വീട്ടുമുറ്റത്ത് ചോളം കൃഷി ചെയ്യാം
തമിഴ്നാട്ടിൽ നിന്നും കർണ്ണാടയിൽ നിന്നുമാണ് പച്ചച്ചോളവും ഉണക്കിയ ചോളവും കേരളത്തിലെത്തുന്നത്. ചോളത്തിന്റെ കായ പുഴുങ്ങി തിന്നാനും വേവിച്ച് സാലഡിൽ ഉപയോഗിച്ചാലും നല്ല സ്വാദാണ്. ഉണങ്ങിയ ചോളം വെളിച്ചെണ്ണയും മഞ്ഞൾ പൊടിയും ഉപ്പും കലർത്തി അടച്ച പാത്രത്തിലിട്ട് ചൂടാക്കിയാൽ പോപ്പ്കോൺ ഉണ്ടാക്കാം. വീട്ടുമുറ്റത്തും പറമ്പിലും നമുക്ക് ചോളം കൃഷി ചെയ്യാം
ചോളം കൃഷി ചെയ്യാനായി വിത്ത് തേടിപ്പോകേണ്ടതില്ല. മാർക്കറ്റിൽ കിലോയ്ക്ക് 20-25 രൂപ തോതിൽ ചോളം വാങ്ങാൻ കിട്ടും.അധികം പഴക്കമില്ലാത്തത് തിരഞ്ഞെടുത്താൽ ഇത് തന്നെ വിത്തായി ഉപയോഗിക്കാം. മണ്ണിൽ ചാണകപ്പൊടിയും അല്പം വെണ്ണീറും കലർത്തി വേണം വിത്ത് നടാൻ. ഒരടി ആഴത്തിൽ കിളച്ച് മണ്ണിൽ ചാണകപ്പൊടി കലർത്തി നിരപ്പാക്കിയ ശേഷം ചോളത്തിന്റെ വിത്ത് നടാം. നടാനുള്ള ചോളം തലേന്ന് രാത്രി ഒരു തുണിയിൽക്കെട്ടി
വെള്ളത്തിൽ മുക്കി വെച്ച് നട്ടാൽ പെട്ടെന്ന് മുളയ്ക്കും. ഒരടി അകലത്തിൽ വിരൽ കൊണ്ട് കുഴിയുണ്ടാക്കി ഓരോ വിത്ത് ഇട്ടു കൊടുക്കണം. ഇതിനു ശേഷം മണ്ണിൽ എപ്പോഴും നനവ് വേണം. ഒരാഴ്ചകൊണ്ട് വിത്ത് മുളച്ച് തൈകളാവും. തൈകൾ വലുതാവുമ്പോൾ ചാണകപ്പൊടി കോഴി കാഷ്ഠം എന്നിവ ചേർത്തു കൊടുക്കാം. വേനലിൽ രാവിലെയും വൈകുന്നേരവും നനയ്ക്കണം. രണ്ടു മാസം കൊണ്ട് തൈകൾ ഒരാൾ പൊക്കത്തിൽ വളർന്ന് പൂവിടാൻ തുടങ്ങും. പിന്നീട് ഒരുമാസം കൊണ്ട് കായ മൂപ്പെത്തും. മൂന്ന് മാസമാണ് ഈ കൃഷിക്ക് വേണ്ടത്. നാരും പ്രോട്ടീനും അടങ്ങിയ ധാന്യമാണ് ചോളം. വിറ്റാമിൻ സി, ബി – 1, ബി- 9, മഗ്നീഷ്യം, പൊട്ടാസിയം എന്നിവയുടെ കലവറ കൂടിയാണിത്. കേരളത്തിലെ വേനൽ കാലം. ചോളകൃഷിക്ക് പറ്റിയതാണ്. തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തിൽ ഇരുപത്തഞ്ചോളം കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ
ചോളം കൃഷി ചെയ്യുന്നുണ്ടെന്ന് ആനാട് കൃഷി ഓഫീസർ എസ്.ജയകുമാർ പറഞ്ഞു. നല്ല വളം ചേർത്താൽ മികച്ച വിളവ് ലഭിക്കും. ഇവിടെ ചോളം കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും കൃഷി ഓഫീസർ പറഞ്ഞു. ചോളം കൃഷിയിലൂടെ ആദായമുണ്ടാക്കാമെന്ന് 25 സെന്റ് സ്ഥലത്ത് ചോളം കൃഷി നടത്തിയ ആനാട് ശക്തി പുരത്തെ കർഷകനായ ഷിബുകുമാർ പറഞ്ഞു. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഷിബു.