കൗതുകമാർന്ന കള്ളിമുൾച്ചെടികളുമായി ബാലകൃഷ്ണൻ
കള്ളിമുൾച്ചെടികളുടെ ലോകം കാണണമെങ്കിൽ ബാലകൃഷ്ണൻ്റെ വീട്ടിലേക്ക് വരിക. അഞ്ഞൂറോളം ഇനം മുൾച്ചെടികളുടെ മൂവായിരത്തിലധികം ശേഖരം ഇവിടെയുണ്ട്. ഉരുണ്ടതും നീണ്ടതും ഞൊറിയുള്ളതുമൊക്കെയായി ആകെയൊരു കൗതുക കാഴ്ച ! പൂക്കളില്ലെങ്കിലും ഈ ഉദ്യാനം സുന്ദരമാണ്. കോഴിക്കോട് തിരുത്തിയാട് രാരിച്ചൻ പറമ്പത്ത് ബാലകൃഷ്ണൻ്റെ വീടിൻ്റെ ടെറസും
തൊട്ടടുത്ത സ്വന്തം പ്രിൻ്റിങ് പ്രസ്സിൻ്റെ ടെറസും മുൾച്ചെടികളുടെ ഉദ്യാനമാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിക്ക മുൾച്ചെടികളും ഇവിടെ കാണാം. ചെറുപ്പം മുതലേ ചെടികളോടുള്ള ഇഷ്ടം കൊണ്ട് പല പൂച്ചെടികളും വളർത്തിയിരുന്നു. ചെമ്പരത്തി, ആന്തൂറിയം എന്നിവയുടെ വലിയശേഖരം നേരത്തേയുണ്ടായിരുന്നു.
അഞ്ച് വർഷം മുമ്പാണ് കള്ളിമുൾച്ചെടികളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. തുടക്കത്തിൽ വിദേശത്തു നിന്ന് ചെടികളും വിത്തും വരുത്തി വളർത്തി. പിന്നീട് ഇവ ഗ്രാഫ്റ്റ് ചെയ്താണ് എണ്ണം കൂട്ടിയത്. ഇവ വളർത്താനായി ടെറസിൽ മഴ മറയുണ്ടാക്കി. ചൈന, ജപ്പാൻ, മലേഷ്യ, ഇൻഡോനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മനോഹരമായ മുൾച്ചെടികളെല്ലാം ഇവിടെയുണ്ട്. ‘കാക്ടസ് ‘ എന്ന സസ്യ വർഗ്ഗത്തിൽപ്പെട്ടവയാണിത്.
200 രൂപ മുതൽ ആറായിരം രൂപ വരെ വില വരുന്നവയുണ്ട്. അപൂർവ്വ ഇനങ്ങളൊന്നും വിൽക്കാറില്ല. എണ്ണത്തിൽ കൂടുതലുള്ളവയാണ് വില്പന നടത്തുക. യൂഫോർബിയ, എച്ചിനോപ്സിസ്, മാമിലാരിയ, ജിംനോ കാൽസ്യം സിറസ് , റിമ്പൂട്ടിയ, ആസ്ട്രോഫൈറ്റം, കാറലൂമ, എന്നിങ്ങനെ പല ഇനങ്ങളുമുണ്ട്. ജപ്പാനിൽ നിന്ന് കൊണ്ടുവന്ന അബ്ദുൾകുറി ഡമാസ്‌ക്കസ്, യൂഫോർബിയ അബ്ദുൾകുറി, യൂഫോർബിയ ജിംനോ കാല്‍സിലോയിഡ് എന്നിവയാണ് വിലകൂടിയവ.
വില്പനയിലൂടെ നല്ലൊരു വരുമാനം കിട്ടുന്നുണ്ട്. മണൽ, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ യോജിപ്പിച്ച് ചട്ടിയിൽ നിറച്ചാണ് തൈകൾ നടുന്നത്. മുൾച്ചെടികളുടെ വിത്ത് വളരെ ചെറുതാണ്. ഇത് വളർന്നു വരാൻ സമയമെടുക്കും അതിനാലാണ് ഗ്രാഫ്റ്റ് ചെയ്ത് ചെടികൾ ഉണ്ടാക്കുന്നത്. ചെടികളിലെ മുള പൊട്ടിച്ചെടുത്തും നടാം. മരുഭൂമിയിൽ വളരുന്നവയായതിനാൽ ഇവയ്ക്ക് വെള്ളം
അധികം വേണ്ട. ആഴ്ചയിലൊരിക്കൽ നനച്ചു കൊടുത്താൽ മതി. താൽപ്പര്യവും ക്ഷമയുമുണ്ടെങ്കിൽ കള്ളിച്ചെടികളുടെ ഉദ്യാനത്തിലൂടെ നല്ല വരുമാനമുണ്ടാക്കാമെന്ന് ബാലകൃഷണൻ പറയുന്നു. ഭാര്യ ബേബിയും മക്കളായ രാഹുലും ഗോകുലും കൃഷിയിൽ ബാലകൃഷ്ണനെ സഹായിക്കുന്നുണ്ട്. (ബാലകൃഷണൻ. ഫോൺ :7293937066 )