മറൈന്‍ ഡ്രൈവില്‍ കൊച്ചിന്‍ ഫ്ലവർഷോ ഡിസം.22 മുതൽ
ഫ്ലവർ ഷോയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു
പൂക്കളുടെ വർണ്ണ ലോകം ഇതാ തുറക്കുന്നു. 40-ാമത് കൊച്ചിന്‍ ഫ്ലവർ ഷോ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി ഒന്നു വരെ നടക്കും.
എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ ഫ്ലവർ ഷോ സ്വാഗതസംഘം ഓഫീസ്
ജില്ലാ കളക്ടറും എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ചെയര്‍മാനുമായ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.
പൂക്കളുടെ അത്ഭുതലോകമാണ് പൂന്തോട്ട പ്രേമികൾക്കായി ഒരുങ്ങുന്നത്.
5000 നുമേല്‍ ഓര്‍ക്കിഡുകള്‍, 1000 അഡീനിയം, ഗ്രാഫ്റ്റ് ചെയ്ത പല വര്‍ണ്ണത്തിലുള്ള മൂണ്‍ ക്യാക്ടസ്, 30000 പൂച്ചെടികള്‍, 6000 ചതുരശ്ര അടിയില്‍ തയ്യാറാക്കിയ പുഷ്പാലങ്കാരം, 10 അടി വലുപ്പത്തിലുള്ള വെജിറ്റബിള്‍ കാര്‍വിങ്, റോസാ ചെടികള്‍, മിനി ആന്തൂറിയം, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങള്‍ കൊണ്ടുള്ള ഉദ്യാനം, വിദേശ പഴചെടികളുടെ ഉദ്യാനം എന്നിങ്ങനെ വിപുലവും കൂടുതല്‍ ആകര്‍ഷകവുമാണ് ഈ വര്‍ഷത്തെ ഫ്ലവർഷോ.
ഉദ്യാന ചെടികളുടെ വിപണത്തിനായി കേരളത്തിന് പുറത്തുനിന്നുള്ള നഴ്‌സറികള്‍ ഉള്‍പ്പടെ നഴ്‌സറികളുടെ നീണ്ട നിരയുണ്ട്. സന്ദര്‍ശകരുടെ ഉദ്യാനസംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ‘അഗ്രി ക്ലിനിക്’ ഷോഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കോക്കനട്ട് ഡവലപ്പ്‌മെന്റ് ബോര്‍ഡ്, കയര്‍ ബോര്‍ഡ്, എം.പി.ഇ.ഡി.എ, സ്പൈസസ് ബോര്‍ഡ് തുടങ്ങി വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തില്‍ ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ വി.കെ.കൃഷ്ണന്‍ ആമുഖപ്രസംഗം നടത്തി. 40 വര്‍ഷമായി കൊച്ചി ഫ്‌ളവര്‍ ഷോയുടെ സംഘാടകനും ലാന്‍ഡ്‌സ്‌കെപ്പറുമായ പ്രൊഫ. വി.ഐ. ജോര്‍ജ് പങ്കെടുത്തു. ജി.സി.ഡി.എ സെക്രട്ടറി ടി.എന്‍ രാജേഷ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു.