ഡ്രാഗൺ ഫ്രൂട്ട് വളർത്തി പണമുണ്ടാക്കാം
കേരളത്തിൽ അതിഥിയായി എത്തിയ വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാർ ഏറെ. കിലോയ്ക്ക് 300 രൂപ വരെ കിട്ടുന്ന ഈ പഴത്തിന്റെ കൃഷിക്ക് വലിയ ചെലവില്ല. കൃഷി തുടങ്ങുമ്പോഴുള്ള ചെലവ് മാത്രമേയുള്ളു. പിന്നീടങ്ങോട് വലുതായി പണം മുടക്കേണ്ടതില്ല
തൈകൾ 22 വർഷം വരെ വിളവ് നൽകുമെന്നതാണ് കൃഷിയുടെ പ്രത്യേകത. വളവും വെള്ളവും അധികം വേണ്ട എന്ന മെച്ചവുമുണ്ട്. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ ഏഴ് മാസം പഴങ്ങൾ കിട്ടും. ഒരു പഴത്തിന് 350 മുതൽ 700 ഗ്രാം വരെ തൂക്കം വരും 10 -20 പഴങ്ങൾ ഒരു ചെടിയിൽ നിന്ന് കിട്ടും. ഒരു പഴത്തിന് നൂറു രൂപയിലധികം വില വരും.
ഉഷ്ണമേഖലാ പ്രദേശത്ത് കണ്ടു വരുന്ന മുള്‍ച്ചെടിവര്‍ഗ്ഗത്തില്‍പ്പെട്ട ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുമെന്ന് മലപ്പുറത്ത് ഈ കൃഷി വലിയ തോതിൽ നടത്തുന്ന ഉമ്മർ കുട്ടി പറയുന്നു. പെരിന്തൽമണ്ണ മക്കരപറമ്പിനടുത്ത് പൊരുന്നന്‍പറമ്പിലാണ് ഇദ്ദേഹത്തിന്റെ ഗ്രീൻ വാലി ഹൈടെക് ഫാം.
മഞ്ഞ ചുവപ്പ് നിറങ്ങളിലുള്ള പഴങ്ങളുടെ ചെടിയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ചുവന്ന നിറത്തിലുള്ള ഇനങ്ങൾക്കുള്ളിൽ ചുവന്ന പഴമുള്ള “അമേരിക്കൻ ബ്യൂട്ടി ”ക്ക് നല്ല ഡിമാന്റാണ്.
കൃഷി രീതി:
ചെടിയുടെ തണ്ട് മുറിച്ചുനട്ടാണ് തൈകൾ ഉണ്ടാക്കുന്നത്. കുരുനട്ടും തൈകൾ ഉണ്ടാക്കാമെങ്കിലും തൈകൾ വളരാൻ സമയമെടുക്കും. ഒരേക്കർ സ്ഥലത്ത് 1700 തൈകൾ നടാം. തൈകൾ തമ്മിൽ രണ്ടു മീറ്ററും വരികൾ തമ്മിൽ മൂന്നു മീറ്ററും അകലം വേണം. അഞ്ചടി ഉയരമുള്ള കരിങ്കൽ തൂണുകളോ അഞ്ച് ചെങ്കല്ല് വെച്ചുണ്ടാക്കിയ തൂണിലോ ചെടികൾ പടർത്താം. ജി. ഐ. പൈപ്പോ മരത്തിന്റെ കമ്പോ ഉറപ്പിച്ചും തൈകൾ നടാം. പക്ഷെ ചെടികൾ വർഷങ്ങളോളം നിലനിൽക്കേണ്ടതുകൊണ്ട് ഉറപ്പുള്ള താങ്ങ്കാലുകൾ തന്നെ വേണം.
തൂണിനു താഴെ മണ്ണ് കൂന കൂട്ടി നാല് തൈകൾ തൂണിന്ചുറ്റും നടാം. വളർച്ചയ്ക്കനുസരിച്ച് ചെടികൾ തുണികൊണ്ട് തൂണിൽ കെട്ടിവെക്കണം. ചെടികൾ തൂണുകളുടെ ഉയരത്തിലെത്തിയാൽ ഇതിനു മുകളിൽ ബൈക്കിന്റെ പാഴായ ടയർ വെച്ച് ചെടിയുടെ ശാഖകൾ നാലുഭാഗത്തേക്കും തൂക്കിയിടണം. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നടുമ്പോൾ ചേർത്തു കൊടുക്കണം.
മൂന്നു മാസത്തിലൊരിക്കൽ ഇത് വളമായി നൽകാം. ആഴ്ചയിൽ രണ്ടു തവണ നനച്ചാൽ മതി. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളൊഴികെ എത് മണ്ണിലും ഇവ വളരും. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ മണ്ണ് ഉയരത്തിൽ കൂന കൂട്ടി ചെടികൾ നടാം. തടത്തിൽ വെള്ളം കെട്ടി നിൽക്കരുത്. നട്ട് ഒന്നര വർഷം കഴിയുമ്പോൾ പുഷ്പ്പിക്കാൻ തുടങ്ങും.
പിന്നീട് 28 ദിവസത്തിനുള്ളിൽ പഴങ്ങൾ പാകമാകും. വിറ്റാമിൻ ബി.സി എന്നിവ കൂടുതൽ അടങ്ങിയിട്ടുള്ള ഡ്രാഗൺ ഫ്രൂട്ടിൽ ഫൈബറിന്റെ അളവും കൂടുതലും പഞ്ചസാരയുടെ അംശം കുറവുമാണ്. കാൽഷ്യം, മെഗ്നീഷ്യം, ഇരുമ്പ്, ആന്റി ഓക്സിഡന്റ്സ് എന്നിവ നല്ല തോതിലുണ്ട്. പഴമായി തന്നെ കഴിക്കാനും ജ്യൂസ്, സ്ക്വാഷ് എന്നിവ ഉണ്ടാക്കാനും പറ്റും.
ഡ്രാഗൺ ഫ്രൂട്ടിന്റെ നഴ്സറി ഉമ്മർ കുട്ടിയുടെ ഫാമിലുണ്ട്. കായ്ച്ച ചെടികളും കൂടയിൽ വളർത്തിയ തൈകളും വില്പനയ്ക്കുണ്ട്. 150 രൂപയാണ് തൈകളുടെ വില. കൂടുതൽ തൈകൾ വാങ്ങുന്നവർക്ക് ഇത് വളർത്താൻ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഇദ്ദേഹം നൽകുന്നുണ്ട് . ( ഉമ്മർ കുട്ടി ഫോൺ – 8089870430 )