പയര്‍ ഭക്ഷണവും പിന്നെ വളവും
മണ്ണിനെ പുഷ്ടിപ്പെടുത്താൻ പയറിന് കഴിയുന്നതു പോലെ മറ്റ് ഒരു വിളയ്ക്കുമാവില്ല.
വീണാറാണി.ആർ
കൃഷിയിടത്തിലും മനുഷ്യാരോഗ്യത്തിലും ഗുണം വിതയ്ക്കുന്ന ഏക വിള അതാണ് പയർ.ഊർജ്ജദായകരായ പയർ മണികളിൽ തൂക്കത്തിന്റെ 25 ശതമാനവും മാംസ്യമാണ്.കണക്കു പറഞ്ഞാൽ അരിയുടെ മൂന്നിരട്ടിയും ഗോതമ്പിന്റെ ഇരട്ടിയും.അതുകൊണ്ട്തന്നെയാണ് സസ്യഭുക്കുകളുടെ മാംസം എന്ന് പയർ വർഗ്ഗത്തിന് പേരു വന്നത്.മാംസ്യം കൂടാതെ കാത്സ്യം,ഇരുമ്പ്,തയമിൻ,റൈബോഫ്‌ളാവിൻ തുടങ്ങിയ ജീവകങ്ങളും ധാരാളം.മുളപ്പിച്ചുപയോഗിക്കുമ്പോൾ ജീവകങ്ങളുടെ അളവും കൂടും
മണ്ണിനെ പുഷ്ടിപ്പെടുത്താൻ പയറിന് കഴിയുന്നതുപോലെമറ്റ്ഒരുവിളയ്ക്കുമാവില്ല.വേരുകളിൽ അടങ്ങിയിരിക്കുന്ന റൈസോബിയം എന്ന ബാകിടീരിയ അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കിറക്കുന്നു.ഏത് വിളയോടൊപ്പവും പയറിനെ ഇടവിളയാക്കാം.കൊയ്തു കഴിഞ്ഞ പാടം തരിശിടുന്നതിന് പകരം പയർകൃഷി ചെയ്യുന്നത് മണ്ണിനും മനുഷ്യനും ഒരു പോലെ ഗുണപ്രദം.ഡിസംബർ-ജനുവരി മാസം വയലിൽ വൻപയർ കൃഷിക്ക് നീക്കിവെക്കാം.കൃഷ്ണമണി,അംബാ,ശുഭദ്ര,പൗർണ്ണമി,കനകമണി എന്നിവയാണ് വയൽ കൃഷിക്കനുയോജ്യമായ വൻപയർ ഇനങ്ങൾ.
നിലം നല്ലതു പോലെ ഉഴുത് കട്ടകൾ ഉടച്ച് പരുവപ്പെടുത്തുന്നതാണ് പയർ കൃഷിയിലെ ആദ്യഘട്ടം.മണ്ണിന്റെ പുളി രസം വളരെ കൂടുതലായതിനാൽ കുമ്മായം ചേർക്കേണ്ടത് നമ്മുടെ പയർ കൃഷിക്ക് അത്യാവശ്യം.ഒരേക്കരിന് 100 കിലോഗ്രാം കുമ്മായമോ 150 കിലോഗ്രാം ഡോളമൈറ്റോ ആദ്യ ഉഴവിനോടൊപ്പം തന്നെ ചേർക്കാം.അടിവളമായി 8 ടൺ ജൈവവളവും ഇളക്കി കൊടുക്കണം.
രാസവളം ചേർക്കുന്നുവെങ്കിൽ ഒരേക്കറിന് 10 കിലോഗ്രാം യൂറിയയും 60 കിലോഗ്രാം എല്ലുപൊടിയും 20 കിലോഗ്രാം പൊട്ടാഷും നൽകണം.ഇനി വിത്തിന്റെ ഊഴമാണ്. റൈസോബിയം കൾച്ചർ പയർ വിത്തുമായി കഞ്ഞിവെള്ളം ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ച് തണലിലുണക്കി ഉടനെ വിതയ്ക്കാം.വൻപയർ നുരിയിടുന്നതാണ് നല്ലത്.നുരിയിടുമ്പോൽ വരികൾ തമ്മിൽ 25 സെന്റീമീറ്ററിനും ചെടികൾ തമ്മി 15 സെന്റീമീറ്ററും ഇടയകലം നൽകണം.ഒരു കുഴിയിൽ 2 വിത്ത്എന്ന തോതിൽ നുരിയിടാൻ ഒരേക്കറിന് 8 കിലോഗ്രാം വിത്ത് ആത്യാവശ്യം.
വളർച്ചാ ഉത്തേജകങ്ങളായ പഞ്ചഗവ്യം,ജീവാമൃതം എന്നിവ രണ്ടാഴ്ച്ചയിലൊരിക്കൽ ഇലകളിൽ തലിച്ചു കൊടുക്കുന്നത് വിളവ് വർദ്ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. വളർച്ച കൂടുതലാണെങ്കിൽ തല നുള്ളിക്കളയണം. പൂക്കുന്ന സമയത്ത് കൃത്യമായ ജലസേചനം ഉൽപ്പാദനം കൂട്ടും. മുഞ്ഞയ്‌ക്കെതിരെ പ്രതിരോധമെന്ന നിലയിൽ വേപ്പധിഷ്ഠിത കീടനാശിനി 4 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച്ചയിലൊരിക്കൽ തളിക്കണം.വലിയ തോതിലുള്ള കീടരോഗബാധ പയറിൽ കാണാറില്ല.വിളവെടുപ്പിന് ശേഷം മണ്ണിൽ ഉഴുതുചേർക്കുന്നത് മണ്ണിന്റെ ജൈവഭൗതിക ഘടന നിലനിർത്താനും ജൈവാംശം കൂട്ടാനും സഹായിക്കും.വലിയ മെനക്കേടോ മുതൽ മുടക്കോ ഇല്ലാതെ ലാഭമുണ്ടാക്കാമെന്നത് പയറിന് മാത്രം അവകാശപ്പെടാവുന്ന നേട്ടവും.
(കൃഷി ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)