മാന്നാറിൻ്റെ കരവിരുതിൽ പിറന്ന ഭീമൻ വാർപ്പ് ഇനി ഗുരുവായൂരിൽ

വെങ്കല പാത്ര നിർമ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിൽ നിർമ്മിച്ച ഭീമൻ വാർപ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു. പാലക്കാട് സ്വദേശി കെ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബമാണ് വഴിപാടായി നാലു കാതുള്ള ഭീമൻ വാർപ്പ് സമർപ്പിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കുക ഇനി ഈ വാർപ്പിലാണ്. ഞായറാഴ്ച രാവിലെ ശീവേലിക്കു ശേഷം 

ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്ര തന്ത്രിയുമായ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജകൾക്കു ശേഷം വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിച്ചു. ഉത്സവത്തിൻ്റെ എട്ടാം വിളക്കു ദിവസം ഈ വാർപ്പിലാണ് പായസം തയ്യാറാക്കുക.

വാർപ്പിന് രണ്ടു ടണ്‍ ഭാരമുണ്ട്. പതിനേഴര അടി വ്യാസവും. ഇതിൽ ആയിരം ലിറ്റർ പായസം ഉണ്ടാക്കാം. പൂർണമായും ശുദ്ധ

വെങ്കലത്തിലാണ് നിർമ്മാണം. മാന്നാർ പരുമല കാട്ടുമ്പുറത്ത് അനന്തൻ ആചാരി, മകൻ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തിൽ നാല്‍പ്പത്‌ തൊഴിലാളികളുടെ രണ്ടു മാസത്തെ അധ്വാനത്തിൻ്റെ ഫലമാണ് ഈ വാർപ്പ്.

സമർപ്പണ ചടങ്ങിൽ വഴിപാടുകാരനായ കെ.കെ.പരമേശ്വരൻ നമ്പൂതിരി

കുടുംബസമേതം എത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി. മോഹന കൃഷ്ണൻ ,
അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ.

Leave a Reply

Your email address will not be published. Required fields are marked *