ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ന്യൂ ഇയര്‍ ഫെസ്റ്റ് തുടങ്ങി
തിരുവനന്തപുരം ആനയറയിൽ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഗര മൊത്തവ്യാപാര വിപണി (വേള്‍ഡ് മാര്‍ക്കറ്റ്)യില്‍ ന്യൂ ഇയര്‍ ഫെസ്റ്റ്- 2023 ന് തുടക്കമായി. വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനും കൃഷിവകുപ്പും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ജനുവരി 15 വരെയുള്ള ഫെസ്റ്റ് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആനയറ വേൾഡ് മാർക്കറ്റിന്റെ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനത്തിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്കും വ്യാപാരികൾക്കും പങ്കാളിത്തം ഉറപ്പാക്കി ‘സിയാൽ’ മാതൃകയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമായി ആനയറ വേൾഡ് മാർക്കറ്റിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വേൾഡ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്ക് ന്യായ വിലയിൽ വിഷരഹിതമായ പച്ചക്കറി വാങ്ങാൻ അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ന്യൂ ഇയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ട്രേഡ് ഫെയര്‍, നഴ്‌സറി, അക്വാഷോ, പെറ്റ്‌ഷോ, കന്നുകാലി പ്രദര്‍ശനം, ഫുഡ്‌ഫെസ്റ്റ്, ബോട്ടിംഗ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫാം ടൂറിസം, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. രാവിലെ പത്ത് മുതല്‍ രാത്രി ഒൻപത് വരെയാണ് ഫെസ്റ്റ്. പ്രവേശനം സൗജന്യമാണ്. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 101 കര്‍ഷകരെ ചടങ്ങിൽ ആദരിച്ചു.