കോവിഡിൽ വലഞ്ഞ് കൊട്ടത്തേങ്ങ വിപണി
രാവിലെ കോഴിക്കോട് സൗത്ത് ബീച്ച് റോഡരികിൽ കൊട്ടത്തേങ്ങ കൂട്ടിയിട്ട് തൊഴിലാളികൾ തരംതിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ കോവിഡിന്റെ പിടിയിൽ കൊട്ടത്തേങ്ങ വിപണിയും ശ്വാസം മുട്ടി. വിപണി അടഞ്ഞത് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ആയിരക്കണക്കിന് കേര കർഷകർക്ക് തിരിച്ചടിയായി.
ലോക് ഡൗണായതിനാൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ കോഴിക്കോട്ടെ വിപണി പൂർണ്ണമായും അടഞ്ഞു. മഹാരാഷ്ട്ര, മധ്യപ്രദേശ് , ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കോഴിക്കോട് നിന്ന് കൊട്ടത്തേങ്ങ കയറ്റി അയക്കുന്നത്. ക്ഷേത്രങ്ങളിൽ പൂജയ്ക്കും പ്രസാദമായി നൽകാനും വിവാഹ ആവശ്യത്തിനുമാണ് കൊട്ടത്തേങ്ങ ഉപയോഗിക്കുന്നത്. മെയ് രണ്ടാം വാരം ലോറികൾ ഓടിത്തുടങ്ങിയ തോടെ ചെറിയ തോതിൽ കൊട്ടത്തേങ്ങ കയറ്റിഅയക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ പയ്യോളി, തിക്കോടി, വടകര, കുറ്റ്യാടി മേഖലകളിൽ നിന്നാണ് കൊട്ടത്തേങ്ങ കോഴിക്കോട്ടെ വിപണിയിലെത്തുന്നത്. മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ ഭാഗങ്ങളിൽ നിന്നും ഇത് വരുന്നത്. വടക്കൻ തേങ്ങ തെക്കൻ തേങ്ങ എന്നിങ്ങനെയാണ് ഇത് അറിയപ്പെടുന്നത്. കർഷകർ പച്ചത്തേങ്ങ വിറ്റ് ബാക്കിയാകുന്ന ഉണക്ക് തേങ്ങയാണ് ഉണ്ടകൊപ്രയായും കൊട്ടത്തേങ്ങയായും വിൽക്കുന്നത്. തേങ്ങ ആറു മാസത്തോളം വീടിന്റെ മേൽക്കൂരയുടെ അട്ടത്തും മറ്റും ഇട്ടാണ് ഉണക്കിയെടുക്കുന്നത്.പിന്നീട് ഇതിൽ വലിയ തേങ്ങ ഉണ്ട കൊപ്രയാക്കും. വെള്ളം വറ്റി ഉണങ്ങിയ തേങ്ങയുടെ ചിരട്ട പൊളിച്ചെടുത്താണ് ഉണ്ട കൊപ്ര ഉണ്ടാക്കുന്നത്. കോഴിക്കോട്ട് കോർട്ട് റോഡിൽ ഉണ്ട കൊപ്ര മാർക്കറ്റുമുണ്ട്. ഇതിൽ ബാക്കി വരുന്ന തേങ്ങ കൊട്ടത്തേങ്ങ വിപണിയിലേക്ക് നൽകും.
എല്ലാ ദിവസവും അതിരാവിലെ തന്നെ തേങ്ങ കോഴിക്കോട്ടെ വിപണിയിലെത്തും. മുമ്പ് പത്ത് മൊത്തക്കച്ചവട സ്ഥാപനങ്ങൾ ഉണ്ടായിരുന്നുവെന്ന് ബീച്ച് റോഡിലെ വ്യാപാരിയായ വിപിൻ കുമാർ പരേഖ് പറയുന്നു. പരമാനന്ദ് ഗുലാബ് ചന്ദ് ആന്റ് കമ്പനി ഉടമയാണ് പരേഖ്. മുംബൈയിൽ നിന്ന് എൺപത് വർഷം മുമ്പ് കോഴിക്കോട്ടു വന്ന് ഈ വ്യാപാരം തുടങ്ങിയവരാണ് പരേഖിന്റെ കുടുംബം. മൊത്തക്കച്ചവട വ്യാപാരികൾ ഇപ്പോൾ പത്തിൽ നിന്ന് അഞ്ചായി ചുരുങ്ങി. ബീച്ച് റോഡിലും കോർട്ട് റോഡിലുമാണ് ഉണ്ട കൊപ്ര, കൊട്ടത്തേങ്ങ ഗോഡൗണുകൾ.
നല്ല കൊട്ട തേങ്ങ 275 എണ്ണം വരുന്ന ചാക്കുകളായാണ് കയറ്റി അയക്കുന്നത്.ഇതിന് 4000 രൂപയാണ് വില. ചാക്കുകൾ ലോറികളിൽ കയറ്റിയാണ് മഹാരാഷ്ട്രയിലും മറ്റും എത്തിക്കുന്നത്. കോഴിക്കോട്ടെ വിപണിയിൽ കർഷകർക്ക് തേങ്ങയ്ക്ക് പത്തു രൂപ വരെ കിട്ടും. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാങ്ങളിലും 15 – 20 രൂപ തോതിലാണ് ചില്ലറ വില്പന. ഇവിടങ്ങളിൽ പച്ച നാളികേരം ഉപയോഗിക്കാറില്ല. നല്ല ചൂടുകാലത്ത് ഇത് പൊട്ടി ഫംഗസ് പിടിക്കും. അതിനാലാണ് കൊട്ടത്തേങ്ങയ്ക്ക് പ്രിയമേറിയത്. കോഴിക്കോട്ട് ഉണ്ട കൊപ്ര, കൊട്ടത്തേങ്ങ വിപണിയുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലാളികൾ ഉപജീവനം കണ്ടെത്തുന്നുണ്ട്.
തേങ്ങ തരംതിരിക്കാനും ഗോഡൗണിൽ ശേഖരിക്കാനും ചാക്കിൽ നിറച്ച് ലോറിയിൽ കയറ്റാനുമായി തൊഴിലാളികൾ വേണം.നവംമ്പർ ഡിസംമ്പർ മാസം ഒഴികെ മറ്റെല്ലാ മാസങ്ങളിലും കോഴിക്കോട്ടെ കൊട്ടത്തേങ്ങ വിപണി സജീവമാണ്. ലോക് ഡൗണിന് മുമ്പ് തന്നെ ഗോഡൗണുകളിലെ കൊട്ടത്തേങ്ങ കയറ്റി അയച്ചിരുന്നു. ക്ഷേത്രങ്ങൾ തുറക്കാതിരിക്കുകയും വിവാഹ ആഘോഷങ്ങൾ ഇല്ലാതാവുകയും ചെയ്തതോടെ കൊട്ട തേങ്ങയ്ക്ക് വിപണി ഇല്ലാതായെന്ന് വ്യാപാരി വിപിൻ കുമാർ പരേഖ് പറഞ്ഞു. ഈ വർഷം ഇനി വിപണി സജീവമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.