വേനലിൽ ചിറകെട്ടി ജലസമൃദ്ധിയുണ്ടാക്കാം
ഡോ.കെ.എം. അബ്ദുൽ അഷ്‌റഫ്
കാലാവസ്ഥ വ്യതിയാനം മൂലം ഈ നൂറ്റാണ്ടിലെ നാശം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് നമ്മുടെ നാട്ടിലെ തോടുകളും പുഴകളും നദികളുമാണ്. അതുകൊണ്ടുതന്നെ ഇതിൻ്റെ സംരക്ഷണംനടപ്പിലാക്കുന്നതിന് വ്യാപകമായ പ്രചരണ പരിപാടികളും നടപടികളും ആവശ്യമാണ്. നാട്ടിലെ തോടുകളും പുഴകളും ഓരോ യൂണിറ്റ് ആയി കണക്കാക്കി അതിൻറെ ഇരുകരകളും ഉൾക്കൊള്ളുന്ന വൃഷ്ടി പ്രദേശം (catchment area) പരിശോധിക്കേണ്ടതുണ്ട്. ഇവയുടെ ആരോഗ്യം മുന്നിൽകണ്ടുകൊണ്ടുള്ള ആസൂത്രണ, വികസന, വിനിയോഗ പ്രവർത്തനങ്ങളെയാണ് നീർത്തട പദ്ധതി എന്ന് വിശേഷിപ്പിക്കുന്നത്. മഴക്കാലം കഴിയുന്നതോടെയാണ് പഴമക്കാർ തോടുകളിലും പുഴകളിലും ചിറകൾ കെട്ടുന്നത്. വേനൽക്കാലത്തു
നമ്മുടെ തൊടുകളിലും പുഴകളിലും വെള്ളം ലഭ്യമാക്കാനുള്ള പ്രധാന മാർഗ്ഗം ഇതാണ്. പഴമക്കാർ ഇത് കൃത്യതയോടെ ചെയ്തുപോയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ചിറകളുടെ നിർമ്മാണം അന്യം നിന്നു പോവുകയാണുണ്ടായത്. ഇത് കൂടാതെ പുഴകളുടെ വൃഷ്ടി പ്രദേശങ്ങൾ വൈവിധ്യമാർന്ന മരങ്ങളാൽ പുനരുദ്ധരിച്ച് സമ്പുഷ്ടമാക്കാനുള്ള പ്രവർത്തനങ്ങളും അവശ്യമാണ്. കാസർകോട് ആസ്ഥാനമായി ഈ അടുത്ത കാലത്ത് ആരംഭിച്ച
സർക്കാരേതര സംഘടനയായ ഗ്രീൻ എർത്ത് മൂവ്മെന്റ് ഈ മേഖലയിൽ ഇതര സാംസ്കാരിക സാമൂഹിക സംഘടനകളുമായി കൈകോർത്തുകൊണ്ട് പ്രദേശവാസികളുടെ പൂർണ്ണ സഹകരണത്തോടുകൂടി ഇത്തരം ചിറകൾ നിർമ്മിക്കുകയുണ്ടായി. സാധാരണയായി നവംബർ മാസങ്ങളിലാണ് ചിറകൾ നിർമ്മിക്കേണ്ടത്. എന്നാൽ ഈ വർഷം മിക്കവാറും പ്രദേശങ്ങളിൽ ഡിസംബറിലും ജനുവരിയിലും മഴ ലഭിച്ചതിനാൽ ജനുവരി അവസാനത്തോടെ കൂടിയാണ് ചിറകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. കൂടാതെ കാസർകോട് ജില്ലാ ഭരണകൂടം കഴിഞ്ഞ രണ്ടു വർഷമായി
നവംബർ മാസങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തടയണ ഉത്സവം നടത്തി വരുന്നുണ്ട്. അത് കഴിഞ്ഞ വർഷം വേനൽക്കാലത്ത് അനുഭവപ്പെടുന്ന ജില്ലയിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം ആയിട്ടുണ്ട്. അത് കൊണ്ടു തന്നെ ഇത്തരം ചിറകളുടെ (temporary checkdam) നിർമ്മാണം അടുത്ത വർഷം മുതൽ ഇതര സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ നടത്തുവനാണ് ഉദ്ദേശിക്കുന്നത്. ചെറുതോടുകളിൽ ഇത്തരം ചിറകൾ അല്ലെങ്കിൽ തടയണകൾ നിർമ്മിക്കുന്നതിന് വലിയ ചെലവൊന്നും ഇല്ല. പ്രദേശത്ത് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്. തല പോയ കവുങ്ങുകളും തെങ്ങുകളും ശേഖരിച്ച് ഇത്തരം ചിറകൾ നിർമ്മിക്കാം. തോടുകളിൽ തന്നെ ലഭ്യമാകുന്ന ചെറിയ ഉരുളൻ കല്ലുകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പള്ളിക്കര പഞ്ചായത്തിലെ അരവത്ത്
പാടശേഖരത്തിൽ നടുവിലായി ഒഴുകുന്ന തോട്ടിൽ നിർമ്മിച്ച തടയണക്ക് ഉപയോഗിച്ചത് കവുങ്ങു തടികളും ചളി മണ്ണുമാണ്. എന്നാൽ മലയോര പ്രദേശമായ ബദിയടുക്കയിലെ കാട്ടുകുക്കെ തോടിൽ ഉരുളൻ കല്ലുകൾ കൊണ്ടാണ് ചിറ നിർമ്മിച്ചത്.അധികം ഉയരത്തിലല്ലാതെ കെട്ടിയുണ്ടാക്കുന്ന ചിറകൾ തടഞ്ഞു നിർത്തുന്ന വെള്ളം ആ പ്രദേശത്തെ ജലവിതാനം ഉയർത്തും. മാത്രമല്ല, തോടിലൂടെ അധികമായി ഒഴുകിയെത്തുന്ന വെള്ളം ചിറയിലൂടെ കവിഞ്ഞൊഴുകുന്നതിനാൽ താഴ് വാര പ്രദേശങ്ങളിലും വെള്ളം കിട്ടും. കാലങ്ങളായി ചിറകെട്ടുന്ന തോടുകളുടെ പരിസരത്തെ കിണറുകളിൽ വേനലിലും ജല സമൃദ്ധി ഉണ്ടാകാറുണ്ട്.
( ലേഖകൻ കാസർകോട് ഗ്രീൻ ഏർത്ത് മൂവ്മെൻ്റിൻ്റെ സെക്രട്ടറിയാണ് )