ഒ.എൻ.ജി.സി.യിലെ എണ്ണ പര്യവേക്ഷകർ; ആ പ്രിയപ്പെട്ട ആറു പേർ
കാവേരി തടത്തിലെ ഒ.എൻ.ജ.സിയുടെ എണ്ണപ്പാടങ്ങളുടെ ബേസിൻ മാനേജരായിരുന്ന കെ.മുരളീധരൻ കാസർകോട്ടുകാരനാണ്. കേരളത്തിൽ നിന്ന് ബേസിൻ മാനേജരാകുന്ന രണ്ടാമത്തെ ജിയോളജിസ്റ്റ്. കാസർകോട് ഗവ.കോളേജിൽ എൻ്റെ സീനിയറായി എം.എസ്സ്.സി. ജിയോളജി പഠിച്ച മുരളീധരൻ ഒ.എൻ.ജി.സി. ഗ്രൂപ്പ് ജനറൽ മാനേജർ പദവിയിലിരിക്കെയാണ് ഈ ഉന്നത സ്ഥാനത്തെത്തുന്നത്. എക്സിക്കുട്ടീവ് ഡയരക്ടർ പദവിയും മുരളീധരനുണ്ട്.
എൻ്റെ സീനിയറായി എം.എസ്സ്.സി. പഠിച്ച ആറു പേർ ഒരേ കാലത്ത് ഒ.എൻ.ജി.സിയുടെ ജനറൽ മാനേജറും ചീഫ് ജനറൽ മാനേജരുമായിരുന്നു.
കാസർകോട് ഗവ.കോളേജിന് കിട്ടിയ അപൂർവ്വ ബഹുമതിയും പ്രശസ്തിയുമാണിത്. മുരളീധരനെ കൂടാതെ എൻ. അശോക് കുമാർ, ശ്രീനിവാസ ഭട്ട് പാഡൂർ, ശശിധരൻ കിണറ്റുകര, എം.വിശ്വനാഥൻ നമ്പ്യാർ, കെ.ഗോപകുമാർ എന്നിവരാണ് ഈ പദവിയിലെത്തിയവർ. ഇതിൽ മുരളീധരൻ ഒഴികെ ബാക്കിയെല്ലാവരും അടുത്ത കാലത്ത് വിരമിച്ചു. കടലിലും കരയിലുമായി എണ്ണ പര്യവേക്ഷണത്തിൽ ഏർപ്പെട്ട ഇവർക്കെല്ലാം ഒട്ടേറെ അനുഭവങ്ങൾ പറയാനുണ്ട്. ഇവരുടെ പഠനങ്ങൾ കാവേരി, കൃഷ്ണ -ഗോദാവരി, അസം, ബോംബെ ഓഫ്ഷോർ എന്നിവിടങ്ങളിലെല്ലാം എണ്ണ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.
കരകാണാക്കടലിലെ എണ്ണ ഖനന റിഗ്ഗിൽ ദിവസങ്ങൾ എണ്ണിയെണ്ണി കഴിച്ചുകൂട്ടുമ്പോൾ ഇവരെല്ലാം പല അപകടങ്ങൾക്കും ദൃക്സാക്ഷികളായിട്ടുണ്ട്. ധൈര്യവും വിശദമായ ആസൂത്രണവുമൊക്കെ കൊണ്ടാണ് പല പ്രതിസന്ധികളും തരണം ചെയ്തത്. ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ പഠിച്ച് ഉന്നതങ്ങളിലെത്തിയവരാണിവർ. മിക്കവരും കർഷക കുടുംബത്തിൽ ജനിച്ചവർ. എൺപത് കാലഘട്ടത്തിൽ ഒ.എൻ.ജി സി യിൽ വലിയ തോതിൽ നിയമനം നടന്നിരുന്നുവെങ്കിലും പിന്നീട് ഇത് വളരെ കുറഞ്ഞു. പിന്നീടങ്ങോട്ട് ജിയോളജിസ്റ്റുകൾ വിദേശ എണ്ണ ഖനന കമ്പനികളിലേക്കാണ് ചേക്കേറിയത്. ദക്ഷിണേന്ത്യയിലെ ഒ.എൻ.ജി.സിയുടെ എണ്ണഖനന മേഖലയിലെ പ്രധാനപ്പെട്ട
പ്രദേശമാണ് കാവേരി തടം. കർണ്ണാടകയിലെ പശ്ചിമഘട്ട പ്രദേശത്തു നിന്ന് ഉത്ഭവിക്കുന്ന കാവേരി നദി കടലിൽ ചേരുന്ന തീരദേശത്താണ് എണ്ണ നിക്ഷേപം ഏറെയുള്ളത്. ഈ തടം 2.4 ലക്ഷം ചതുരശ്ര കിലോ മീറ്റർ പ്രദേശമാണ്. ഇതിൽ 38000 ചതുരശ്ര കിലോമീറ്റർ കരപ്രദേശവും
