കയര്‍ ഭൂവസ്ത്ര കുളങ്ങളുമായി കുമളി ഗ്രാമപഞ്ചായത്ത്
കയര്‍ ഭൂവസ്ത്രം വിരിച്ച് നിർമ്മിച്ച കുളങ്ങളുമായി കുമളി ഗ്രാമപഞ്ചായത്ത് ശ്രദ്ധനേടുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയിലൂടെ കുമളി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടന്നു.
രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കുക, കൃഷിക്ക് വേണ്ട ജലം ലഭ്യമാക്കുക, ഭൂഗര്‍ഭ ജലനിരപ്പ് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 2000 കുളങ്ങളാണ് കേരളത്തിൽ നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 1000 കുളങ്ങളാണ് സംസ്ഥാനമൊട്ടാകെ ലോകജലദിനത്തില്‍ നാടിന് സമര്‍പ്പിക്കപ്പെട്ടത്. കുമളി ഗ്രാമപഞ്ചായത്തില്‍ മൂന്നു കുളങ്ങളാണ് നിര്‍മ്മിച്ചത്.
പതിനൊന്നാം വാര്‍ഡില്‍ തേക്കടി മന്നാകുടി ഭാഗത്ത് പൊന്നമ്മ നായന്‍ എന്ന വ്യക്തിയുടെ പുരയിടത്തില്‍ 352 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 131546 രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ് നിര്‍വഹിച്ചു . ഇന്ദിരാ സുരേന്ദ്രന്‍ എന്ന വ്യക്തിയുടെ പുരയിടത്തില്‍ 373 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 146497 രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച രണ്ടാമത്തെ കുളത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു.
സുജാത ദേവരാജന്‍ എന്ന വ്യക്തിയുടെ പുരയിടത്തിലാണ് മൂന്നാമത്തെ കുളം നിര്‍മ്മിച്ചത്. 188 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 82401 രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നിര്‍ണാക്കുന്നേല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സനില്‍ അധ്യക്ഷത വഹിച്ചു.