ചെങ്കുമരി കറ്റാർവാഴ; വില കിലോയ്ക്ക് 3000 വരെ
കറ്റാർവാഴയുടെ ഇല മുറിച്ചപ്പോൾ രക്ത സമാനമായ ദ്രവം. ഇത് ചെങ്കുമരി രക്ത കറ്റാർവാഴ. കറ്റാർവാഴ കുടുംബത്തിലെ കേമൻ. വില കേൾക്കണ്ടെ. കിലോയ്ക്ക് മൂവായിരം രൂപയോളം. കണ്ണൂർ ഇരിട്ടി തില്ലങ്കേരിയിലെ ജൈവകർഷകൻ എൻ. ഷിംജിത്തിൻ്റെ ഔഷധസസ്യ തോട്ടത്തിലാണ് ഈ കറ്റാർവാഴ ഉള്ളത്. മൂപ്പെത്തിയ ഇവ വില്പന നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയിനം ഉൾപ്പെടെ 14 തരം കറ്റാർവാഴകൾ ഷിംജിത്തിൻ്റെ ‘ജൈവകം’ എന്ന ഫാമിലുണ്ട്.
ചുവന്നകറ്റാർവാഴയുടെ ഒരു തൈക്ക് ആയിരം രൂപ വരെ വിലയുണ്ട്. ഇതിൻ്റെ പോളയിലെ ദ്രവമാണ് (ജെൽ ) ഔഷധം. ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന ഇത് ത്വക്ക് രോഗങ്ങൾ ചികിത്സിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
അലോവേറ എന്നറിയപ്പെടുന്ന ഈ ഔഷധസസ്യം ഫെയിസ് വാഷ്, സോപ്പ്, മുഖകാന്തിക്കുള്ള ലേപം, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, മുടിയഴകിനുള്ള കാച്ചിയ എണ്ണ എന്നിവയൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.
ചർമ്മത്തിലെ കറുത്ത പാടുകൾ മാറാനും പൊള്ളലേറ്റതിൻ്റെ ചികിത്സയ്ക്കും നേരിട്ട് ഉപയോഗിക്കാറുണ്ട്. വിരശല്യത്തിനുള്ള ചെന്നിനായകം ഉൾപ്പെടെ പല ആയുർവേദ മരുന്നുകളും കറ്റാർവാഴ ചേർത്ത് ഉണ്ടാക്കുന്നുണ്ട്. ദഹനസംബന്ധമായ രോഗ
ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു ചെടി നട്ട് നന്നായി വളമിട്ട് വളർത്തിയാൽ 30 കിലോ വരെ ഇലകൾ കിട്ടും. ചെങ്കുമരി കറ്റാർവാഴയിലയ്ക്ക് മൂവായിരം രൂപ വരെ കിലോയ്ക്ക് വിപണിയിൽ വില കിട്ടുന്നുണ്ടെന്ന് ഷിംജിത്ത് പറഞ്ഞു. 25 വർഷമായി കാർഷിക രംഗത്തുള്ള ഷിംജിത്ത് ഔഷധ സസ്യക്കൃഷി തുടങ്ങിയിട്ട് പത്ത് വർഷമായി. കരിമഞ്ഞൾ, നീല മഞ്ഞൾ, കസ്തൂരി മഞ്ഞൾ. കരിയിഞ്ചി, 35 ഇനം തുളസിഎന്നിവയടക്കം നാന്നൂറോളം ഔഷധസസ്യങ്ങൾ ഷിംജിത്ത് വളർത്തുന്നുണ്ട്.