ബാക്കി കടലിൻ്റെ അടിത്തട്ടുമാണ്. കഴിഞ്ഞവർഷം അവസാനം മുരളീധരൻ എം.ബി.എ. (മഹാനദി – ബംഗാൾ- അന്തമാൻ) ബേസിൻ മാനേജരായി കൊൽക്കത്തയിൽ നിയമിതനായി. കാസർകോട് ബേടകത്തെ
പരേതരായ കാമലോൺ ലക്ഷ്മി അമ്മയുടെയും കർഷകനായിരുന്ന കുഞ്ഞിരാമൻ നായരുടെയും മകനാണ് മുരളീധരൻ. മുന്നാട് യു.പി.സ്ക്കൂളിലും കാസർകോട് ഗവ.ഹൈസ്ക്കൂളിലുമാണ് പഠിച്ചത്. 1985 ലാണ് ഒ.എൻ.ജി.സിയിൽ ചേർന്നത്.
ജനറൻ മാനേജറായി വിരമിച്ച എൻ. അശോക് കുമാർ ഡെറാഡൂൺ, ബോംബെ ഓഫ്ഷോർ, കാരയ്ക്കൽ, ഖത്തര്‍ എന്നിവിടങ്ങളിൽ ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ബേത്തൂർപ്പാറ പരേതരായ നാരന്തട്ട ശാരദ അമ്മയുടെയും കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കൃഷ്ണൻ നായരുടെയും മകനാണ്. ബേത്തൂർപ്പാറ എ.എൽ.പി.
സ്ക്കൂളിലായിരുന്നു പ്രാഥമിക പഠനം. കുറ്റിക്കോൽ വരെ നാലു കിലോമീറ്റർ നടന്നുപോയി പിന്നീട് ബസ്സിൽ എട്ട് കിലോമീറ്റർ പോയി അവിടെ നിന്ന് വീണ്ടും നടന്ന് ബന്തടുക്ക ഹൈസ്ക്കൂളിൽ പഠിച്ചതിൻ്റെ ഓർമ്മകൾ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ചു. കോളേജ് അധ്യാപകനായും മൈനിങ് ആൻ്റ് ജിയോളജി വകുപ്പിൽ ജിയോളജിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
മാരത്തോൺ, സൈക്ലിങ് എന്നിവയിൽ അന്തർദേശീയ തലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയ ശ്രീനിവാസ ഭട്ട് പാഡൂർ 1984 ലാണ് ഒ.എൻ.ജി.സിയിൽ ചേർന്നത്. കോളേജ് അധ്യാപകനായി പ്രവർത്തിക്കെയാണ് നിയമനം കിട്ടിയത്. ചട്ടഞ്ചാൽ ബണ്ടിച്ചാലിനടുത്ത കർഷക കുടുംബത്തിൽ ജനിച്ച ശ്രീനിവാസ ഭട്ട് കർഷകനായ കൃഷ്ണ
ഭട്ടിൻ്റെയും രുഗ്മിണി അമ്മയുടെയും മകനാണ്. ചെറുപ്പത്തിൽ വീട്ടിലെ കൃഷിപ്പണികൾ ചെയ്ത ശേഷം ദീർഘ ദൂരം നടന്നാണ് സ്ക്കൂളിൽ പോയിരുന്നത്. തെക്കിൽപറമ്പ ഗവ.യു.പി സ്ക്കൂൾ ചെമ്മനാട് ഗവ.ഹൈസ്ക്കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. കോളേജ് അധ്യാപകനായിരിക്കെയാണ് ഒ.എൻ.ജി.സി.യിൽ ചേരുന്നത്. ഡെറാഡൂൺ, അസം, ബോംബെ ഹൈ, വഡോദര എന്നിവിടങ്ങളിൽ പ്രവർത്തിച്ച് ജനറൽ മാനേജർ സ്ഥാനത്തെത്തി 2020 ലാണ് വിരമിച്ചത്.
ഈ വർഷം ജനവരിയിൽ ജനറൽ മാനേജർ സ്ഥാനത്തു നിന്ന് വിരമിച്ച എം.വിശ്വനാഥൻ നമ്പ്യാർ പെരിയയ്ക്ക്
അടുത്ത പനയാൽ സ്വദേശിയാണ്. പരേതരായ കോടോത്ത് ചിണ്ടൻ നായരുടെയും മാവില ഭാർഗ്ഗവി അമ്മയുടെയും മകൻ. മുത്തച്ഛൻ കൂക്കള്‍ ചിണ്ടന്‍ നായര്‍ സ്ഥാപിച്ച പനയാൽ ശ്രീ. മഹാലിംഗേശ്വര എ.യു.പി. സ്കൂളിലും പെരിയ ഗവ.ഹൈസ്ക്കൂളിലുമായിരുന്നു പഠനം.1989 ലാണ് ഒ.എൻ.ജി.സി.യിൽ ചേർന്നത്. ഡെറാഡൂൺ, ബോംബെ ഓഫ് ഷോർ, അഗർത്തല, കാരയ്ക്കൽ എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചത്.
ചീഫ് ജനറൽ മാനേജരായിരുന്ന ശശിധരൻ കിണറ്റുകര പൊന്നാനി കോട്ടത്തറ സ്വദേശിയാണ്.പൊന്നാനി എ.വി. ഹൈസ്ക്കൂളിലും
എം.ഇ.എസ്.കോളേജിലുമായിരുന്നു പഠനം. തമിഴ്നാട് വൈദ്യുതി ബോർഡിൽ അക്കൗണ്ട്സ് ഓഫീസറായിരുന്ന പരേതനായ കെ.ടി.ബാലകൃഷ്ണൻ നായരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകൻ.1989 ലാണ് ഒ.എൻ.ജി.സി.യിൽ എത്തിയത്. ഡെറാഡൂൺ, അസം, ബോംബെ ഓഫ് ഷോർ, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്ത് ചീഫ് ജനറല്‍ മാനേജറായി കഴിഞ്ഞ മെയ് മാസത്തിലാണ് വിരമിച്ചത്.
തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ചു വളർന്ന കെ.ഗോപകുമാർ പത്തനംതിട്ട കാത്തൊലിക്കേറ്റ് കോളേജിൽ മലയാളം അധ്യാപകനായിരുന്ന പരേതനായ കുമാരൻ നായരുടെയും പരേതയായ
മാധവിക്കുട്ടിയുടെയും മകനാണ്. പത്തനംതിട്ടയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തിരുവനന്തപുരം സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലും ഗവ. ആർട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലുമാണ് പഠിച്ചത്. എം.എസ്സ്.സി. പഠിച്ചത് കാസർകോട് ഗവ.കോളേജിലാണ്. അഹമ്മദാബാദ്, അസം, ഡെറാഡൂൺ, ചെന്നൈ എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചത്. ഗ്രൂപ്പ് ജനറല്‍ മാനേജറായി കഴിഞ്ഞ സപ്തംമ്പറിലാണ് വിരമിച്ചത്. എണ്ണ ഖനന രംഗത്തെ അനുഭവ സമ്പത്തുമായി പുതിയ തലമുറയ്ക്ക് വിജ്ഞാനം പകരാൻ ഈ ജിയോളജിസ്റ്റുകൾ ഇനി കേരളത്തിലുണ്ടാകും.
Beautiful bio-pic remembrance of these unsung heroes of Oil and natural gas production should enthuse and motivate the young geologists. ONGC being one of the Richest Navarathna companies in the country, the role and contribution of these geologists in the nation building and national economy is paramount. But the geologists who identified and mapped the richest economical resource of nation never used to get the due credit since the production goes to others hands. That is why I mentioned them as unsung heroes. Happy that all mentioned here are my seniors with whom I have a good friendship from college days itself, two of them being stayed together with me and others as my teachers or friends. During 2017 at Dehradun I could meet three of them Ashokan sir, Vishwan and Gopan together having memorable time together. Trust our youngsters will utilise and benefit with their experience in future. I wish all of these great geologists a great time ahead