കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
ഡൽഹിയെ ന്യൂഡൽഹിയാക്കിയപോലെ കാലിക്കറ്റിനെ ന്യൂ കാലിക്കറ്റാക്കാനുള്ള പ്രവർത്തനമാണ് നടന്നുവരുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കനാൽ സിറ്റി പദ്ധതിയടക്കം സമയബന്ധിതമായി
പൂർത്തീകരിക്കും. ഒരാൾക്കും ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് ആയിരം കോടിയിലധികം ചെലവുവരുന്ന പദ്ധതി നടപ്പാക്കുക. ബേക്കൽ മുതൽ കോവളം വരെ കനാലുകൾ ബന്ധിപ്പിച്ച് വികസിപ്പിക്കുന്നതോടെ ചരക്കുനീക്കവും ടൂറിസവും സാധ്യമാവും. ഇത് വലിയമുന്നേറ്റമാകുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്‍റെ സുവർണ ജൂബിലി ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അനീതിക്കും അഴിമതിക്കും അധാർമികതക്കുമെതിരെ അലാറമടിക്കുന്നപോലെ നിലകൊള്ളുന്നവരാണ് മാധ്യമങ്ങൾ. തെറ്റായ കാര്യങ്ങൾക്കെതിരെ ജനങ്ങളുടെ പ്രതികരണം ഉയർത്തിക്കാണ്ടുവരുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് പറയുമ്പോൾ ആ
കാവൽക്കാരുടെ മുന്നിൽ നിൽക്കുന്നവരാണ് മാധ്യമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്‍റെ ഹെൽത്ത് കാർഡ് വിതരണോദ്ഘാടനവും മിംസ് ഹോസ്പിറ്റൽ പീഡിയാട്രിക് ന്യൂറോസയൻസ് വിഭാഗത്തിന് ലഭിച്ച ‘സെന്‍റർ ഫോൻ എക്സലൻസ് ഫോർ റെയർ ഡിസീസസ്’ അംഗീകാര പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്‍റ് എം. ഫിറോസ് ഖാൻ അധ്യക്ഷതവഹിച്ചു. ആസ്റ്റർ മിംസ് കേരള, ഒമാൻ റീജ്യനൽ ഡയറക്ടർ ഫർഹാൻ യാസീൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി. കുട്ടൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ സി.എം.കെ. പണിക്കർ, പി.. ദാമോദരൻ, കെ. ബാബുരാജ്, കെ. പ്രേമനാഥ്, എം. സുധീന്ദ്രകുമാർ, മിംസ് ഹോസ്പിറ്റലിലെ ഡോ. ഇ.കെ. സുരേഷ് കുമാർ, ഡോ. ജ്യോതി മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. തൃശ്ശൂർ സ്വദേശി മുജീബുറഹ്മാനാണ് സുവർണജൂബിലി ലോഗോ രൂപകല്പന ചെയ്തത്.