ഉപേക്ഷിച്ച ഫ്രിഡ്ജ് വർണ്ണ താമര പൊയ്കയായി
കോഴിക്കോട് പേരാമ്പ്രയിലെ സർക്കാർ ഫാമിലേക്ക് വരൂ, പഴയ കുറേ ഫ്രിഡ്ജ് ഇവിടെ താമരപൊയ്കയായി മാറിയിരിക്കുന്നത് കാണാം. വർണ്ണഭംഗിയോടെ താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച കൗതുകം തന്നെ. താമരയും കൃഷി വിളയായി മാറുന്ന കാലത്താണ് ഈ പരീക്ഷണം. ഫാമിൻ്റെ ചുമതല വഹിക്കുന്ന കൃഷി അസി. ഡയരക്ടർ പി.പ്രകാശിൻ്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് ഇപ്പോൾ പൂവിട്ടിരിക്കുന്നത്.
താമര പാടങ്ങളിൽ മാത്രമല്ല, വീടുകളിലെ പൂന്തോട്ടങ്ങളിലും അടുത്ത കാലത്തായി സ്ഥലം പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു കൗതുകത്തിനാണ് ഉപേക്ഷിച്ച ഫ്രിഡ്ജുകളിൽ താമര വളർത്തിയ തെന്ന് പ്രകാശ് പറയുന്നു.
വിത്ത് ശേഖരിച്ച് ചെലവ് കുറഞ്ഞ രീതി എന്ന നിലയിലാണ് പഴയ ഫ്രിഡ്ജുകൾ ഉപയോഗപ്പെടുത്തിയത്.
ഫ്രിഡ്ജിൻ്റെ പെട്ടിയിൽ കൃഷി ചെയ്യുന്നതിനായി ഏറ്റവും അടിയിലായി മണ്ണും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കൂട്ടിയിളക്കിയ മിശ്രിതം നിരത്തി. അതിന് മുകളിലായി വയലിലെ ചെളി നിറച്ചു. ഇവ തമ്മിൽ കൂട്ടിക്കലർത്തേണ്ടതില്ല. അല്പം വെള്ളമൊഴിച്ച് ചെളിയിൽ കിഴങ്ങുകൾ പാകി. പിന്നീട് ഘട്ടം ഘട്ടമായി വെള്ളം നിറച്ചു. താമസിയാതെ കിഴങ്ങുകൾ മുളച്ചു. ഇപ്പോൾ മൊട്ടിട്ട് പൂവുകൾ വിരിയാൻ തുടങ്ങി.
പിങ്ക് ക്ലൗഡ്, ഗ്രീൻ ആപ്പിൾ എന്നീ ഇനങ്ങളാണ് പൂവിട്ടത്. കൂടെ ചില ആമ്പൽ ഇനങ്ങളും നട്ടു. ഒരു പരീക്ഷണമെന്ന നിലയിലാണ് താമര വളർത്തിയത്. കൂടുതൽ ഇനങ്ങളുടെ ശേഖരവുമായി കുറച്ചു കൂടി ഇത് വിപുലപ്പെടുത്താനും പദ്ധതിയുണ്ട് – പ്രകാശ് പറഞ്ഞു.