പായലും മാലിന്യവും മൂടിയ അരിക്കുളത്തിന് പുതുജീവൻ

പായലും മാലിന്യവും മൂടി ഉപേക്ഷിക്കപ്പെട്ട കുളം വൃത്തിയാക്കിയെടുക്കാൻ നാട്ടുകാർ രംഗത്തിറങ്ങി. ഒപ്പം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘടനകളും. ഒരു പ്രദേശത്തെ കുടിവെള്ളത്തിനും കൃഷിക്കും സഹായകമായിരുന്ന ഉപേക്ഷിക്കപ്പെട്ട കുളം അങ്ങനെ പുനർജനിച്ചു.

കോഴിക്കോട് കോർപ്പറേഷനിലെ 43-ാംവാർഡിൽ ശാരദ മന്ദിരം – റഹിമാൻ ബസാർ റോഡിലെ അരിക്കുളമാണ് വൃത്തിയാക്കിയത്. കോർപ്പറേഷൻ്റെയും ജില്ലാ ഹരിത കേരള മിഷൻ്റെയും

നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പുനരുജ്ജീവന പ്രവർത്തനം നടത്തിയത്. 38 സെൻ്റ് വരുന്ന കുളമാണ് ജനകീയ ശുചീകരണത്തിൽ വീണ്ടെടുത്തത്.

നൂറ് വർഷങ്ങൾക്കു മുമ്പ് 50 ഏക്കറോളം പുഞ്ചകൃഷി നടത്തിയിരുന്ന കാലത്ത് ജലസേചനത്തിനായി പമ്പ് ഹൗസ് സംവിധാനമടക്കമുള്ള കോർപറേഷന്റെ ഈ പൊതുകുളം ഉപയോഗിച്ചിരുന്നു. തൊട്ടടുത്തുള്ള 200 വീടുകളുടെ കുടിവെള്ള കിണറുകൾക്ക് ആധാരമാണ് 

ഈ കുളം. 25 വർഷമായി മാലിന്യവും പായലും നിറഞ്ഞ്  കിടക്കുകയായിരുന്ന അരിക്കുളം ഹരിത കേരളം മിഷൻ്റെ പൊതുകുളങ്ങളുടെ പുനരുജ്ജീവനം, കോർപ്പറേഷൻ്റെ ശുചിത്വ പ്രോട്ടോക്കോൾ പദ്ധതി എന്നിവയിലുൾപ്പെടുത്തിയാണ് കൗൺസിലറുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. നാട്ടുകാരും കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ജീവനക്കാരും ഹരിതകേരളം മിഷൻ ആർ.പി. മാരും സാനിറ്റേഷൻ,

തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ഈ ജനകീയ വീണ്ടെടുപ്പിൽ പങ്കെടുത്തു. കോർപ്പറേഷൻ്റെ 2020-21 വർഷത്തെ സ്പില്ലോവർ വർക്കായി പ്ലാൻ ഫണ്ടിൽ 20 ലക്ഷം രൂപ വകയിരുത്തി സംരക്ഷണ ഭിത്തി കെട്ടാൻ ടെൻഡർ ആയിട്ടുണ്ട്.

ഭാവിയിൽ കൂടുതൽ ഫണ്ടുകൾ സമാഹരിച്ച് അരിക്കുളം സൗന്ദര്യവൽക്കരണമടക്കമുള്ള പ്രവൃത്തികൾ നടത്തി നാടിനു സമർപ്പിക്കാനാണ് പദ്ധതി. ശുചീകരണം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർമാൻ പി.സി.രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രേമലത തെക്കുംവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സോണൽ അസി.എൻജിനീയർ ഷീബ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ്‌ പേഴ്സൺ പി.പ്രിയ പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *