ഇത് ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്കൂളിൻ്റെ കൃഷി
നെല്ലും പച്ചക്കറികളും തഴച്ചുവളരുന്ന കൃഷിസ്ഥലത്തിനു നടുവിലൊരു സ്ക്കൂൾ. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്കൂൾ കണ്ടാൽ ആരും അതിശയിക്കും. വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ യും ചേർന്നാണ് സ്ക്കൂളിനു ചുറ്റും കൃഷിയിറക്കിയിരിക്കുന്നത്. നെൽകൃഷിയും ചോളവും പച്ചക്കറിയും എല്ലാം ഇവിടെ നന്നായി വിളയുന്നു. ഹെഡ്മാസ്റ്റർ ജെയിംസ് ജോഷി കൃഷി പ്രോത്സാഹിപ്പിക്കാൻ മുന്നിൽ തന്നെയുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ എല്ലാ കാലത്തും
ഗ്രോബാഗിലും അല്ലാതെയും പച്ചക്കറികളുണ്ടാകും. മുളക്, തക്കാളി, വഴുതന, വെണ്ട, ചീര, ചേന, പയർ എന്നിങ്ങനെ എല്ലാമുണ്ട്. ഒരു വശത്തായി പത്ത് സെൻ്റ് സ്ഥലത്താണ് നെൽകൃഷി. ഉമ വിത്തിനമാണ് ഇവിടെ കതിരണിഞ്ഞ് നിൽക്കുന്നത്.
സ്കൂൾ പരിസരത്ത് പല ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഹരിതകേരളം മിഷൻ്റെ പച്ചത്തുരുത്ത് നിർമ്മിച്ച് സംരക്ഷിച്ചു പോരുന്നുണ്ട് ഈ ഹരിതവിദ്യാലയത്തിൽ. കൃഷി സന്ദേശങ്ങൾ ആകർഷകമായ ചിത്രങ്ങൾ സഹിതം ഭിത്തിയിൽ പെയ്ൻ്റ്
ചെയ്തിരിക്കുന്നത് മനോഹരമാണ്. കൃഷിക്ക് സ്ക്കൂൾ മാനേജ്മെന്റ് വലിയ പിന്തുണയാണ് നൽകി വരുന്നത്. തിരുവമ്പാടി കൃഷിഭവൻ്റെ സഹായവുമുണ്ട്. കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖയും ജില്ലാതല ഉദ്യോഗസ്ഥരും സ്കൂളിലെ പ്രവർത്തനങ്ങൾ കാണാൻ എത്തിയിരുന്നു. സ്ക്കൂളിലെ ചോളം കൃഷി വിളവെടുപ്പ് ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് നിർവ്വഹിച്ചു. അദ്ദേഹം കൃഷിസ്ഥലം സന്ദർശിക്കുകയും കുട്ടികളുമായി ആശയങ്ങൾ പങ്കിടുകയും ചെയ്തു.