കാർഷിക യന്ത്രങ്ങൾ നന്നാക്കാൻ ജില്ലകളിൽ 20 സർവീസ് ക്യാമ്പുകൾ
പ്രവർത്തനരഹിതമായ കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താൻ ഓരോ ജില്ലയിലും 20 സർവീസ് ക്യാമ്പുകൾ നടത്തും. സംസ്ഥാനത്ത് ഇങ്ങനെ 280 സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഇതിനായി 70 ലക്ഷത്തോളം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.
കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള സർവീസ് ക്യാമ്പിന്റെ ഉദ്ഘാടനം ചേർത്തല എൻ.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കർഷകർക്കും കൃഷിക്കൂട്ടങ്ങൾക്കും പാടശേഖര സമിതികൾക്കും ഉൾപ്പെടെ ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. വിദഗ്ധരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ ഇത്തരത്തിൽ സർവീസ് ക്യാമ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അറ്റകുറ്റ പ്രവൃത്തികൾക്കാവശ്യമായ ചെറിയ സ്പെയർ പാർട്ട്സുകൾക്ക് ബിൽ തുകയുടെ പൂർണ്ണമായോ (പരമാവധി 1000 രൂപ വരെ), 25 ശതമാനം സബ്‌സിഡി ആയോ (2500 രൂപ വരെ) ധനസഹായം നൽകുന്നുണ്ട്. അതുപോലെ ചെറിയ കാർഷിക യന്ത്രങ്ങൾക്ക് അറ്റകുറ്റപ്പണികൾക്കുള്ള ലേബർ ചാർജ് സൗജന്യമാണ്. എന്നാൽ വലിയ യന്ത്രങ്ങൾക്ക് ലേബർ ചാർജിൻ്റെ 25 ശതമാനം പരമാവധി 1000 രൂപവരെ ധനസഹായമായി നൽകും. ഒരു സർവ്വീസ് ക്യാമ്പിന് 23,000 രൂപ കർഷകർക്ക് ധനസഹായമായി നൽകത്തക്ക രീതിയിലാണ് ക്യാമ്പുകൾ വിഭാവനം ചെയ്തിട്ടുളളത്.
ചടങ്ങിൽ ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗ്ഗവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കാർഷിക എൻജിനീയർ വി.ബാബു സ്വാഗതം പറഞ്ഞു. ദക്ഷിണ മേഖല കൃഷി എക്സിക്യൂട്ടീവ് എൻജിനീയർ സി. കെ.രാജ്മോഹൻ പദ്ധതി വിശദീകരിച്ചു.