തേനൂറും വിജയഗാഥയായി മാവേലിക്കരയുടെ ‘അമൃത് ഹണി’

ഇരുന്നൂറോളം തേനീച്ച കൂടുകൾ! ദിവസം 25000 രൂപയുടെ തേൻ വില്പന. മാവേലിക്കരയിലെ ‘അമൃത് ഹണി’ തേനീച്ച വളർത്തു കേന്ദ്രം കൃഷിയിലും സംസ്‌കരണത്തിലും മുന്നേറുകയാണ്. ഈ കേന്ദ്രം ഏഴ് വർഷം പിന്നിടുമ്പോൾ 50,000 കിലോയിലധികം തേനാണ് കർഷകരിൽ നിന്നും ശേഖരിച്ച് സംസ്‌കരിച്ച് വില്പന നടത്തിയത്.

മാവേലിക്കര തഴക്കര പഞ്ചായത്തിലെ കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രം. രാജ്യത്തെ ആദ്യ തേനീച്ച സസ്യപാർക്കായി 2018 ലാണ് പ്രവർത്തനം ആരംഭിച്ചത്. സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻനിർമ്മാണ ശുദ്ധീകരണ വിപണന കേന്ദ്രം കൂടിയാണിത്.

മാവേലിക്കര തഴക്കര പഞ്ചായത്തിൽ മൂന്ന് ഏക്കറിലായാണ് ഹോർട്ടികോർപ്പിന് കീഴിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. തേനീച്ചകളുടെ പ്രയോജനത്തെക്കുറിച്ച് അവബോധം നൽകുന്നതിന് ഒരുകോടി രൂപ ചെലവിൽ കെട്ടിടം പുനർനിർമ്മിച്ചാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി കേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് രണ്ടുകോടിയിലധികം രൂപ ചെലവഴിച്ചു.

പ്രധാനമായും മൂന്ന് രീതിയിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. തേനീച്ചകളെ വളർത്തി തേൻ ഉത്പാദിപ്പിക്കുക, കർഷകരിൽ നിന്ന് തേൻ സംഭരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് വിപണിയിൽ എത്തിക്കുക, കർഷകർക്ക് പരിശീലനം നൽകുക എന്നിവയാണവ.

തേനീച്ച വളർത്തൽ കേന്ദ്രത്തിൽ ഇരുന്നൂറോളം തേനീച്ചക്കൂടുകളാണുഉള്ളത്. ചെറുതേനീച്ചകളെയും ഇന്ത്യൻ തേനീച്ചകളെയുമാണ് ഇതിൽ പ്രധാനമായും വളർത്തുന്നത്. വർഷം രണ്ട് ടൺ തേൻ ഇവയിൽ നിന്നുമാത്രം ഉൽപ്പാദിപ്പിക്കുന്നുണ്ട്.

കർഷകർ ഉല്പാദിപ്പിക്കുന്ന തേൻ സർക്കാർ നിശ്ചയിക്കുന്ന തുകയ്ക്ക് നേരിട്ട് സംഭരിക്കുന്നതിലൂടെ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുന്നുണ്ട് കേന്ദ്രം. സംഭരിക്കുന്ന തേൻ ശാസ്ത്രീയമായി സംസ്‌കരിച്ച് തേനിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം ‘അമൃത് തേൻ’ എന്ന ബ്രാൻഡിലാണ് കുറഞ്ഞ വിലയിൽ വിൽക്കുന്നത്.

50 ഗ്രാം മുതലുള്ള അമൃത് ഹണി കാനുകൾ ലഭ്യമാണ്. ഒരു കിലോ തേനിന് 380 രൂപയാണ് വില. അഞ്ച് കിലോ തേൻ 1375 രൂപയ്ക്ക് അമൃത് ഹണി ഔട്ട് ലെറ്റിൽ നിന്ന് വാങ്ങാം. ഹണി സോപ്പ് ഉൾപ്പടെ തേനിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

ഇവിടെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴി 40 ശതമാനം സബ്‌സിഡിയിൽ നൽകുന്നുമുണ്ട്. കൂടാതെ ബ്ലോക്ക് അടിസ്ഥാനത്തിൽ 30 കർഷകർക്ക് കൃഷി ഓഫീസറുടെ നിർദ്ദേശാനുസരണവും പരിശീലനവും നൽകി വരുന്നു.

വിനോദസഞ്ചാരികളെയടക്കം ആകർഷിക്കാൻ കഴിയുന്ന ഹണി മ്യൂസിയമായി കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രത്തെ മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ് സർക്കാറെന്ന് എം. എസ്. അരുൺ കുമാർ എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ 1500ൽ അധികം കർഷകർക്ക് ഇവിടെ നിന്ന് പരിശീലനം കൊടുക്കാനായി. പതിനായിരത്തിലധികം കർഷകർക്ക് സബ്‌സിഡിയായി തേനീച്ച കോളനികൾ നിർമ്മിക്കുന്നതിന് സഹായം നൽകി.