കാർഷിക സർവകലാശാലയുടെ വിപണന കേന്ദ്രം വേങ്ങേരിയില്‍
പി. പ്രകാശ്
കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വിപണന കേന്ദ്രം കൃഷി വകുപ്പിന്റെ വേങ്ങേരി തടമ്പാട്ടുതാഴത്തുള്ള അർബൻ ഹോൾസെയിൽ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. നേരത്തെ വെള്ളിമാടുകുന്ന് വളരെ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വേങ്ങേരി മാർക്കറ്റിലേക്ക് മാറ്റുന്നതിന് തീരുമാനമായത്. സർവ്വകലാശാലയുടെ പച്ചക്കറി വിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവ രോഗ കീട നിയന്ത്രണോപാധികൾ, ജീവാണു വളങ്ങൾ, പ്രസിദ്ധീകരണങ്ങൾ, വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. കേരളത്തിൻ്റെ പ്രധാന വിളയായ നാളികേരം ഏറ്റവും
കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്തിന് ആവശ്യമായ വിത്തുതേങ്ങയിൽ നല്ലൊരു ഭാഗം സംഭരിക്കുന്നതും തൊട്ടിൽപ്പാലം കുറ്റ്യാടി മേഖലകളിൽ നിന്നാണ്. കുടിയേറ്റ മേഖലയായ കിഴക്കൻ മലയോര പ്രദേശങ്ങൾ, ഇടനാടൻ നെൽവയലുകൾ, തീരപ്രദേശങ്ങൾ എല്ലാം തന്നെ കാർഷിക മേഖലകളാണ്.
എന്നാൽ കർഷകരുടെ സാങ്കേതിക കാര്യങ്ങൾക്ക് ആശ്രയിക്കാൻ കാർഷിക സർവ്വകലാശാലയുടെ ഗവേഷണ കേന്ദ്രം ഇല്ലാത്ത ഒരേ ഒരു ജില്ലയാണ് കോഴിക്കോട്. ബാക്കി 13 ജില്ലകളിലും സർവ്വകലാശാലയുടെ ഏതെങ്കിലും ഗവേഷണ കേന്ദ്രമുണ്ട്. ജില്ലയിലെ കാർഷിക ഗവേഷണ കേന്ദ്രമായ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രസ്തുത വിളകൾ സംബന്ധിച്ച് മാത്രമാണ് എന്ന പരിമിതിയുമുണ്ട്. ജില്ലയിലെ ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ ശ്രദ്ധ പതിയേണ്ട വിഷയമാണിത്.
നേരത്തെ താൽക്കാലിക സംവിധാനം എന്ന നിലയിൽ ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തിക അനുവദിച്ച് വെള്ളിമാട്കുന്ന് വളരെ ഇടുങ്ങിയ മുറിയിലാണ് വിപണന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പുതുതായി രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിച്ച് വേങ്ങേരി മാർക്കറ്റിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ
ഇപ്പോഴും വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. മാർക്കറ്റിൻ്റെ ആറു മുറികളാണ് ഇപ്പോൾ ഉള്ളത്. 10 സെൻ്റ് സ്ഥലം നഴ്സറി ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. അവിടെ മഴമറ നിർമ്മിച്ച് നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഒരു മുറി പരിശീലന ഹാൾ എന്ന നിലയിൽ ഒരുക്കിയിട്ടുണ്ട്.
ഈ കേന്ദ്രത്തിൽ പച്ചക്കറി വിത്തുകളായ ചീര,വെണ്ട, പാവൽ, പടവലം, മത്തൻ, കുമ്പളം, വെള്ളരി, പീച്ചിൽ, വള്ളിപ്പയർ, വഴുതന, മുളക്, തക്കാളി എന്നിവ ലഭ്യമാണ്. വേര് മീലിമൂട്ട, നിമാവിരകൾ എന്നിവയ്ക്ക് എതിരെയുള്ള പോച്ചോണിയ, പെസീലിയോമൈസസ്, ജൈവ പൊട്ടാഷ് വളമായ ബയോപൊട്ടാഷ്, ചെടികളുടെ വേരുകളെ ശക്തിപ്പെടുത്തുന്ന വാം അഥവാ മൈക്കൊറൈസ, രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു
സസ്യങ്ങളുടെ വളർച്ച കൂട്ടുന്ന സ്യൂഡോമോണസ്, ട്രൈക്കോഡെർമ, പുഴുക്കൾ, വാഴയുടെ പിണ്ടിപ്പുഴു എന്നിവക്ക് എതിരെയുള്ള ബ്യൂവേറിയ, പച്ചക്കറിക്കുള്ള മൈക്രോ ന്യൂട്രിയന്റ് മിക്സ് സമ്പൂർണ, വെർമി കമ്പോസ്റ്റ്, മാവിനും പച്ചക്കറികൾക്കും ഉള്ള കായീച്ചകെണി, നീരൂറ്റിക്കുടിക്കുന്ന പ്രാണികൾക്ക് എതിരെയുള്ള ജൈവകീടനാശിനി രക്ഷ എന്നിവയെല്ലാം ഇവിടെ നിന്നും ലഭിക്കും
വിവിധ മാവിനങ്ങൾ, പ്ലാവ്, സപ്പോട്ട, കൊടംപുളി, എന്നിവയുടെ ഗ്രാഫ്റ്റുകൾ, മറ്റു തൈകൾ എന്നിവയും ഇവിടെ ലഭ്യമാണ്. സ്വകാര്യ നഴ്സറികളിൽ ലഭിക്കുന്നവയേക്കാൾ എത്രയോ വിലക്കുറവിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം, കേരള കാർഷിക സർവകലാശാലയുടെ ഉത്പന്നങ്ങളായ നാരങ്ങ അച്ചാർ,
ബനാന ഫ്ലവർ അച്ചാർ, പൈനാപ്പിൾ അച്ചാർ, പപ്പായ അച്ചാർ, ഉണക്ക മാങ്ങാ അച്ചാർ,മാങ്ങാ സ്‌ക്വാഷ്, പൈനാപ്പിൾ സ്‌ക്വാഷ്, ഇഞ്ചി സ്‌ക്വാഷ്, പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, പച്ചമാങ്ങ സ്‌ക്വാഷ്, മഞ്ഞൾപൊടി, ചുക്കുപൊടി എന്നിവയും വേങ്ങേരി കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ ലഭ്യമാണ്.
അസോസിയേറ്റ് പ്രൊഫസർ സൂസൻ ചെറിയാനാണ് കേന്ദ്രത്തിൻ്റെ മേധാവി. അസിസ്റ്റന്റ് പ്രൊഫസർമാരായ ഷിജിനി ഇ. എം, ഡോ. അപർണ രാധാകൃഷ്ണൻ എന്നിവർ ഇപ്പോൾ പുതുതായി എത്തിയതോടെ പരിശീലന പരിപാടികൾ, ഫീൽഡ് സന്ദർശനങ്ങൾ, ഉത്പാദന ഉപാധികളുടെ വിൽപ്പന എന്നിവയിൽ ഏറെ മുന്നിലെത്തിയിട്ടുണ്ട്.
വിപണന കേന്ദ്രം: ഫോൺ: 0495 2935850