മൂന്നിരട്ടി ആദായം തരുന്ന ആനക്കൊമ്പൻ വെണ്ട
ആനക്കൊമ്പ് പോലെയുള്ള ആകൃതി. തൂക്കമാണെങ്കിൽ സാധാരണ വെണ്ടയുടെ മൂന്ന്, നാലിരട്ടി. ആനക്കൊമ്പൻ വെണ്ടയുടെ കൃഷി നല്ല ആദായം തരുമെന്ന് ഇത് കൃഷി ചെയ്ത കർഷകർ പറയുന്നു. പാകമായാൽ 30-45 സെന്റീമീറ്റർ വരെയാണ് വെണ്ടയുടെ നീളം. നട്ട് ഒരു മാസം കഴിഞ്ഞാൽ കായ്ക്കാൻ തുടങ്ങും.10 വെണ്ടയുണ്ടെങ്കിൽ ഒരു കിലോ തൂക്കമായി. ആറ് മാസം വരെ ഒരു ചെടിയിൽ കായ്കൾ ഉണ്ടാകും.
വിത്ത് മൂന്നു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് നട്ടാൽ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണ്ണിൽ കലർത്തി നട്ടാൽ ചെടികൾ നന്നായി തഴച്ചുവളരും. കോഴി കാഷ്ഠവും അടിവളമായി നൽകാം. ഒന്നര അടി അകലത്തിൽ വിത്തുപാകി മുളപ്പിച്ചാൽ പിന്നെ പറിച്ചു നടേണ്ട ആവശ്യമില്ല. കായ മൂപ്പെത്തിയാൽ ഉടൻ
പറിച്ചെടുക്കണം. കീടങ്ങളുടെ ശല്ല്യമുണ്ടായാൽ ഏതെങ്കിലും ജൈവ കീടനാശിനി സ്പ്രേ ചെയ്താൽ മതി. ഒരു ചെടിയിൽ നിന്ന് 50-60 വെണ്ട വരെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേക തയെന്ന് കണ്ണൂർ ജില്ലയിലെ ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി പറയുന്നു. ജൈവകൃഷിയായി നടത്തിയാൽ നല്ല വിളവ് കിട്ടുമെന്നും ഷിംജിത്ത് പറഞ്ഞു.