പയ്യന്നൂർ കാർഷിക വികസന ബാങ്കിൻ്റെ മട്ടുപ്പാവിൽ ഓണപ്പൂക്കൾ
അങ്ങ് ഗുണ്ടൽപേട്ടിൽ മാത്രമല്ല ചെണ്ടുമല്ലി ഇവിടെയും പൂവിടും. വർണ്ണാഭമായി ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കാണാൻ പയ്യന്നൂരേക്ക് വന്നാൽ മതി. കണ്ണൂർ ജില്ലയിലെ പെരുമ്പയിലുള്ള
പയ്യന്നൂർ കാർഷിക വികസന ബാങ്കിൻ്റെ മട്ടുപ്പാവിലാണ് ഈ പൂന്തോട്ടം. ഓണത്തിന് വിൽപ്പനയ്ക്കായി മഞ്ഞയും ഓറഞ്ചും നിറമുള്ള ഒരു ക്വിൻ്റലോളം പൂക്കളാണ് ഇവിടെ വിരിഞ്ഞു നിൽക്കുന്നത്.
ബാങ്ക് സെക്രട്ടറി പ്രിൻസ് വർഗ്ഗീസും ബാങ്ക് ജീവനക്കാരും മുൻകൈയെടുത്താണ് ഈ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. 220 ഗ്രോബാഗുകളിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ജൂൺ ആദ്യമാണ് കൃഷിത്തോട്ടം ഗ്രൂപ്പ് നൽകിയ 25 ദിവസം പ്രായമായ തൈകൾ നട്ടത്. കഴിഞ്ഞവർഷവും ഇത്തരത്തിൽ കൃഷി നടത്തിയിരുന്നു. അന്ന് നിറച്ചു വെച്ച ഗ്രോബാഗിൽ ചാണകപ്പൊടിയും എല്ലുപൊടിയും ചേർത്താണ്
തൈകൾ നട്ടത്. രണ്ടു തവണ ചെടികളുടെ തലപ്പ് നുളളിക്കളഞ്ഞു. കൂടുതൽ ശാഖകൾ ഉണ്ടായി പൂക്കളുടെ എണ്ണം കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്പോൾ എല്ലാ ചെടികളിലും പൂക്കളുണ്ട്. ഓണത്തിന് രണ്ടു ദിവസം മുമ്പ് വിളവെടുപ്പ് നടത്തി വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്
പ്രിൻസ് വർഗ്ഗീസ് പറഞ്ഞു. ഇത് ഒമ്പതാം തവണയാണ് ഇവിടെ കൃഷി ചെയ്യുന്നത്. മുമ്പ് വെണ്ട, ക്യാബേജ്, കോളിഫ്ലവർ എന്നിവയായിരുന്നു കൃഷി. കഴിഞ്ഞ വർഷവും ചെണ്ടുമല്ലിയായിരുന്നു കൃഷി. അന്ന് ഒരു ക്വിൻ്റലോളം പൂക്കൾ കിട്ടിയിരുന്നു. കോവിഡായതിനാൽ കഴിഞ്ഞ വർഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്തിയിരുന്നില്ല. അതിനാൽ ചെണ്ടുമല്ലിക്ക് നല്ല ഡിമാൻ്റായിരുന്നു. കിലോയ്ക്ക് 200 രൂപ തോതിലാണ് വിറ്റത്.