കൊക്കോ കൃഷി ചെയ്യാം, ഇടവിളയായി
വീണാറാണി.ആര്‍
കേരളത്തിലെ മണ്ണും കാലാവസ്ഥയും കൊക്കോ കൃഷിക്ക് യോജിച്ചതാണ്. എഴുപതുകളിലാണ് കൊക്കോ കൃഷി കേരളത്തിൽ വ്യാപകമായി പ്രചരിച്ചത്. റബ്ബർ ചതിച്ചപ്പോൾ ഒരു കാലത്ത് മലയോര കർഷകർക്ക് കൈത്താങ്ങായത് ഈ കൃഷിയാണ്. നല്ല വില കിട്ടിയിരുന്ന കാലമാണത്. എൺപതുകളിൽ കൊക്കോവില വളരെ താഴേക്ക് പോയപ്പോൾ കർഷകർ ഈ കൃഷി കൈയൊഴിയുകയും ചെയ്തു.
പിന്നീട് വില മെച്ചപ്പെട്ടപ്പോൾ കൊക്കോ കേരളത്തിൽ ഇടവിള എന്ന നിലയിൽ സ്ഥിരം കൃഷിയായി. തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയുടെ ഇടവിളയായി ഇത് കൃഷി ചെയ്താൽ വലിയ പരിചരണം ആവശ്യമില്ല. കൊക്കോ പരിപ്പ് പച്ചയായും ഉണക്കിയും വില്പന നടത്താം. ചോക്ലേറ്റ് കമ്പനികളാണ് പരിപ്പ് മൊത്തമായി വാങ്ങി സംസ്ക്കരിച്ച് ഉപയോഗിക്കുന്നത്. കൊക്കോ തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ഒരു ഹെക്ടറില്‍ 1100 ചെടികള്‍ നടാം. രണ്ടുവരി തെങ്ങുകള്‍ക്ക് ഒത്ത നടുവില്‍ 3 മീറ്റര്‍ അകലത്തിലായി നടുന്നതാണ് കൊക്കോയുടെ ഇടവിള രീതി. ഇങ്ങനെ വരുമ്പോള്‍ ഹെക്ടറിന് 500 കൊക്കോ നടാം.
ജൂണ്‍ ജൂലൈ മാസമാണ് കൊക്കോ നടാന്‍ ഏറ്റവും അനുയോജ്യമായ സമയം. ആറുമാസം വരെ പ്രായമായ തൈകള്‍ നടാന്‍ തെരഞ്ഞെടുക്കണം. 50 സെന്റിമീറ്റര്‍ നീളവും വീതിയും താഴ്ചയുളള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപൊടിച്ച ചാണകവും നന്നായി കൂട്ടിക്കലര്‍ത്തി മണ്ണൊരുക്കാം. വേനല്‍ക്കാലത്ത് പത്ത് ദിവസത്തില്‍ ഒരിക്കല്‍ നനച്ചുകൊടുക്കണം. ദിവസം 25 ലിറ്റര്‍ വെളളം തുള്ളിനനയായി നല്‍കുന്നതാണുത്തമം. കൊക്കോയ്ക്കുളള ഏറ്റവും പ്രധാന പരിചരണ മുറയാണ് കൊമ്പുകോതല്‍. കുടയുടെ ആകൃതിയില്‍ കൊമ്പ് കോതി നിര്‍ത്താം. തായ്‌ചെടികളില്‍ നിന്നുളള പൊടിപ്പ് നുളളിക്കളയുന്നതും പ്രധാനം തന്നെ. മെയ്മാസത്തിലും ഡിസംബറിലും കൊമ്പ് കോതാം. ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ ഒറ്റത്തണ്ടായി വളര്‍ത്തുന്നതാണ് സൗകര്യം.
വേരുപടലം മേല്‍ത്തട്ടിലായതിനാല്‍ കൊക്കോയ്ക്ക് അധികം കൊത്തും കിളയും പാടില്ല. മൂപ്പെത്തിയ ചെടിക്ക് വര്‍ഷത്തില്‍ 225 ഗ്രാം വീതം യൂറിയയും പൊട്ടാഷും 300 ഗ്രാം രാജ്‌ഫോസും നല്‍കാം. നനയ്ക്കുന്ന തോട്ടത്തില്‍ ഇതു തന്നെ മൂന്ന് തുല്യ ഗഡുക്കളായി നല്‍കിയാല്‍ മതിയാകും. ചെടിയുടെ ചുറ്റും ആഴം കുറഞ്ഞ തടമെടുത്ത് വളം വിതറി നേരിയ തോതില്‍ മണ്ണില്‍ മൂടണം. വര്‍ഷത്തില്‍ 60 കായയില്‍ കൂടുതല്‍ കിട്ടുന്ന ചെടിക്ക് ശുപാര്‍ശയുടെ ഇരട്ടിവളം നല്‍കണം.