സിയാലിൻ്റെ പയ്യന്നൂർ സൗരോർജ പ്ലാന്റ് ഉദ്ഘാടനം 6ന്
രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാൻ്റാണ് പയ്യന്നൂരിലേത്. ഭൂമിയുടെ ഘടനയെ കൃത്യതയോടെ ഉപയോഗിക്കുന്നതിനാൽ ഇത്തരം പ്ലാന്റ്‌റുകൾക്ക് നിരപ്പാർന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാൾ 35 ശതമാനത്തിലധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. പയ്യന്നൂർ പ്ലാന്റിൽ നിന്ന് മാത്രം പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും.
സോളാർ കാർ പോർട്ട് ഉൾപ്പെടെ കൊച്ചി വിമാനത്താവള പരിസരത്തുള്ള എട്ട് സൗരോർജ പ്ലാന്റുകൾ നിലവിൽ സിയാലിന്റെ സൗരോർജ പദ്ധതിയുടെ ഭാഗമാണ്. പയ്യന്നൂർ പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി ഉയരും. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതിയാണ് സിയാലിന് ലഭിക്കുക. വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.
2021 നവംബറിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അരിപ്പാറ ജലവൈദ്യുത നിലയത്തിൽ നിന്നും സീസണിൽ പ്രതിദിനം ലഭിക്കുന്ന ഒരു ലക്ഷം യൂണിറ്റ് വൈദ്യുതിക്ക് പുറമെയാണിത്. 2015-ൽ വിമാനത്താവളം ഊർജ
സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതോൽപ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
ഊർജ സ്വയംപര്യാപ്തതയുള്ള സ്ഥാപനം എന്നതിലപ്പുറം ഊർജോത്പാദകരായി സിയാൽ മാറുകയാണ്. നിരവധി സവിശേഷതകളുള്ള പ്ലാന്റാണ് പയ്യന്നൂരിലേത്. ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാർപാനലുകൾ സ്ഥാപിക്കുന്ന രീതിയാണ് പയ്യന്നൂരിൽ സിയാൽ സ്വീകരിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകതരത്തിൽ രൂപകൽപ്പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത് – എസ്.സുഹാസ് കൂട്ടിച്ചേർത്തു.
46 ലക്ഷം വൃക്ഷങ്ങൾക്ക് തുല്യം
പരമ്പരാഗത ഊർജ്ജ സ്രോതസ്സിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിയും പരിസ്ഥിതിക്ക് ഏറെ ഹാനികരമാകുമ്പോൾ സൗരോർജ വൈദ്യുതി ഉത്പാദനം പരിസ്ഥിതി സൗഹാർദ്ദമാകുന്നു. 50 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ പ്ലാന്റ്‌റുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദന പ്രക്രിയക്ക് പ്രതിവർഷം 28000 മെട്രിക് ടൺ കാർബൺഡയോക്‌സൈഡ് ബഹിർഗമനം കുറയ്ക്കാൻ സാധിക്കും.
ഒരുകോടി ലിറ്റർ ഫോസിൽ ഇന്ധനങ്ങൾ എരിച്ചു കളയാതിരിക്കുന്നതിനും 7000 കാറുകൾ ഒരു വർഷം നിരത്തിൽ ഉപയോഗിക്കാതിരിക്കുന്നതിനും തുല്യമാണിത്. കൂടാതെ 46 ലക്ഷം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് 10 വർഷം കൊണ്ട് ലഭ്യമാക്കപ്പെടുന്ന വായുവിന് തുല്യമാണിത്.
സോളാർ പാനലുകളിലൂടെ ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന് പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം പദ്ധതികൾ കാർബൺ പാദമുദ്ര കുറക്കുക വഴി പരിസ്ഥിതിക്ക് ഗുണകരമാകുന്നു. വിമാനത്താവള പരിസരത്തുള്ള പ്ലാന്റുകളും പയ്യന്നൂർ സൗരോർജ നിലയവും ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി സംസ്ഥാന വൈദ്യുതി ബോർഡിന്റെ പവർ ഗ്രിഡിലേക്ക് നൽകുകയും ആവശ്യമുള്ളപ്പോൾ തിരിച്ചു ലഭിക്കുകയും ചെയ്യുന്ന പവർ ബാങ്കിങ് സമ്പ്രദായമാണ് സിയാൽ നടപ്പിലാക്കുന്നത്.
വിമാനത്താവളം പോലേയുള്ള വൻകിട ഊർജ ഉപഭോക്താക്കൾക്ക് ഹരിത ഊർജം എങ്ങനെ ഉപയുക്തമാക്കാം എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത സ്ഥാപനമാണ് സിയാൽ. ഈ നേട്ടത്തിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ചാമ്പ്യൻസ് ഓഫ് എർത്ത് ബഹുമതിയ്ക്ക് സിയാൽ അർഹമായിരുന്നു.
പയ്യന്നൂർ പ്ലാൻ്റ് സ്ഥാപിതമായതോടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സുസ്ഥിരവികസന യാത്ര പുതിയ ദിശയിലേക്ക് കുതിക്കുകയാണ്.
Great effort… Kudos to CIAL…
We must replicate this all over Kerala…Costs will come down. Privatise KSEB…It may be in the right direction to make the state GOD’S OWN…..