കേരളത്തിൽ ഉപയോഗിച്ചത് 100 കോടി രൂപയുടെ കയർ ഭൂവസ്ത്രം
കയർ മേഖലക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് കേരളത്തിലെ കയർ ഭൂവസ്ത്ര പദ്ധതി. 2017-2021 കാലഘട്ടത്തിൽ ഏകദേശം 350 കോടി രൂപയുടെ അസംസ്‌കൃത ഘടകങ്ങൾ വിവിധ പദ്ധതികൾ വഴി ഉപയോഗപ്പെടുത്തിയതിൽ 100 കോടി രൂപയുടെ കയർ ഭൂവസ്ത്രം സംസ്ഥാനത്ത് വിനിയോഗിച്ചു.
2021-22 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കയർ കേരളയുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം 121 കോടി രൂപയുടെ കയർ ഭൂവസ്ത്രം വാങ്ങാൻ ഓർഡർ നൽകിയിരുന്നു. അതിൽ ഇതുവരെ 40 കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കി. ഏകദേശം 8.5 കോടി രൂപ മൂല്യമുള്ള 11.5 ദശലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രത്തിന്റെ ഓർഡറുകൾ 2022 ഫെബ്രുവരിയിൽ ആരംഭിച്ച ക്യാമ്പയിനിലൂടെ മാത്രം ലഭിച്ചെന്നത് കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണ്, ജല പദ്ധതികൾക്കുള്ള അംഗീകാരമാണ്.
പുത്തൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കയർ വകുപ്പ് നടപ്പാക്കുന്ന സുപ്രധാന കാൽവെയ്പാണ് കയർ ഭൂവസ്ത്രം പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിൽ നടപ്പാക്കുന്ന പദ്ധതി പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം കയർ മേഖലക്ക് പുതിയ ഉണർവ്വാണ്.
2017ലാണ് കയർ ഭൂവസ്ത്ര പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മണ്ണ്, ജല സംരക്ഷണ
പദ്ധതികളിലും റോഡ് നിർമ്മാണത്തിലും കയർ ഭൂവസ്ത്രം ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന കയർ ഭൂവസ്ത്രം കയർഫെഡ്, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഭരിച്ച് നൽകുന്നു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 584 കയർ സഹകരണ സംഘങ്ങളിൽ നിർമ്മിക്കുന്ന കയർ ഉപയോഗിച്ച് ഉല്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന മാറ്റ്‌സ് & മാറ്റിംഗ്‌സ് സംഘങ്ങളും ചെറുകിട ഉല്പാദക സംഘങ്ങളും കയർ ഭൂവസ്ത്രനിർമ്മാണം നടത്തുന്നു. ഈ മേഖലയിലെ തൊഴിലാളികൾക്ക് മികച്ച വരുമാനം നേടി കൊടുക്കുന്നതിന് ഏറെ സഹായകരമാണ് ഈ പദ്ധതി.
95 ശതമാനം സ്ത്രീകളുടെ പങ്കാളിത്തമുള്ള കയർപിരി മേഖലയിൽ നിന്നുള്ള കയർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭൂവസ്ത്രം 95 ശതമാനം സ്ത്രീകളുടെ പ്രാതിനിധ്യമുള്ള തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തികളുടെ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നതു വഴി സ്ത്രീശാക്തീകരണവും സാധ്യമാകുന്നു. ഇതിനകം മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും കയർ ഭൂവസ്ത്രത്തിനു ഓർഡർ ലഭിച്ചു കഴിഞ്ഞു എന്നത് ഈ പദ്ധതിയുടെ സ്വീകാര്യത വ്യക്തമാക്കുന്നു.