കുല പഴുപ്പിക്കാം തീയും കായാം
ശശിധരൻ മങ്കത്തിൽ
കുല പഴുപ്പിക്കാന്‍ വെക്കുന്ന ദിവസം വീട്ടില്‍ ആഘോഷമാണ്. കുട്ടികള്‍ തുള്ളിച്ചാടും. പടിഞ്ഞാറെ പറമ്പിൽ മൈസൂര്‍, ഞാണിപ്പൂവന്‍, മണ്ണന്‍ തുടങ്ങിയ വാഴകൾ കുലച്ച് നില്‍ക്കുന്നത് ഞങ്ങൾ ഇടയ്‌ക്കിടെ പോയി നോക്കും. ഇത് മൂത്ത് പാകമാകാന്‍ കാത്തുനില്‍ക്കും. പാകമാകുന്നതുവരെ ദിവസം കൂമ്പ് വിരിഞ്ഞുണ്ടാകുന്ന പാള അടർത്തിയെടുത്ത് അതിലെ തേൻ കുടിക്കും. നല്ലനീളമുള്ള വലിയ കുലയായിരിക്കും. പാകമായാല്‍ വലിയച്ഛന്‍ കുല കൊത്തിക്കൊണ്ടു വരും. അടുത്ത ദിവസമാണ് കുല കുണ്ടില്‍വെക്കൽ. കുല സാധാരണ ഗതിയില്‍ പഴുക്കണമെങ്കില്‍ ഒരാഴ്ച കഴിയണം. മൂന്നോ നാലോ ദിവസം കൊണ്ട് പഴുപ്പിക്കാനായിട്ടാണ് കുണ്ടില്‍ (കുഴിയില്‍) വെക്കുന്നത്. എവിടെയെങ്കിലും ഒരു മീറ്ററോളം നീളവും വീതിയും ആഴവുമുള്ള കുഴി കുഴിച്ച് അതില്‍ പുല്ല് (വൈക്കോല്‍)പാകും. അടി ഭാഗത്തും വശങ്ങളിലുമെല്ലാം പുല്ല് പാകിയതിനു ശേഷം കുല അതില്‍ കിടത്തി വെക്കും.
കുഴിക്കു മുകളിൽ തെങ്ങിന്റെ മട്ടലും മറ്റും ഇട്ട് മൂടും. അതിനു മുകളിൽ മണ്ണും മൂടും. ഇതിനിടയിലൂടെ കുലയുടെ അടുത്തേക്ക് ഒരു ഓലച്ചൂട്ട് കടത്തിവെക്കും.രാവിലെയും വൈകുന്നേരവും പുകയിടണം. ചൂട്ടിന് തീകൊടുത്ത് തടുപ്പ (മുറം)കൊണ്ട് കാറ്റ് വീശും. അപ്പോള്‍ പുക നല്ല പോലെ അകത്തു കയറും. അകത്ത് പുക കയറിയാല്‍ കുല പെട്ടെന്ന് പഴുക്കും. വൃശ്ചികം, ധനു മാസങ്ങളില്‍ അതിരാവിലെ നല്ല തണുപ്പായിരിക്കും. പുതപ്പ് മൂടാതെ പുറത്ത് ഇറങ്ങാന്‍ പറ്റില്ല. ഈ സമയത്ത് കുല പഴുപ്പിക്കല്‍ ഹരമാണ്. ദിവസവും തീയും കായാം ഇതിനിടയിൽ കുലയും പഴുക്കും. കുളിരത്ത് രാവിലെ നേരെ പോയി കുഴിയുടെ അടുത്ത് കുത്തിയിരിക്കും. സൂര്യന്‍ ഉദിച്ചിട്ടുണ്ടാവില്ല. ചുറ്റുമുള്ള ഇലകളിലെല്ലാം മഞ്ഞിന്റെ വെള്ളമായിരിക്കും. ഈ സമയത്ത് ചൂട്ടിന് തീ കൊടുത്ത് വീശാന്‍ തുടങ്ങും. അര മണിക്കൂറോളം തടുപ്പ കൊണ്ട് കാറ്റു വീശണം. വൈകുന്നേരവും ഇത് ചെയ്യും. അഞ്ചാം ദിവസമായിരിക്കും കുല കുണ്ടില്‍ നിന്ന് പുറത്തെടുക്കല്‍. മുകളില്‍ പാകിയ തെങ്ങിന്റെ മട്ടലും മണ്ണും മെല്ലെ മാറ്റും. പിന്നെ പുല്ല് വകഞ്ഞ് മാറ്റും. ഇത് കാണാനായി കുട്ടികൾ ചുറ്റും കൂടും. പുല്ല് വകഞ്ഞു മാറ്റുമ്പോള്‍ പഴുത്ത് സ്വര്‍ണ്ണ നിറമുള്ള വാഴക്കുല കുഴിയില്‍ തിളങ്ങി നില്‍ക്കും. ഇതു കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ്.
വായില്‍ വെള്ളം വരും. കുല കുഴിയില്‍ നിന്നെടുത്ത ശേഷം ഇതിനു മുകളിലൂടെ ഒരു പാഞ്ഞി (കുടം) വെള്ളം ഒഴിക്കും. വെള്ളം ഒഴിച്ചാല്‍ കുല വൃത്തിയായി വീണ്ടും തിളങ്ങും. മഞ്ഞക്കുല ഒന്നുകൂടി പാകമാകാന്‍ വലിയച്ഛന്‍ ഇത് നേരെ കൊട്ടിലകത്ത് (വീട്ടിലെ ഒരു മുറി ) കൊണ്ടുപോയി കെട്ടിത്തൂക്കും. അടുത്ത ദിവസമേ പാകം വന്ന കായ എടുക്കാന്‍ പറ്റു. ഞങ്ങൾ മിക്ക സമയത്തും കുലയുടെ അരികില്‍ പോയി നോക്കും. അടുത്ത ദിവസം രാവിലെയാകാന്‍ കാത്തുനില്‍ക്കും. പഴമുള്ളത് കൊണ്ട് ഒരാഴ്‌ച്ച പിന്നെ പുട്ടു തന്നെയായിരിക്കും രാവിലെ ചായക്ക് പലഹാരം. കൊട്ടിലകത്ത് കുല തിളങ്ങുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഇടയ്‌ക്ക് അകത്ത് പോയി ആരും കാണാതെ ഓരോന്ന് അകത്താക്കും. ചിലപ്പോൾ വീട്ടിൽ രണ്ടോ മൂന്നോ കുല ഒന്നിച്ച് പാകമാകും. അപ്പോൾ കുറേ ചീഞ്ഞു പോകും. ഇത് പിന്നീട് പശുവിന്റെ വായിലേക്കാണ് പോവുക.
This really is really a wonderful blog.
I am just thankful for this support and then believe you know what an amazing job you are always doing training many others all through your site.