കീടങ്ങളെ തുരത്താം; ജൈവകീടനാശിനിയിലൂടെ

വീണാറാണി.ആർ

അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾ നട്ട ഉടൻ തഴച്ചുവളരും. പക്ഷെ ഇവ വളരുന്തോറും പല തരത്തിലുള്ള കീടങ്ങളും ആക്രമിക്കാൻ തുടങ്ങും. രാസകീടനാശിനികളില്ലാതെ കീടങ്ങളെ നശിപ്പിക്കാൻ കഴിയും. അതിനു പറ്റിയ പല ജൈവ കീടനാശിനികളും വിപണിയിലുണ്ട്. തക്കാളിയുടെ ഇലയിൽ കയറി ചിത്രം വരയ്ക്കുന്ന ചിത്ര കീടത്തിന്റെ ആക്രമം ചിലപ്പോൾ രൂക്ഷമാകും. ഇവ  പയറിലും പാവലിലും ചിത്രം വരയ്ക്കും ചിത്രകീടത്തിന്റെ പുഴുക്കള്‍ ഇലയിലെ കോശങ്ങളില്‍ തുളച്ചു കയറി ഹരിതകം തിന്നു നശിപ്പിക്കും.

ഫലം ഇലകളില്‍ വെളുത്ത നിറത്തില്‍ ചിത്രം വരച്ച പാടുകള്‍ കാണും. ആക്രമണം കനക്കുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ച് ക്രമേണ കരിയും. ആക്രമണ ലക്ഷണം കൂടുതലായി കാണുന്ന ഇലകള്‍ നുള്ളി നശിപ്പിക്കുതാണ് ചിത്രകീടത്തിനുള്ള ആദ്യ നിയന്ത്രണ മാര്‍ഗം. അതിരാവിലെയാണ് ചിത്രം വരയ്ക്കാന്‍ ഏറ്റവും അനുയോജ്യമെന്നത് ചിത്രകീടത്തിന്റെ നയം. അത്‌കൊണ്ട് അതിരാവിലെ തന്നെ അസാഡിറക്ടിന്‍ അടങ്ങിയ ഒരു ശതമാനം വീര്യത്തിലുള്ള വേപ്പധിഷ്ഠിത കീടനാശിനി അഞ്ച്മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും മണ്ണിലും തളിച്ചുകൊടുത്താലേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10 മില്ലി വേപ്പെണ്ണയും ഒരു നുള്ള് ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഫലം ചെയ്യും. സമാധിദശയിലുള്ള ചിത്രകീടത്തെ നിയന്ത്രിക്കാന്‍ തടത്തില്‍ വേപ്പിന്‍കുരു ചതച്ചതോ വേപ്പിന്‍ പിണ്ണാക്കോ ചേര്‍ക്കണം. പുഴുക്കള്‍ ഇളം തണ്ടുകളും കായയും തുരന്ന്‌ ‌നശിപ്പിക്കുന്നത് വഴുതിനയില്‍ സര്‍വ്വസാധാരണം.

ആക്രമണ ലക്ഷണമുള്ള ഭാഗങ്ങള്‍ മുറിച്ച് നശിപ്പിച്ച് കളഞ്ഞതിന് ശേഷം വേപ്പിന്‍കുരു സത്ത് തളിക്കാം. 100ഗ്രാം വേപ്പിന്‍കുരു ചതച്ചത് ഒരു തുണിയില്‍ കിഴികെട്ടി അരലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിവെക്കുക.പിന്നീട് കിഴി നന്നായി പിഴിഞ്ഞു കിട്ടുന്ന ലായനിയില്‍ അല്പം ബാര്‍സോപ്പ് അലിയിച്ചു ചേര്‍ത്ത്അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കുന്നത് കായും തണ്ടും തുരക്കുന്ന പുഴുവിനെ പ്രതിരോധിക്കും. ഹാള്‍ട്ട്,ബയോ ആസ്പ്, ഡൈപെല്‍, സെല്‍ഫിന്‍ എന്നീ പേരുകളില്‍ അിറയപ്പെടുന്ന. മിത്രബാക്ടീരിയായ ബി.ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം ശര്‍ക്കര കൂടി ചേര്‍ത്ത് തളിക്കുന്നത് കായും തണ്ടും തുരക്കുന്ന പുഴുവിനെ നിലയ്ക്ക് നിര്‍ത്തും.

Leave a Reply

Your email address will not be published. Required fields are marked *