കര്‍ഷകരുടെ രക്ഷയ്ക്ക് വിള ഇന്‍ഷൂറന്‍സ്
വീണാറാണി.ആര്‍
മഴക്കാലം പ്രകൃതിക്ഷോഭങ്ങളുടെ കാലമാണ്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും വെളളപ്പൊക്കവും കടലാക്രമണവും ചുഴലിക്കാറ്റുമെല്ലാം നമ്മുടെ കാലവര്‍ഷത്തിനൊപ്പമുണ്ട്. യഥാര്‍ത്ഥ കര്‍ഷകനെ സംബന്ധിച്ചിടത്തോളം മഴക്കാലം വെല്ലുവിളികളുടേയും വറുതിയുടേയും മാസങ്ങളാണ്.
ഇവിടെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കി കൈത്താങ്ങാവുകയാണ് വിള ഇന്‍ഷൂറന്‍സ് പദ്ധതി. ഞാലിപ്പൂവന്‍ മുതല്‍ നേന്ത്രന്‍ വരെയുളള ഏതിനം വാഴയും കാറ്റത്ത് പൊട്ടിവീഴുന്നത് തികച്ചും സ്വാഭാവികം. കുലച്ച നേന്ത്രനാണ് പൊട്ടി വീഴുന്നതെങ്കില്‍ നഷ്ടപരിഹാരമായി 300 രൂപയും കുലക്കാത്തതിന് 150 രൂപയും കര്‍ഷകന് വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ലഭിക്കും. ഒരു മാസം മുതല്‍ 5 മാസം പ്രായമാകുന്നതിനിടയില്‍ വാഴ ഒന്നിന് 3 രൂപ പ്രീമീയം അടച്ചാല്‍ മതി. തെങ്ങാണ് ഇന്‍ഷൂര്‍ ചെയ്യുന്നതെങ്കില്‍ ഒരു തെങ്ങിന് ഒരു വര്‍ഷത്തേക്ക് 2000 രൂപയും കായ്ക്കാത്തതിന് 1000 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക.
റബ്ബറിന് പ്രീമിയം 3 രൂപയും നഷ്ടപരിഹാരതോത് 1000 രൂപയുമാണ്. നെല്‍ കൃഷിയിലാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. പ്രകൃതിക്ഷോഭത്തോടൊപ്പം കീടരോഗബാധയും നെല്‍കര്‍ഷകനെ വിള ഇന്‍ഷൂറന്‍സിലൂടെ രക്ഷപ്പെടുത്തും. 25 സെന്റ് നെല്‍കൃഷിക്ക് 25 രൂപയാണ് പ്രീമിയം. 45 ദിവസത്തിനുളളിലാണ് നശിക്കുന്നതെങ്കില്‍ ഒരു ഹെക്ടറിന് 15000 രൂപയും 45 ദിവസത്തിനു ശേഷമുളളവയ്ക്ക് 35000 രൂപയും നഷ്ടപരിഹാരം ഉറപ്പുനല്‍കുന്നു.
പച്ചക്കറി കൃഷിക്ക് പന്തലുളളവയ്ക്ക് 40000 രൂപയും പന്തലില്ലാത്തവയ്ക്ക് 25000 രൂപയമാണ് വിള ഇന്‍ഷൂറന്‍സിന്റെ നഷ്ടപരിഹാര തോത്. പ്രകൃതിയും കൃഷിയും തമ്മിലുളള വിടവ് നികത്തുന്ന വിള ഇന്‍ഷൂറന്‍സിനായി തൊട്ടടുത്ത കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യാം.
( കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക )