സിയാൽ ഗോൾഫ് തടാകങ്ങളിൽ മത്സ്യക്കൃഷി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഗോൾഫ് കോഴ്സിലെ തടാകങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കേജ് മത്സ്യക്കൃഷി തുടങ്ങി.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്സ് ഡവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ) , രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ(ആർ. ജി. സി.എ ) എന്നിവയുടെ സഹകരണത്തോടെയാണ് സിയാലിന്റെ ഗോൾഫ് തടാകങ്ങളിൽ കേജ് മത്സ്യക്കൃഷി തുടങ്ങിയത്.
കേജ് അക്വാകൾച്ചർ സംരംഭത്തിന് നിരവധി പാരിസ്ഥിതിക നേട്ടങ്ങളുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഇതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടക്കുന്നു .
അക്വാകൾച്ചർ കേജ് സംരംഭം മത്സ്യകൃഷി മൂലമുണ്ടാകുന്ന കാർബൺ പാദമുദ്രകൾ കുറക്കാനും സുസ്ഥിര വരുമാനം നേടാനും ഉപകരിക്കും, സുഹാസ് കൂട്ടിച്ചേർത്തു.
130 ഏക്കറോളം വിസ്തൃതിയുള്ള സിയാൽ ഗോൾഫ് കോഴ്സിൽ ഏഴ് തടാകങ്ങളുണ്ട്. ഇവയുടെ മൊത്തം വിസ്തൃതി 16 ഏക്കറാണ്. മത്സ്യക്കൃഷി ചെയ്യാനുള്ള പരിശീലനം, മത്സ്യങ്ങളെ തരംതിരിക്കൽ, ജലത്തിന്റെ ഗുണമേന്മ പരിശോധന, മത്സ്യങ്ങളിലെ രോഗനിർണ്ണയം എന്നിവ എം.പി.ഇ.ഡി.എ.യും ആർ.ജി.സി.എ യും സംയുക്തമായി നിർവഹിക്കും.
എം.പി.ഇ.ഡി.എ.യുടെ വല്ലാർപാടത്തുള്ള മുട്ടവിരിയിക്കൽ കേന്ദ്രത്തിൽ നിന്നും കുറഞ്ഞ നിരക്കിൽ മത്സ്യവിത്തുകൾ ലഭിക്കും. തിലാപ്പിയ, കരിമീൻ, കാളാഞ്ചി എന്നിവയാണ് ഇവിടെ ആദ്യഘട്ടത്തിൽ കൃഷി ചെയ്യുക. കൂട് മത്സ്യക്കൃഷിയാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുള്ളത്.
ലഭ്യമായ ഭൂമി സുസ്ഥിരമായ രീതിയിൽ പരമാവധി ഉപയോഗിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഗോൾഫ് തടാകങ്ങളിൽ മത്സ്യക്കൃഷി തുടങ്ങുന്നത്. സൗരോർജ പ്ലാന്റുകളിൽ ജൈവ പച്ചക്കറി കൃഷി വിജയകരമായി സിയാൽ നടത്തുന്നുണ്ട്.
കൂട് മത്സ്യകൃഷി ആരംഭിക്കുന്നതോടെ, ഉപയോഗശൂന്യമായ ജലാശയങ്ങളെ ഉൽപ്പാദനക്ഷമതയുള്ള ഉപയോഗമാക്കി മാറ്റാൻ കഴിയും. കൂടാതെ മികച്ച ഗുണനിലവാരമുള്ള മത്സ്യങ്ങളുടെ സ്ഥിരമായ വിതരണത്തിലൂടെ ഗോൾഫ് ക്ലബ്ബിന് അധിക വരുമാനം ലഭിക്കും.
വിമാനത്താവളത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം 12 കൃത്രിമ തടാകങ്ങളുടെ സഹായത്തോടെ ജലസംഭരണത്തിനായി ഉപയോഗിക്കുന്ന ഗോൾഫ് കോഴ്സിൽ ടോട്ടൽ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ് (ടി.എസ്.എം) എന്ന ആശയം നേരത്തെ തന്നെ സിയാൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
സോളാർ പ്ലാന്റുകളിൽ ഫോട്ടോ വോൾട്ടായിക് കൃഷിരീതി എന്ന സാങ്കേതിക കൃഷിരീതിയും സിയാൽ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് കഴിഞ്ഞ വർഷം 90 മെട്രിക് ടൺ പച്ചക്കറി വിളവെടുത്തിരുന്നു. ഫോട്ടോ: സിയാൽ എം.ഡി എസ്.സുഹാസും എം.പി.ഇ.ഡി.എ ചെയർമാൻ ഡോ.കെ.എൻ.രാഘവനും ചേർന്ന് സിയാലിൽ അക്വാകൾച്ചർ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്യുന്നു.
A great and innovative effort…As a member of the club,I feel proud and elated….All the best ….