്താറുണ്ട്.


One thought on “ഉമ്മർ കുട്ടിയുടെ ഫാമിൽ വിളയുന്നത് ഡ്രാഗൺ ഫ്രൂട്ട്

Leave a Reply

Your email address will not be published. Required fields are marked *