ഒറ്റ മാസം കൊണ്ട് വീട്ടു മുറ്റത്തു നിന്ന് ചീര
ആർ.വിണാറാണി
വീട്ടുമുറ്റത്തും അടുക്കള തോട്ടത്തിലുമെല്ലാം ചീര എളുപ്പം കൃഷി ചെയ്യാം. ഒറ്റ മാസം കൊണ്ട് ചീര പറിച്ച് കറി വെക്കുകയും ചെയ്യാം
ഇലക്കറിയെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം ഓടിയെത്തുക ചീരയാണ്. നമ്മുടെ കാലാവസ്ഥയും മണ്ണും ചീര കൃഷിക്ക് തീർത്തും അനുയോജ്യം. ഇന്ന് മാർക്കറ്റിൽ ലഭ്യമായ ചീരയാണെങ്കിൽ പലതരം രാസ കീടനാശിനികൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. ഈ തിരിച്ചറിവും ചീരകൃഷിയിലേക്ക് ആളുകളെ ആകർഷിക്കുന്നു.
വീട്ടുമുറ്റത്തും അടുക്കള തോട്ടത്തിലുമെല്ലാം ചീര എളുപ്പം കൃഷി ചെയ്യാം. ഒറ്റ മാസം കൊണ്ട് ചീര പറിച്ച് കറി വെക്കുകയും ചെയ്യാം. വിത്തിട്ടാൽ നാല് ദിവസം കൊണ്ട് മുളക്കും.പിന്നെ 18 ദിവസം കഴിഞ്ഞാൽ പറിച്ചു നടാം. പിന്നീട് 10-15 ദിവസം കഴിഞ്ഞാൽ ചീരത്തൈയുടെ അറ്റം മുറിച്ചെടുത്ത് ഉപയോഗിക്കാം. ഇങ്ങിനെ ആറ് പ്രാവശ്യം ഒരു ചെടിയിൽ നിന്ന് ചീര കിട്ടും. ഒറ്റതൈയിൽ നിന്ന് രണ്ടര കിലോഗ്രാം വരെ ചീര വിളവെടുക്കാം. ഒരു സെന്റ് സ്ഥലത്തു ചീര കൃഷി ചെയ്യാൻ അഞ്ചു ഗ്രാം വിത്തു മതി. ചെടിച്ചട്ടിയിലോ തവാരണയിലോ തൈകളു ഉണ്ടാക്കി പറിച്ചു നടുന്നതാണുത്തമം. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനായി തടത്തിനു ചുറ്റും റവ വിതറണം. ഇലപ്പുള്ളി രോഗം ഒഴിവാക്കാനായി ചീര വിത്തു സ്യൂഡോമോണാസ് പുരട്ടി അര മണിക്കൂർ കഴിഞ്ഞു നടുന്നതാണ് നല്ലത്. മൂന്നാഴ്ച പ്രായമായ തൈകൾ പറിച്ചു നടാം.
നടാനുള്ള സ്ഥലം നന്നായി കിളച്ചു മറിച്ചു സെന്റൊന്നിന് രണ്ട് കിലോഗ്രാം കുമ്മായം ചേർത്ത് നിര പ്പാക്കണം ഒരാഴ്ചക്ക് ശേഷം ചാണകവളവും ശീമക്കൊന്നയിലയും അടിവളമായി ചേർത്ത് മണ്ണൊരുക്കണം. ഒന്നരയടി അകലത്തിലായി ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകളിൽ അരയടി അകലത്തിലായി വേണം തൈകൾ നടാൻ. ആഴ്ചയിലൊരിക്കൽ പച്ചചാണകവും ഗോമൂത്രവും നേർപ്പിച്ച് തളിക്കുന്നത് ഗുണവും ഉൽപാദനവും കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ചെലവു കുറഞ്ഞതും അപായ രഹിതവുമായ ജൈവകീട കുമിൾ നാശിനി കളാണ് ചീരയിലെ ശത്രു പക്ഷത്തെ തകർക്കാൻ
തെരഞ്ഞെടുക്കേണ്ടത്. ഗോമൂത്രവും കാന്താരി മുളകും ചേർത്ത് മൃദുല ശരീരമുള്ള ഇലതീനി പുഴുക്കളെ നശിപ്പിക്കാം. ഒരു പിടി കാന്താരി മുളക് നന്നായി അരച്ച് ഒരു ലിറ്റർ ഗോമൂത്രവും ഒമ്പത് ലിറ്റർ വെള്ളവും ചേർത്ത് തളിക്കണം.
( കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയരക്ടറാണ് ലേഖിക )