വിളക്കിലെ തിരിയായി അഗ്നിപത്രിയുടെ പച്ചഇല
വിളക്കിലെ തിരിയായി ഉപയോഗിക്കാൻ ഇതാ ഒരു ഇല. എണ്ണ വിളക്കു കത്തിക്കാൻ പ്രകൃതി തരുന്ന തിരി എന്നു വേണം ഇതിനെപ്പറയാൻ. അഗ്നിപത്രി, പെരുംതുമ്പ, പാണ്ഡവത്തിരി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സസ്യമാണിത്.
ഈ സസ്യത്തിന്റെ പച്ച ഇലയ്ക്ക് എണ്ണ വലിച്ചെടുക്കാനുള്ള കഴിവുള്ളതുകൊണ്ട് പണ്ടുകാലത്ത് ഇത് നിലവിളക്കിലും മറ്റും തിരിയായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പാണ്ഡവന്മാർ വനവാസകാലത്ത് ഇത് ഉപയോഗിച്ച് വിളക്കു കത്തിച്ചിരുന്നുവത്രെ. ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഇതിന്റെ ഇല കൈയിലിട്ട് തിരിച്ച് തിരിയുടെ രൂപത്തിലാക്കി നിലവിളക്കിലും മറ്റും ഇട്ട് എണ്ണയൊഴിച്ച് കത്തിക്കാം.
എണ്ണ തീരും വരെ ഇത് തെളിഞ്ഞ് കത്തും. പച്ചത്തിരി കത്തുന്നത് കാണാൻ കൗതുകമാണ്. പാണ്ഡവ ബത്തി എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ഇത് ഉപയോഗിച്ചു വരുന്നതായി ഇത് കൃഷി ചെയ്യുന്ന കണ്ണൂർ മട്ടന്നൂരിനടുത്ത ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി പറയുന്നു. ഇതിന്റെ തൈകൾ ഷിംജിത്ത് വില്പന നടത്തുന്നുമുണ്ട്.